UPDATES

ട്രെന്‍ഡിങ്ങ്

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരി പോലുമില്ല; 536 മണ്ഡലത്തിലെ സര്‍വെ വെളിപ്പെടുത്തുന്നു

ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ് സര്‍വെ നടത്തിയത്.

അടിസ്ഥാന സൗകര്യ മേഖലയില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയ്ക്ക് താഴെയെന്ന് സര്‍വെ. രാജ്യത്തെ 534 ലോക്‌സഭ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വെയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന സൂചനയുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് ആണ് സര്‍വെ നടത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ് സര്‍വെ നടത്തിയത്. 2.73 ലക്ഷം വോട്ടര്‍മാരില്‍ നിന്നാണ് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞത്. ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിലാണ് പ്രതികരണം തേടിയത്.

തൊഴില്‍, ആരോഗ്യം കുടിവെള്ളം ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷ, പ്രതിരോധം എന്നീ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ കാര്യമായ പ്രാമുഖ്യം നല്‍കുന്നില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തിനും മുമ്പാണ് സര്‍വെ നടത്തിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലെങ്കിലും ഏത് രാഷ്ട്രീയ പാര്‍ട്ടിക്കായിരിക്കും വോട്ട് രേഖപ്പെടുത്തുകയെന്ന കാര്യത്തെക്കുറിച്ച് സര്‍വെ ആരായുകയുണ്ടായില്ല.

സര്‍വെയില്‍ പങ്കെടുത്ത 46.80 ശതമാനം ജനങ്ങളും തൊഴിലിന് ഏറ്റവും പ്രാധാന്യം നല്‍കിയപ്പോള്‍ ആരോഗ്യമേഖലയ്ക്കാണ് 34.60 ശതമാനം ജനങ്ങളും മുന്‍ഗണന നല്‍കിയത്. കുടിവെള്ളത്തിന് 30.50 ശതമാനം ജനങ്ങള്‍ ഏറ്റവും പ്രാമുഖ്യം നല്‍കി.

ജനങ്ങളുടെ മുഖ്യ പരിഗണനാ വിഷയങ്ങളില്‍ ആദ്യ പത്തെണ്ണത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയ്ക്ക് താഴെയാണെന്നാണ് ഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെട്ടത്. തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ പോയിന്റ് 2.15 ആണ്. ആരോഗ്യ മേഖലയില്‍ 2.35 പോയിന്റുകള്‍ ലഭിച്ചപ്പോള്‍, കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 2.52 പോയിന്റുകള്‍ മാത്രമാണ്.

എന്നാല്‍ സര്‍ക്കാരിന് ഏറ്റവും കുറവ് പോയിന്റുകള്‍ ലഭിച്ചത് പൊതുസ്ഥലം കൈയേറുന്നതിനെതിരെ നടപടിയെടുത്ത കാര്യത്തിലാണ്. അതുപോലെ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരെ തൃപ്തികരമല്ലെന്നാണ് വോട്ടര്‍മാരില്‍ വലിയ വിഭാഗം അഭിപ്രായപ്പെട്ടത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ജനങ്ങളുടെ മുഖ്യ പരിഗണന വിഷയങ്ങളായി വോട്ടര്‍ മാര്‍ പരിഗണിക്കുന്നുണ്ടെന്നും സര്‍വെയില്‍ വ്യക്തമായി. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനള്‍ ശരാശരിയില്‍ താഴെയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍