UPDATES

സോഷ്യൽ വയർ

റാഫേൽ അനുബന്ധ കരാർ മോദിജി അംബാനിക്ക് നൽകിയത് സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മ മൂലമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ‌ അനിൽ അംബാനിയെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേൽ കരാറിൽ ഒപ്പിട്ടതെന്ന് പറയുന്ന വീഡിയോ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറി. കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ വീഡിയോയാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു നേരെ വിരൽചൂണ്ടുന്നവർ തിരിച്ചറിയൂ എന്നു പറഞ്ഞാണ് പീയൂഷ് ഗോയൽ വീഡിയോ ഷെയർ ചെയ്തത്. മോദിയെ കള്ളനെന്നു വിളിച്ച രാഹുൽ ഗാന്ധിയെയും വീഡിയോയില്‍ വിമർശിക്കുന്നുണ്ട്. മോദിയെ വിമർശിക്കുന്നവരെ കളിയാക്കുന്നതിനിടയിലാണ് രാജു ശ്രീവാസ്തവ റാഫേൽ കരാർ വിഷയം എടുത്തിട്ടത്.

പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുൽ ഗാന്ധിയെ കളിയാക്കിയതിനു ശേഷം രാജു ഇപ്രകാരം പറയുന്നു: “സുഹൃത്തുക്കളെ, പ്രധാനമന്ത്രി പദത്തിന് അതിന്റേതായ വിലയുണ്ട്. പ്രധാനമന്ത്രി ഒരു പാർട്ടിയുടെയും ആളല്ല. നരേന്ദ്രമോദിജിയെ പ്രധാനമന്ത്രിയായി കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. മോദി ഒരു ഫക്കീറിനെപ്പോലെ ജീവിക്കുന്നയാളാണ്. അദ്ദേഹത്തെ ദൈവം അയച്ചതാണ്.”

ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് മോദി റാഫേൽ കരാറിൽ ഒപ്പുവെച്ചതെന്നും സായുധസേനയ്ക്ക് എന്താണ് വേണ്ടതെന്ന് മോദിക്ക് നന്നായറിയാമെന്നും വീഡിയോയിൽ കൊമേഡിയൻ പറയുന്നുണ്ട്. എച്ച്എഎലിന് റാഫേൽ ഓഫ്സെറ്റ് കരാർ കൊടുക്കാത്തതിന്റെ കാരണം രാജു പറയുന്നതും രസകരമാണ്. “മോദിജി എച്ച്എഎലിനോടു പറഞ്ഞു: നിങ്ങൾ നിങ്ങളെ ഏൽപ്പിച്ച പണി ആദ്യം പൂർത്തിയാക്കൂ. റാഫേൽ കരാർ ഞാൻ‌ ഒരു സ്വകാര്യ കമ്പനിക്ക് കൊടുത്തോളാം.”

എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിക്ക് അനുബന്ധ കരാർ കൊടുത്തതെന്ന് കൊമേഡിയൻ വിവരിക്കുന്നത് ‘നമ്മളാരെങ്കിലും സർക്കാർ ബസ്സിൽ കയറാറുണ്ടോ’ എന്ന് ചോദിച്ചാണ്. കാര്യക്ഷമത കുറഞ്ഞ സർക്കാർ ബസ്സുകളിൽ കയറാത്ത നമ്മൾ എന്തുകൊണ്ടാണ് റാഫേൽ അനുബന്ധ കരാർ ഒരു സർക്കാർ കമ്പനിക്ക് കൊടുക്കണമെന്ന് പറയുന്നതെന്നും രാജു വീഡിയോയിൽ ചോദിക്കുന്നുണ്ട്.

പീയൂഷിന്റെ വീഡിയോ പങ്കിടലിനെ ട്വിറ്ററിലെ മാധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും ആഘോഷമാക്കുകയായിരുന്നു. അനിൽ അംബാനിക്ക് റാഫേലിന്റെ ഓഫ്സെറ്റ് കരാർ കിട്ടിയത് മോദിയുടെ ഇടപെടൽ മൂലമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ സമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകർ വീഡിയോ ഷെയർ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍