UPDATES

ട്രെന്‍ഡിങ്ങ്

പേരറിവാളന് നീതി കിട്ടുമോ? ഗുജറാത്തിലെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് നിശബ്ദരായി തുടരുന്നു?

ഗുരുതരമായ കുറ്റമാണ് ത്യാഗരാജന്‍ ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ത്യാഗരാജന്റെ പശ്ചാത്താപവും കുറ്റബോധവും പേരറിവാളന് നഷ്ടപ്പെട്ടതൊന്നും തിരിച്ചുനല്‍കില്ല എന്നതുറപ്പാണ്.

വിചാരണ തടവും ശിക്ഷാകാലാവധിയുമടക്കം 26 വര്‍ഷമായി എ ജി പേരറിവാളന്‍റെ ജീവിതം ജയിലിലാണ്. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11ന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പേരറിവാളന് 20 വയസ് തികയാന്‍ ഒരു മാസം കൂടിയുണ്ടായിരുന്നു. മുഖ്യപ്രതി ശിവരശന് ബെല്‍റ്റ് ബോംബിനായി രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കിയതായിരുന്നു കുറ്റം. ബാറ്ററി വാങ്ങിയത് താനാണെന്ന് പേരറിവാളന്‍ സമ്മതിച്ചു. പക്ഷെ രാജീവ് ഗാന്ധിയേയോ മറ്റേതെങ്കിലും മനുഷ്യനേയോ കൊല്ലാനുള്ള ബോംബിന് വേണ്ടിയാണ് ബാറ്ററിയെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പേരറിവാളന്‍ തന്നെ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇപ്പോള്‍ 26 വര്‍ഷത്തിന് ശേഷം, പേരറിവാളന് ടാഡ കോടതി വധശിക്ഷ വിധിച്ച് കഴിഞ്ഞ് 18 വര്‍ഷത്തിന് ശേഷം മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജന്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു – പേരറിവാളന്‍ തന്നോട് ഇക്കാര്യം പറഞ്ഞതായും എന്നാല്‍ താന്‍ ഇത് മറച്ചുവച്ചുവെന്നും. പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും ത്യാഗരാജന്‍ വ്യക്തമാക്കുന്നു. പേരറിവാളന് കോടതി വധശിക്ഷ വിധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഈ നടപടി കാരണമായിട്ടുണ്ട്.

തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജിയിലെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ത്യാഗരാജന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. താന്‍ ഇത് രേഖപ്പെടുത്തിയിരുന്നെങ്കില്‍ കുറ്റസമ്മത മൊഴി എന്നതിന് പ്രസക്തിയില്ലാതാകുമായിരുന്നു എന്നും ബോംബിനെ സംബന്ധിച്ച അന്വേഷണം ആ സമയത്ത് പൂര്‍ത്തിയായിട്ടില്ലായിരുന്നു എന്നുമാണ് ത്യാഗരാജന്‍ പറയുന്നത്. 2013ല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ത്യാഗരാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 2014 ലാണ് പേരളറിവാളന്‍ അടക്കം മൂന്ന് പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തത്. കുറ്റസമ്മത മൊഴിയാക്കാന്‍ വേണ്ടി തന്റെ വ്യാഖ്യാനം ചേര്‍ക്കുകയുമായിരുന്നുവെന്നും അതില്‍ പശ്ചാത്തപിക്കുന്നതായും ത്യാഗരാജന്‍ പറയുന്നു. ഒരു മനുഷ്യനെ തൂക്കിക്കൊല്ലാന്‍ വിധിക്കാനും 26 വര്‍ഷം ജയിലിലിടാനും രണ്ട് ചെറിയ ബാറ്ററികള്‍ ധാരാളമാണ്. ഗുരുതരമായ കുറ്റമാണ് ത്യാഗരാജന്‍ ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ത്യാഗരാജന്റെ പശ്ചാത്താപവും കുറ്റബോധവും പേരറിവാളന് നഷ്ടപ്പെട്ടതൊന്നും തിരിച്ചുനല്‍കില്ല എന്നതുറപ്പാണ്.

https://timesofindia.indiatimes.com/india/man-jailed-in-rajiv-gandhi-killing-as-i-hid-facts-says-ex-cbi-officer/articleshow/61650838.cms

തിരഞ്ഞെടുപ്പ്, ജനവിധി, ജനപ്രാതിനിധ്യം, ജനാധിപത്യം തുടങ്ങിയ വാക്കുകളൊക്കെ പ്രഹസനവും പരിഹാസ്യവുമാകുന്ന ചില പ്രദേശങ്ങളും മേഖലകളുമുണ്ടാകും. അത്തരം നിരവധി പ്രദേശങ്ങളും മേഖലകളും ഇന്ത്യയിലുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത 1998 മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി അധികാരത്തിലുള്ള ബിജെപി നേരിടുന്ന ശക്തമായ എതിര്‍പ്പാണ്. ദളിതരും ഒബിസി വിഭാഗക്കാരും പട്ടീദാര്‍മാരും കര്‍ഷകരും വ്യാപാരികളുമെല്ലാം ബിജെപി സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധവും അമര്‍ഷവുമായി സംഘടിതരായി നിങ്ങുമ്പോളും ഗുജറാത്തില്‍ സമാനതകളില്ലാത്ത ക്രൂരതയ്ക്കും അടിച്ചമര്‍ത്തലിനും അവഗണനയ്ക്കും ഇരയായ മുസ്ലീം സമുദായം ഏറെക്കുറെ നിശബ്ദമാണ്. ഇതിന്റെ കാരണങ്ങളാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ സാകിയ സോമന്‍ പരിശോധിക്കുന്നത്.

ഗുജറാത്തില്‍ ബിജെപി പേടിക്കുന്നതെന്തെല്ലാം?

2002ലെ വംശഹത്യക്കും അതിന് ശേഷമുള്ള സര്‍ക്കാരിന്റെ അവജ്ഞയോടെയുള്ള സമീപനവുമൊന്നും ഗുജറാത്തി മുസ്ലീങ്ങളുടേതായ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന് രൂപം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് സംസ്ഥാനത്തെ മുസ്ലീങ്ങളുടെ അധികാര പങ്കാളിത്തവും ജനാധിപത്യപ്രക്രിയയിലെ പങ്കും സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സമുദായ സംഘടനകളെ പാര്‍ട്ടിയുമായി അടുപ്പിക്കാനും ഫലപ്രദമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇടപെടാനും കഴിഞ്ഞിട്ടുണ്ടെങ്കിലും മുസ്ലീം പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യമുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്ഷേത്രങ്ങള്‍ കയറിയിറങ്ങി അനുഗ്രഹം തേടുന്ന രാഹുല്‍ ദക്ഷിണേന്ത്യക്ക് പുറത്തുള്ള കോണ്‍ഗ്രസിന്റെ എക്കാലത്തേയും മൃദുഹിന്ദുത്വ സ്വഭാവമാണ് പ്രതിഫലിക്കുന്നത് എന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ട്. ഏതായാലും ഈ മുസ്ലീം പ്രശ്നത്തെ ആരെങ്കിലും കേള്‍ക്കേണ്ടിയിരിക്കുന്നു.

http://indianexpress.com/article/opinion/editorials/gujarat-elections-2017-an-area-of-silence-gujarati-muslims/

മുസ്ലീം ജനസംഖ്യ അത്ര കുറവല്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. നേരത്തെ ജനപ്രതിനിധികള്‍ക്കിടയിലും സമുദായത്തിന് മോശമല്ലാത്ത പ്രാതിനിധ്യമുണ്ടായിരുന്നു. പൊതുവില്‍ ബിജെപി ഭരണവും കൂട്ടക്കൊലകളും ഭരണ-ഉദ്യോഗസ്ഥ-പൊലീസ് സംവിധാനങ്ങളുടെ അടിച്ചമര്‍ത്തലും സൃഷ്ടിച്ചിട്ടുള്ള ഭീതിയുടേതായ അന്തരീക്ഷത്തിന് പുറമെ സമുദായ നേതൃത്വത്തിന്റെ സമീപനത്തിന്റെ പ്രശ്‌നങ്ങളും ഈ നിശബ്ദതയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് സാകിയ സോമന്റെ വിലയിരുത്തല്‍.
ഉയര്‍ന്നുവരുന്ന നേതാക്കളെയെല്ലാം ഒതുക്കിനിര്‍ത്താനാണ് മതപൗരോഹിത്യം ശ്രമിക്കുന്നത്. മറ്റൊരു പ്രശ്‌നം സമുദായത്തെ, അതിന്റെ ഭാഗമായ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല മുസ്ലീം സമുദായ നേതാക്കന്മാര്‍ ഉയര്‍ത്തുന്നത് എന്നാണ്. ഉനയില്‍ ദളിത് യുവാക്കള്‍ക്ക് നേരെയുള്ള ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് ശക്തമായ പ്രസ്ഥാനവുമായി മുന്നോട്ട് വരാനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി ജനകീയ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി ഉയര്‍ത്തിക്കൊണ്ടു വരാനും ബിജെപി സര്‍ക്കാരിനെ വിറപ്പിക്കാനും ജിഗ്നേഷ് മേവാനിക്ക് കഴിഞ്ഞു. ഭൂമി, തൊഴില്‍ അടക്കമുള്ള അടിസ്ഥാന വികസന പ്രശ്നങ്ങള്‍ ദളിത്‌ പ്രസ്ഥാനം ഉയര്‍ത്തുന്നു. എന്നാല്‍ മുസ്ലീം സമുദായ നേതാക്കള്‍ ഈയടുത്ത് അഹമ്മദാബാദിലും സൂറത്തിലും നടത്തിയ റാലികള്‍ മുത്തലാഖ് നിരോധിക്കണം എന്ന ആവശ്യത്തിനെതിരെ ആയിരുന്നു.

എന്നെ ദയവായി കൊന്ന് തരണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസിന്റെ അപേക്ഷ

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍