UPDATES

“ബാലാകോട്ടയിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് ചോദിക്കുന്നവർ ഇന്ത്യൻ സായുധസേനയെ ചോദ്യം ചെയ്യുന്നു”: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

“ചൈന പുറത്തുവിടാറുള്ള തങ്ങളുടെ വളർച്ചാ കണക്കുകൾ ആരും വിശ്വസിക്കാറില്ല. കാരണം അവ വ്യാജമായിരിക്കും. എന്നാൽ ഇന്ത്യയുടെ കണക്കുകൾക്ക് അത്തരമൊരു പ്രതിച്ഛായ ഉണ്ടായിരുന്നില്ല. ഇപ്പോൾ പക്ഷെ ഇന്ത്യയുടെ കണക്കുകളെക്കുറിച്ച് സംശയങ്ങളുയർന്നു തുടങ്ങിയിരിക്കുന്നു….”

ഇന്ത്യാ ടുഡേ വാർത്താവതാരകനായ രാഹുൽ കൻവാൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ഇന്ത്യാ ടുഡേ കോൺക്ലേവിൽ നടത്തിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങൾ.

ഇന്ത്യ ഒരു ആണവ പ്രശ്നകേന്ദ്രമാണെന്ന സന്ദേശം വിദേശരാജ്യങ്ങളിലെ നിക്ഷേപകർക്കിടയിലേക്ക് പോകാൻ പുൽവാമ ആക്രമണവും അതിനു ശേഷമുള്ള സംഭവവികാസങ്ങളും കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇന്ത്യാ ടുഡേ വാർത്താവതാരകൻ രാഹുൽ കൻവാൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോടുള്ള തന്റെ ചോദ്യങ്ങളാരംഭിച്ചത്. ഇവിടം മുതലേ ഗോയൽ മാധ്യമപ്രവർത്തകർ തങ്ങൾക്കെതിരെയും അതുവഴി ഇന്ത്യക്കെതിരെയും ദുഷ്പ്രചാരണം നടത്തുകയാണെന്ന ആരോപണമുന്നയിച്ചു തുടങ്ങി. പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ദുർബലമായ വാദങ്ങളിലൊന്നാണിതെന്ന് ഗോയൽ ആരോപിച്ചു. രാജ്യം ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് എന്നതിൽ സന്തോഷിക്കുകയും, വെടിവെക്കാൻ ശേഷിയുള്ള ഒരു നേതൃത്വം ഉണ്ടായതിൽ അഭിമാനിച്ച് ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യേണ്ട സമയമാണിതെന്നും ഗോയൽ പറഞ്ഞു.

ഇതിനു പിന്നാലെയാണ് രാഹുൽ കൻവാൽ പുൽവാമ ആക്രമണത്തിനു പിന്നാലെ നടന്ന പ്രത്യേക്രമണം സംബന്ധിച്ച ചോദ്യമുന്നയിച്ചത്. രണ്ട് വ്യാഖ്യാനങ്ങൾ ഇതെപ്പറ്റി നിലവിലുള്ളതായി കൻ‌വാൽ ചൂണ്ടിക്കാട്ടി. ഒന്ന്, പ്രത്യേക്രമണത്തിൽ 250-300 പേർ കൊല്ലപ്പെട്ടെന്ന വാർത്തകളാണ്. അന്താരാഷ്ട്രമാധ്യമങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് നടത്തിയ റിപ്പോർട്ടുകളിൽ ഒരാൾക്ക് പരിക്കേൽക്കുക മാത്രമേ ചെയ്തുള്ളൂവെന്ന വെളിപ്പെടുത്തൽ വന്നതാണ് രണ്ടാമത്തേത്. ഇതിനോട് രൂക്ഷമായ രീതിയിലാണ് ഗോയൽ പ്രതികരിച്ചത്. ഈ ചോദ്യം ഇന്ത്യൻ സൈന്യത്തെ സംശയമുനയിൽ നിർത്താൻ കൻവാലിനെപ്പോലെയുള്ള മാധ്യമപ്രവർത്തകർ‌ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു. സൈന്യത്തിന്റെ ദൗത്യം വിജയകരമായില്ല എന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോയെന്ന് മന്ത്രി സദസ്സിനോടായി ചോദിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. മാധ്യമങ്ങൾക്കാണ് കാര്യങ്ങൾ ബോധ്യമാകാത്തതെന്നും സൈന്യത്തെ സംശയിക്കുകയാണ് അവരെന്നും ഗോയൽ ആരോപിച്ചു. ഇത്തരം മാധ്യമപ്രവർത്തകരും ഇത്തരം ചിന്തകളും രാജ്യത്തെ എങ്ങോട്ടാണ് നയിക്കുകയെന്ന് ഗോയൽ ആത്മഗതം ചെയ്യുകയും ചെയ്തു.

പാകിസ്താന്റെ ഭാഗം ഇന്ത്യയിൽ നിന്നും പറയുകയാണോ മാധ്യമപ്രവർത്തകരെന്ന് താൻ സംശയിക്കുന്നതായി ഗോയൽ പറഞ്ഞു. ഇത് നാണക്കേടാണെന്നും കന്‍വാലിനെ നോക്കി ഗോയൽ പറഞ്ഞു. എന്നാൽ ഇതിനെയെല്ലാം സമചിത്തതയോടെ നേരിട്ട കൻവാൽ താനൊരു മാധ്യമപ്രവർത്തകനാണെന്നും ചോദ്യം ചോദിക്കുക എന്നത് തന്റെ ജോലിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനും മറുപടി നിങ്ങൾ രാജ്യത്തിന്റെ സായുധസേനയെ ചോദ്യം ചെയ്യുകയാണോയെന്നായിരുന്നു. സൈന്യം അവരുടെ ജോലി ശരിയായി ചെയ്തില്ലെന്നാണ് കൻവാലിന്റെ ‌ചോദ്യത്തിന്റെ അർത്ഥമെന്നും മന്ത്രി ആരോപിച്ചു. എന്നാൽ താനൊരു സൈനികന്റെ മകനായി ജനിച്ചതാണെന്നും അദ്ദേഹം സൈനികകാര്യങ്ങളിൽ വൈദഗ്ധ്യമുള്ളയാളായിരുന്നെന്നും പറഞ്ഞ കൻവാൽ ദേശസ്നേഹത്തിന്റെ കാര്യത്തിൽ ഇവിടെയിരിക്കുന്ന താനടക്കമുള്ള ആരും കുറഞ്ഞയാളുകളല്ലെന്നും ചൂണ്ടിക്കാട്ടി. ഈ വാക്കുകൾക്ക് സദസ്സിൽ നിന്ന് വലിയ കൈയടി ലഭിക്കുകയും ചെയ്തു.

ബലാകോട്ടയിൽ 250-300 പേർ കൊല്ലപ്പെട്ടുവോ എന്ന് ചോദിക്കുമ്പോൾ താൻ സൈന്യത്തെ ചോദ്യം ചെയ്യുന്നില്ലെന്നായി കൻവാൽ‌. കാരണം 250-300 ഭീകരരെ കൊന്നുവെന്ന് ബിജെപി നേതാക്കളാണ് പ്രസ്താവന നടത്തിയത്. സൈന്യം ഇതുവരെ എത്രപേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ 250-300 കൊല്ലപ്പെട്ടുവെന്ന് പറയുമ്പോൾ തെളിവ് മുന്നിൽ വെക്കാൻ അങ്ങനെ പറയുന്നവർ തയ്യാറാകണം. ആരും സൈന്യത്തെ ചോദ്യം ചെയ്യുന്നില്ല. പകരം കൊല്ലപ്പെട്ട ആളുകളുടെ എണ്ണം പറയുന്നവരെയാണ് ചോദ്യം ചെയ്യുന്നതെന്ന് കൻവാൽ ചൂണ്ടിക്കാട്ടി. തന്റെ ചോദ്യം ഒരു ബിജെപി മന്ത്രിയോടാണ്. എന്നാൽ കൻവാലിന്റെ ചോദ്യം ഇന്ത്യൻ സൈന്യത്തോടു തന്നെയാണെന്ന് സ്ഥാപിക്കാനാണ് ഗോയൽ തന്റെ മറുപടിയിൽ ശ്രമിച്ചത്. സൈന്യം നേരിൽ‌ച്ചെന്ന് എത്രപേർ മരിച്ചുവെന്ന് കണക്കാക്കാറില്ല. സൈന്യത്തിന്റെ പ്രവർത്തനം ഇന്റലിജൻസ് വിവരങ്ങളെയും മറ്റ് സർക്കാർ സംവിധാനങ്ങളെയും ആശ്രയിച്ചാണ്. ഇക്കാരണത്താൽ 250-300 പേർ കൊല്ലപ്പെട്ടെന്ന വാദത്തെ ചോദ്യം ചെയ്യുമ്പോൾ അത് സൈന്യത്തെ തന്നെ ചോദ്യം ചെയ്യലാണ്. ഇങ്ങനെ കൊല്ലപ്പെട്ടിട്ടില്ലെങ്കിൽ എന്താണ് പാകിസ്താൻ അവരുടെ സൈന്യത്തെ ഇന്ത്യയിലേക്ക് അയച്ചത് എന്നും ഗോയൽ ചോദിച്ചു.

വരുന്ന തെരഞ്ഞെടുപ്പിൽ പുൽവാമ ആക്രമണവും ശേഷമുണ്ടായ സംഭവവികാസങ്ങളും വിഷയമാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഗോയൽ മറുപടി പറഞ്ഞത്. സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടത്തിയ വികസനപ്രവർത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പിൽ വിഷയമാകുക. ഇതോടൊപ്പം രാജ്യത്തെ ഭദ്രമാക്കി നിർത്തിയ ശക്തമായ നേതൃത്വവും വിഷയമാകും.

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എത്രത്തോളം മുന്നേറാനാകുമെന്നതിന്റെ കണക്കുകൾ ലഭ്യമായിരിക്കുമല്ലോ എന്ന ചോദ്യത്തിന് തങ്ങൾ കേവലഭൂരിപക്ഷത്തിനും മുകളിലെത്തി നിൽക്കുമെന്ന് ഗോയൽ മറുപടി നൽകി. ഈ കണക്കുകൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

2008ൽ മുംബൈയില്‍ നടന്ന ആക്രമണത്തെക്കുറിച്ചാണ് ഇതിനു പിന്നാലെ ഗോയൽ പറഞ്ഞത്. ഈ ആക്രമണത്തിനു ശേഷം തിരിച്ചടിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടായിരുന്നെങ്കിലും അന്നത്തെ ദുർബലമായ കോൺഗ്രസ്സ് നേത‍ൃത്വം അതിന് തയ്യാറായില്ല. ഇത്തരമൊരു സർക്കാരല്ല ഇപ്പോഴുള്ളത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്.

രാജ്യത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുകൾ സംബന്ധിച്ച ചോദ്യമാണ് പിന്നീട് കൻവാൽ ഉന്നയിച്ചത്. 2018ൽ മാത്രം 1.1 കോടി തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായതെന്ന സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകളാണ് കൻവാൽ ചോദ്യത്തിന് ആധാരമായെടുത്തത്. സർക്കാർ തങ്ങളുടെ പക്കലുള്ള തൊഴിൽ സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ നാല് ദശകങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്ന കാര്യവും കൻവാൽ ചൂണ്ടിക്കാട്ടി. ഇതിന് എൻഎസ്എസ്ഓയിൽ നിന്നുള്ള വിവരങ്ങളെയാണ് കൻവാൽ ആധാരമാക്കിയത്.

ഈ വിവരങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും ചോദ്യം ചെയ്താണ് പീയൂഷ് ഗോയൽ തുടങ്ങിയത്. 2016ൽ മാത്രം വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയവരാണ് സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമി. അത്തരമൊരു സംഘടനയ്ക്ക് മുൻകാല റഫറൻസ് ശേഷി കുറവായിരിക്കും. താൻ ഈ സിഎംഐ ഡാറ്റ നോക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന് അടിത്തറയില്ലെന്നും ഗോയൽ ആരോപിച്ചു. ഏത് ഡാറ്റയും ശേഖരിച്ചു വെച്ചത് അതേപടി ഉപയോഗിക്കാനാകില്ല. അത് കാലാകാലങ്ങളിൽ പുനപ്പരിശോധനയ്ക്കും പുനക്രമീകരണത്തിനും വിധേയമാകണം. എൻഎസ്എസ്ഓയുടെ ഡാറ്റയും ഇത്തരത്തിൽ പുനക്രമീകരണത്തിന് വിധേയമാകാറില്ല. അതിനാൽത്തന്നെ ഗ്രൗണ്ട് റിയാലിറ്റിയുമായി ആ ഡാറ്റയ്ക്ക് യാതൊരു ബന്ധവുമുണ്ടാകാറില്ലെന്നും ഗോയൽ ആരോപിച്ചു. ലഭ്യമായ ഡാറ്റയും പുറത്തുള്ള യാഥാർത്ഥ്യവും ഒന്നാകണമെന്നില്ലെന്നതിന് അദ്ദേഹം നിരവധി ഉദാഹരണങ്ങളും നിരത്തി. ഇതിനിടയിൽ മുദ്ര ലോണുകൾ വഴി സൃഷ്ടിക്കപ്പെട്ട തൊഴിലുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. നാലരക്കോടിയോളം വരുന്ന മുദ്ര ലോൺ ഗുണഭോക്താക്കൾ എത്ര തൊഴിലുകൾ സൃഷ്ടിച്ചിരിക്കുമെന്നതിന് വല്ല കണക്കുകളുമുണ്ടോയെന്നായി മന്ത്രി. 12-13 ലക്ഷം കോടിയോളം രൂപയാണ് ലോണുകളായി പോയിട്ടുള്ളത്.

എന്നാൽ ഇത്രയധികം ലോണുകൾ കൊടുത്തതു കൊണ്ടു മാത്രം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമോയെന്നായി രാഹുൽ കൻവാൽ. ലോണെടുക്കുന്നവരെല്ലാം തൊഴിൽദാതാക്കളാകുമെന്ന സിദ്ധാന്തം തെറ്റല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതിനും വ്യക്തമായ മറുപടി മന്ത്രി പറയുകയുണ്ടായില്ല. വലിയ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലുമധികം തൊഴിലുകൾ ചെറിയ സ്ഥാപനങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളർച്ചാ കണക്കുകൾ സംബന്ധിച്ച് സർ‌ക്കാരിൽ നിന്നു തന്നെ വരുന്ന തെറ്റായ വിവരങ്ങളെക്കുറിച്ചായിരുന്നു രാഹുൽ കന്‍വാലിന്റെ അടുത്ത ചോദ്യം. ഈ വിവരങ്ങൾ സംബന്ധിച്ച് ഇക്കാലമത്രയും ആരും ആരോപണം ഉന്നയിച്ചിരുന്നില്ല. ചൈന പുറത്തുവിടാറുള്ള തങ്ങളുടെ വളർച്ചാ കണക്കുകൾ ആരും വിശ്വസിക്കാറില്ല. കാരണം അവ വ്യാജമായിരിക്കും. എന്നാൽ ഇന്ത്യയുടെ കണക്കുകൾക്ക് അത്തരമൊരു പ്രതിച്ഛായ ഉണ്ടായിരുന്നില്ല. ഇപ്പോൾ പക്ഷെ ഇന്ത്യയുടെ കണക്കുകളെക്കുറിച്ച് സംശയങ്ങളുയർന്നു തുടങ്ങിയിരിക്കുന്നു. വ്യാജ കണക്കുകളാണ് സർക്കാർ പുറത്തുവിടുന്നത് പി ചിദംബരം കഴിഞ്ഞദിവസം പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു കൻവാലിന്റെ ചോദ്യം. കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് നടന്ന വൻ കുംഭകോണങ്ങളിലൊന്നും ഒരു നഷ്ടവുമുണ്ടായില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ തങ്ങളുടെ ജിഡിപി കണക്കുകൾ വ്യാജമാണെന്ന് പറയുന്നതെന്ന് മന്ത്രി പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍