UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനൽ മൈക്ക് മുഖത്തുകുത്തി: മാധ്യമങ്ങളോട് സംസാരിക്കാതെ പിണറായി മടങ്ങി

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുക എന്നതാണ് യോഗത്തിലെടുത്ത പ്രധാന തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആലപ്പുഴയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യമന്ത്രി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കാതെ മടങ്ങി. മുഖ്യമന്ത്രി ഈ സന്ദർശനത്തിനിടെ കുട്ടനാട് സന്ദർശിക്കുന്നില്ല എന്ന പ്രചാരണം മാധ്യമങ്ങളിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കരികിലേക്ക് മാധ്യമങ്ങൾ ഓടിയടുക്കുകയായിരുന്നു. മൈക്കുകൾ മുഖത്തേക്ക് നീണ്ടുവന്നു. ‘കുട്ടനാടിന്റെ…’ എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ മൈക്കുകളിലൊന്ന് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടി. മൈക്ക് തട്ടിമാറ്റി മുഖ്യമന്ത്രി നടന്നുനീങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കിയില്ല.

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുക എന്നതാണ് യോഗത്തിലെടുത്ത പ്രധാന തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ജി സുധാകരൻ, ശൈലജ ടീച്ചർ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. ആലപ്പുഴ, കോട്ടയം കലക്ടര്‍മാരും ചീഫ് സെക്രട്ടറിയുമടക്കം നാനൂറിലേറെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കുട്ടനാട് സന്ദർശിക്കാത്തത് ഉയർത്തിക്കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ മന്ത്രി ജി സുധാകരൻ വിമർശിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയല്ല, ദുരന്തത്തിൽ പെട്ടവർക്ക് സഹായമെത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അത് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. പ്രളയദുരിതത്തിൽ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍