UPDATES

പെഹ്‌ലു ഖാനും മക്കൾക്കുമെതിരെ കുറ്റപത്രം ബിജെപി ഭരണകാലത്തെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ; ആവശ്യമെങ്കിൽ പുനരന്വേഷിക്കും: ഗെലോട്ട്

2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടത്.

ഗോരക്ഷകരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മക്കള്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരണമറിയിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേസന്വേഷണം നടന്നത് ബിജെപി സർക്കാരിന്റെ കാലത്താണെന്നും അതിനെ ആധാരമാക്കിയുള്ള കുറ്റപത്രമാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. നടപടികളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനരന്വേഷണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പെഹ്‌ലു ഖാനെതിരെയാണ് പശുക്കളെ കടത്തിയതിന് രാജസ്ഥാൻ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി അധികാരത്തിലിരുന്ന കാലത്ത് നടന്നതാണ് പെഹ്‌ലു ഖാന്റെ കൊലപാതകം. ഇപ്പോൾ കോൺഗ്രസ്സാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയുടെ അതേ നിലപാട് കോൺഗ്രസ് സർക്കാർ തുടരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം.

കോൺഗ്രസ് സർക്കാരിൽ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് പെഹ്‌ലു ഖാന്റെ കുടുംബം പ്രതികരിച്ചു. ‘എന്റെ പിതാവിനെ ആളുകൾ തല്ലിക്കൊന്നതാണ്. ഞങ്ങൾക്കെതിരായ കേസ് കോൺഗ്രസ് സർക്കാർ ഒഴിവാക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അവർ പിതാവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്,’ പെഹ്‌ലു ഖാന്റെ മകൻ ഇർഷാദ് പറഞ്ഞു. ഇർഷാദും, പെഹ്‌ലു ഖാന്റെ മറ്റൊരു മകനായ ആരിഫും പശുക്കടത്തിൽ കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു.

പശുക്കളെ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് പെഹ്‌ലു ഖാനെ ഗോരക്ഷകർ തല്ലിക്കൊന്നത്. പശുക്കളെ കറവ ആവശ്യത്തിന് വാങ്ങി വരികയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ അറുക്കാൻ കൊണ്ടുപോകുകയായിരുന്നെന്നാണ് ഗോരക്ഷകർ ആരോപിച്ചത്. ദണ്ഡകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

2018ൽ പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊല കേസിലെ സാക്ഷികള്‍ക്ക് നേരെ കോടതിയിലേയ്ക്ക് പോകുംവഴി വെടിവയ്പ് നടന്നിരുന്നു. പെഹ്‌ലു ഖാന്റെ രണ്ട് ആണ്‍മക്കള്‍ അടക്കമുള്ളവര്‍ക്ക് നേരെയാണ് ആല്‍വാറില്‍ വെച്ച് വെടിവെപ്പുണ്ടായത്. 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്നു 55കാരനായ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനും മക്കളും അടങ്ങുന്ന സംഘം. ഗുരുതരമായി പരിക്കേറ്റ പെഹ്ലു ഖാന്‍ രണ്ട് ദിവസത്തിന് ശേഷം മരിച്ചു. പെഹ്ലു ഖാന്‍ വധം രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍