UPDATES

വായിച്ചോ‌

റെയില്‍ ഭൂമിയിലാണ്, റെയില്‍വെ മന്ത്രി ആകാശത്തും: പിയൂഷ് ഗോയലിന്റെ വിമാന യാത്ര ധൂര്‍ത്ത് വിവാദത്തില്‍

സാധാരണ വിമാനങ്ങളില്‍ പിയൂഷ് ഗോയല്‍ സഞ്ചരിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ചിലവിന്റെ 15 മുതല്‍ 20 മടങ്ങ് വരെ ചിലവാണ് ഇതുമൂലം സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പൊതുഖജനാവിന് വന്‍ നഷ്ടം.

രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ പൊതുപണം ധൂര്‍ത്തടിച്ച് അധികാര ദുര്‍വിനിയോഗം നടത്തുന്നത് സംബന്ധിച്ചാണ് ന്യൂസ് ലോണ്‍ട്രിയുടെ പുതിയ റിപ്പോര്‍ട്ട്. 2017 സെപ്റ്റംബറില്‍ റെയില്‍വെ വകുപ്പ് ഏറ്റെടുത്ത മുതല്‍ നിരന്തരം ചാര്‍ട്ടര്‍ വിമാന യാത്രകളിലാണ് പിയൂഷ് ഗോയല്‍. സാധാരണ വിമാനങ്ങളില്‍ പിയൂഷ് ഗോയല്‍ സഞ്ചരിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ചിലവിന്റെ 15 മുതല്‍ 20 മടങ്ങ് വരെ ചിലവാണ് ഇതുമൂലം സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പൊതുഖജനാവിന് വന്‍ നഷ്ടം. കൂടാതെ റെയില്‍വെ ചട്ടങ്ങളുടെ ലംഘനവുമാണ് ഇത്. റെയില്‍ ആക്‌സിഡന്റുകള്‍ ഉണ്ടാകുന്ന പക്ഷം മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാവൂ എന്നാണ് റെയില്‍വെ ചട്ടം.

അടിയന്തര സാഹചര്യങ്ങളില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉപയോഗിക്കാം. അല്ലാത്തപക്ഷം എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കണം. എന്നാല്‍ പിയൂഷ് ഗോയിലിനും രണ്ട് സഹമന്ത്രിമാര്‍ക്കും വേണ്ടി റെയില്‍വെ ഏര്‍പ്പാടാക്കിയത് സ്വകാര്യ വിമാനങ്ങള്‍. മന്ത്രിക്ക് വിമാനം മിസാകുന്നില്ല എന്ന് ഉറപ്പാക്കാനായി ഒരു ദിവസം ഒരേ സ്ഥലത്തേയ്ക്ക് മൂന്നോ നാലോ വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യും. ഇതിനെല്ലാം ഉപയോഗിക്കുന്നത് നാട്ടുകാരുടെ നികുതിപ്പണം. പല ടിക്കറ്റുകളും കാന്‍സല്‍ ചെയ്യേണ്ടി വരും സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ചെയ്യുന്നത് തുച്ഛമായ തുക മാത്രം. ഗോയല്‍ റെയില്‍വെ മന്ത്രിയായി ചുമതലയേറ്റയുടന്‍ അദ്ദേഹത്തിന്റെ ഓഫീസ് ചാര്‍ട്ടര്‍ വിമാനം വാടകയ്‌ക്കെടുക്കാന്‍ അനുമതി തേടി കത്ത് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് സൂറത്തിലേയ്ക്കും അവിടെ നിന്ന് മുംബൈയിലേയ്ക്കും പോകാനാണ് വിമാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണ് എന്നാണ് മറുപടിക്കത്തില്‍ നോര്‍ത്തേണ്‍ റെയില്‍വെ അഡീഷണല്‍ ജനറല്‍ മാനേജര്‍ മഞ്ജു ഗുപ്ത വ്യക്തമാക്കിയത്. റെയില്‍വെ മന്ത്രിക്ക് ഇത്തരത്തില്‍ യാതൊരു പ്രത്യേക അധികാരവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഐആര്‍സിടിസി മൂന്ന് തവണ പിയൂഷ് ഗോയലിന് വേണ്ടി ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്തതായി റെയില്‍വെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിതായി ന്യൂസ് ലോണ്‍ട്രി പറയുന്നു. ഫെബ്രുവരി ഒമ്പതിന് മുംബൈയില്‍ നിന്ന് ബെല്‍ഗാമിലേയ്ക്കും അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്കും ഭാര്യ സീമ ഗോയലിനും പ്രൈവറ്റ് സെക്രട്ടറിയോടുമൊപ്പമാണ് ഒരു യാത്ര. ചിലവ് 13 ലക്ഷം. രണ്ടാമത്തെ യാത്ര ഏപ്രില്‍ രണ്ടിന് ശനി ശിംഗ്നാപൂരില്‍ നിന്ന് ഷിര്‍ദ്ദിയിലേയ്ക്കും അവിടെ നിന്ന് തുലാപൂരിലേയ്ക്കും. പിന്നീട് ലാത്തൂരിലേയ്ക്കും – ചിലവായത് 25.50 ലക്ഷം. മൂന്നാമത്തെ യാത്ര ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് ജോധ്പൂരിലേയ്ക്കും തിരിച്ച് ഡല്‍ഹിയിലേയ്ക്കും – ചിലവ് 10 ലക്ഷത്തിലധികം. ആദ്യ യാത്ര ഒരു സാധാരണ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ആയിരുന്നെങ്കില്‍ പോലും പരമാവധി 50,000 രൂപയാണ് ചിലവ് വരുമായിരുന്നത്. ഇതാണ് 13 ലക്ഷമായത്. ക്ഷേത്രദര്‍ശനം, കോച്ച് ഫാക്ടറിയുടെ ഭൂമി പൂജ, പുതിയ ട്രെയിന്‍ ഉദ്ഘാടനങ്ങള്‍, മറ്റ് യോഗങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പിയൂഷ് ഗോയല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വിളിച്ചത്.

2016 മുതല്‍ മുന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റേയും പിയൂഷ് ഗോയലിന്റേയും സഹമന്ത്രിമാരുടേയും ഇവരോടൊപ്പമുള്ളവരുടേയും 1023 സൗകാര്യ വിമാന യാത്രകളാണ് റെയില്‍വെ സ്‌പോണ്‍സര്‍ ചെയ്തത്. ഗോയലിന്റെ വിമാനയാത്രകളില്‍ 80 ശതമാനവും സ്വകാര്യ എയര്‍ലൈനുകളില്‍. സുരേഷ് പ്രഭു ഉദ്യോഗസ്ഥര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും സര്‍ക്കാര്‍ ചിലവില്‍ സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്തത് 105 തവണ.

അഴിമതികൾ ഓരോന്നായി പുറത്തേക്ക്; പീയൂഷ് ഗോയലിന് 650 കോടി വെട്ടിച്ച കമ്പനിയുമായി ബന്ധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍