UPDATES

ട്രെന്‍ഡിങ്ങ്

മരുന്നിനായി വിമാനം പിടിക്കേണ്ട അവസ്ഥ; കാശ്മീരില്‍ ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

പൊതുഗതാഗതവും ആശയവിനിമയവും സാധ്യമല്ലാത്തതാണ് മരുന്നുകളുടെ ലഭ്യതയ്ക്കും തടസ്സം

പ്രത്യേകപദവി നീക്കം ചെയ്തതിന് പിന്നാലെ ജനജീവിതം ദുസ്സഹമായെന്ന് വാര്‍ത്തകള്‍ വരുന്ന കാശ്മീര്‍ താഴ്‌വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്‌വരയില്‍ അടച്ചിട്ടിരിക്കുന്നതെങ്കിലും ദൗര്‍ലഭ്യം മൂലം പലയിടങ്ങളിലും ജീവന്‍രക്ഷാ മരുന്നകള്‍ ലഭ്യമല്ല.

തന്റെ അമ്മയുടെ പ്രമേഹത്തിനുള്ള മരുന്നിന്റെ കുറിപ്പുമായി ചൊവ്വാഴ്ച മുതല്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങുന്ന സാജിദ് അലിയെക്കുറിച്ചുള്ള വാര്‍ത്ത ന്യൂസ് 18 ആണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു ആന്‍ഡ് കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതോടെ താഴ്‌വരയിലെ ജീവിതങ്ങള്‍ തടവിലാക്കപ്പെട്ട നിലയിലാണ്. വിപണികളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങളുടെ പോലും ലഭ്യതക്കുറവുണ്ട്.

പൊതുഗതാഗതവും ആശയവിനിമയവും സാധ്യമല്ലാത്തതാണ് മരുന്നുകളുടെ ലഭ്യതയ്ക്കും തടസ്സം. ഒരു പ്രാദേശിക ആശുപത്രിയുടെ ആംബുലന്‍സിലാണ് അലി മരുന്നിനായി ശ്രീനഗര്‍ മുഴുവന്‍ സഞ്ചരിച്ചത്. മൂന്ന് മണിക്കൂറോളം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും മരുന്ന് ലഭിച്ചില്ല. തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയാണ് അലി മരുന്ന് വാങ്ങി മടങ്ങിയത്. ഒരുമാസത്തേക്കുള്ള മരുന്ന് ഒരുമിച്ചാണ് വാങ്ങിയിരിക്കുന്നതെന്നും അലി വ്യക്തമാക്കി.

ബിസിനസുകാരനായ തനിക്ക് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍ സാധിച്ചെങ്കിലും പാവപ്പെട്ടവര്‍ എന്തുചെയ്യുമെന്ന് അലി കുപിതനായി ചോദിക്കുന്നു. അതേസമയം ജീവന്‍ രക്ഷാ മരുന്നുകളുടെ സ്റ്റോക്ക് തീര്‍ന്നെന്നാണ് താഴ്‌വരയിലെ മരുന്ന് വിതരണക്കാര്‍ പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണ്.

നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള അവസാന നഗരമായ ഉറിയിലെ പ്രധാന ഫാര്‍മസിയായ മാലിക്ക് മെഡിക്കല്‍ ഹാളില്‍ പോലും മരുന്നുകള്‍ പലതും ലഭ്യമല്ല. ഓഗസ്റ്റ് അഞ്ചിന് ശേഷം തങ്ങള്‍ക്ക് പുതിയ ലോഡ് ഒന്നും വന്നിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ തേടി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഈ മെഡിക്കല്‍ സ്റ്റോറില്‍ വന്ന് പോകുന്നത്. മരുന്നുകളുടെ ദൗര്‍ലഭ്യതയില്‍ രോഗികള്‍ കുപിതരാണ്. താന്‍ കഴിഞ്ഞ ഒരാഴ്ചയായി അച്ഛനുള്ള ഇന്‍സുലിന്‍ അന്വേഷിച്ച് നടക്കുകയാണെന്നും എന്നാല്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഉറിയിലെ നംല ഗ്രാമവാസിയായ മൊഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

ഭക്ഷണവും ഇന്ധനവും ലഭ്യമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാര്‍ അതേസമയം മരുന്നുകളുടെ ദൗര്‍ലഭ്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. മറ്റെന്തിനേക്കാളും പ്രധാനമാണ് മരുന്നുകളുടെ ലഭ്യതയെന്നും മരുന്നില്ലാതെ തങ്ങള്‍ മരിക്കാന്‍ പോകുകയാണെന്നും ഇസ്മായില്‍ പറയുന്നു. തങ്ങളുടെ കൈവശം മുപ്പത് ശതമാനം സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളതെന്നും ഓഗസ്റ്റ് അഞ്ചിന് ശേഷം ഡല്‍ഹിയില്‍ നിന്നും വിതരണമൊന്നും ഉണ്ടായിട്ടില്ലെന്നും ബതാമല്ലു പ്രദേശത്തെ മുഖ്യ മരുന്ന് വിതരണക്കാരായ ഇഎഫ്എഫ് എഎവൈ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ മന്‍സൂര്‍ അഹമ്മദും വ്യക്തമാക്കി. ആശയവിനിമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനും തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നു.

കാശ്മീരില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഇതുപോലൊരു മരുന്ന് പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നാണ് മന്‍സൂര്‍ പറയുന്നത്. ആശയവിനിമയത്തിന്റെ അഭാവമാണ് മരുന്ന് വിതരണത്തെയും ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വിതരണക്കാരുമായി ആശയവിനിമയം നടത്താനും സാധിക്കുന്നില്ല. ഉയര്‍ന്ന ചാര്‍ജ്ജ് മൂലം കാശ്മീരിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതിനും ആരും തയ്യാറാകുന്നില്ല.

മരുന്ന് വിതരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കാശ്മീരിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്കായി എത്തിച്ചേരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പ്രധാന ആശുപത്രിയിലെ ഡോക്ടര്‍മാരും സമ്മതിക്കുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമായവര്‍ക്ക് സമയത്ത് അത് ലഭ്യമായില്ലെങ്കില്‍ അവര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് എസ്എംഎച്ച്എസ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ വ്യക്തമാക്കി. മരുന്ന് ലഭിക്കാതെ മരിച്ചവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ദിനംപ്രതി ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആസ്ത്മ രോഗിയായ ഖുര്‍ഷീ ബീഗം എന്ന സ്ത്രീ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകും വഴി മരിച്ചിരുന്നു. വീട്ടില്‍ വച്ച് രോഗം മൂര്‍ച്ഛിച്ച ഇവര്‍ക്ക് മരുന്ന് നല്‍കാന്‍ ശ്രമിച്ചെങ്കിലും ആവശ്യമായ അളവ് ബാക്കിയുണ്ടായിരുന്നില്ല. ഇതിനാലാണ് ഒരു സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും അവര്‍ മരിച്ചു. ഇവരുടെ മരണത്തിന് കാരണക്കാര്‍ സര്‍ക്കാരാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

also read:“ഈ സ്ഥാനത്ത് ഒരു ജവാന്‍ ആയിരുന്നെങ്കില്‍ വീരചക്രം കൊടുത്തേനെ”: സ്വന്തം ലൈഫ് കളഞ്ഞും ജീവന്‍ തിരിച്ചുപിടിക്കുന്ന ലൈഫ് ഗാര്‍ഡുകൾ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍