UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം വെള്ളവും വെളിച്ചവും, പിന്നെയാകാം സ്മാര്‍ട് !

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അജ്മീറിലെ പ്രസിദ്ധമായ 13-ആം നൂറ്റാണ്ടിലെ സൂഫി പള്ളിയിലേക്ക് എല്ലാ വര്‍ഷവും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ദശലക്ഷക്കണക്കിനാളുകള്‍  എത്തുന്നു. ഈയിടക്ക് ‘Amazing Ajmer’ എന്നൊരു വെബ്സൈറ്റും തുറന്നിട്ടുണ്ട്. പക്ഷേ, അഞ്ചര ലക്ഷത്തോളം ആളുകള്‍ പാര്‍ക്കുന്ന ഈ നഗരത്തിലെ ജീവിതം ഒട്ടും തന്നെ അതിശയിപ്പിക്കുന്ന തരത്തില്‍ ആകര്‍ഷണീയമല്ല.

രണ്ടു ദിവസം കൂടുമ്പോള്‍ വെറും രണ്ടു മണിക്കൂറാണ് ജലവിതരണം. നഗരത്തിലെ 1,25,000 വീടുകളില്‍ വെറും 130 എണ്ണം മാത്രമാണ് അഴുക്കുചാല്‍ സൌകര്യം ലഭിക്കുന്നവ. ഇടുങ്ങിയ തെരുവുകളില്‍ അഴുക്കുവെള്ളം തുറന്ന ചാലുകളിലൂടെ ഒഴുകുന്നു. കുളങ്ങളും തടാകങ്ങളും മാലിന്യക്കുഴികളായി. അനധികൃത കെട്ടിടങ്ങളും ചേരികളും നഗരത്തില്‍ കൂണുപോലെ പൊന്തി. ആകെ പ്രവര്‍ത്തിക്കുന്നത് രണ്ടു ട്രാഫിക് ലൈറ്റുകള്‍ മാത്രവും!

പക്ഷേ, അടുത്തുതന്നെ ഒരു പുത്തന്‍ ‘സ്മാര്‍ട് സിറ്റി’-പ്രധാനമന്ത്രിയെ നരേന്ദ്ര മോദി 2022-ഓടെ കെട്ടിപ്പൊക്കാന്‍ ലക്ഷ്യമിടുന്ന തിളങ്ങുന്ന നഗരങ്ങള്‍ക്ക് നല്കിയ ഓമനപ്പേര്- ആകാന്‍ പോവുകയാണ് അജ്മീര്‍.

വെള്ളം,വെളിച്ചം,മാലിന്യ നിര്‍മ്മാര്‍ജനം,ഗതാഗതം, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടത്താന്‍ വിവരസാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച ആധുനിക വിസ്മയങ്ങളായിരിക്കും ഈ നഗരങ്ങള്‍ എന്നാണ് സങ്കല്‍പം.

സര്‍ക്കാര്‍ 7.5 ബില്ല്യണ്‍ ഡോളര്‍ വകയിരുത്തിയ ഈ പദ്ധതിക്കു മോദി തുടക്കം കുറിക്കുകയും ചെയ്തു. ഈ പദ്ധതിയിലുള്‍പ്പെടുത്തിയ 100 നഗരങ്ങളില്‍ ഒന്നാണ് അജ്മീര്‍. എന്നാല്‍ അജ്മീറുകാര്‍ അതിനെത്രത്തോളം സജ്ജരാണ്?

പ്രചാരണം നടക്കുമ്പോഴും ഈ സ്മാര്‍ട് സിറ്റി എന്താണെന്ന് ഇവിടുത്തുകാരില്‍ പലര്‍ക്കും അത്ര ധാരണ പോര. തെക്കന്‍ കൊറിയയിലും, ദുബായിലും, ചൈനയിലുമുള്ള സ്മാര്‍ട് സിറ്റികളോടുള്ള മോദിയുടെ അതിശയം കലര്‍ന്ന അഭിനിവേശം ഇന്ത്യയില്‍ പകര്‍ത്തുകയാണെന്ന് മറ്റ് ചിലര്‍ കരുതുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ മാറ്റത്തിന്റെ സൂചന കൂടിയാണ് ഈ പദ്ധതിയെന്ന് നിരീക്ഷകര്‍ കരുതുന്നു. ‘ഇന്ത്യ അതിന്റെ ഗ്രാമങ്ങളില്‍ ജീവിക്കുന്നു’ എന്ന ഗാന്ധിയന്‍ ബോധത്തിലേക്ക് തൊട്ടുകിടക്കുന്ന രീതിയില്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക തീരുമാനങ്ങളെ എത്രയോ പതിറ്റാണ്ടുകളായി സ്വാധീനിച്ചിരുന്നത് ഗ്രാമങ്ങളാണ്. പക്ഷേ നയകര്‍ത്താക്കള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത രീതിയില്‍ ത്വരിതഗതിയിലാണ് ഇപ്പോള്‍ നഗരവത്കരണം നടക്കുന്നത്.

350 ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഭാഗരങ്ങളിലാണ് ജീവിക്കുന്നത്. മക്കിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട് പ്രകാരം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ നഗര വിപുലീകരണം ‘ഇന്ത്യ ഇതുവരെ കാണാത്ത വേഗത്തിലായിരിക്കും.’ 2030-ഓടെ 600 ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഞെരുങ്ങിയ അടിസ്ഥാനസൌകര്യങ്ങളുമായി തിരക്കുപിടിച്ച നഗരങ്ങളിലായിരിക്കും ജീവിക്കുക.

കഴിഞ്ഞ സര്‍ക്കാരിന്റെ ഗ്രാമ കേന്ദ്രീകൃത നയത്തില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളെ സാമ്പത്തിക മുന്നേറ്റത്തിന്റെ കുന്തമുനകളാക്കാനാണ് മോദി ലക്ഷ്യമിടുന്നത്. 2030 ആകുമ്പോള്‍ ഇന്ത്യയുടെ സമ്പദ് രംഗത്തില്‍  നഗരങ്ങളുടെ പങ്ക് 70% ആയിരിക്കും എന്നാണ് ഔദ്യോഗിക കണക്ക്.

“പണ്ട് നഗരങ്ങള്‍ പണിതിരുന്നത് നദീതടങ്ങളിലായിരുന്നു. ഇപ്പോള്‍ അവ പണിയുന്നത് ദേശീയ പാതകളോട് ചേര്‍ന്നാണ്. പക്ഷേ ഭാവിയില്‍ അവ പണിയാന്‍ പോകുന്നത് ഓപ്റ്റിക് ഫൈബര്‍ ശൃംഖലയും നൂതനമായ അടിസ്ഥാന സൌകര്യങ്ങളും ഉള്ളിടത്തായിരിക്കും,” കഴിഞ്ഞ വര്‍ഷം മോദി പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ആഗോള നഗര നിര്‍മ്മാണ രൂപകര്‍ത്താക്കള്‍ക്കിടയില്‍ സ്മാര്‍ട്-സിറ്റി തരംഗമാണ്. ആളുകള്‍ എങ്ങനെ ജീവിക്കുന്നു, അവരുടെ ഊര്‍ജോപഭോഗം, തൊഴില്‍, ആരോഗ്യം, സുരക്ഷാ എന്നിവയെ സൂക്ഷ്മമായി നിയന്ത്രിക്കുന്ന കനത്ത നിരീക്ഷണ-രഹസ്യ സംവിധാനങ്ങള്‍ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നു.

ജീര്‍ണാവസ്ഥയിലുള്ള നഗരങ്ങളുടെ പുനരുജ്ജീവനവും പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കലും മോദി പദ്ധതിയുടെ ഭാഗമാണ്. വാള്‍സ്ട്രീറ്റ് പോലുള്ള സാമ്പത്തിക നഗര കേന്ദ്രം സ്ഥാപിക്കാന്‍ മോദിയുടെ നാടായ ഗുജറാത്തില്‍ GIFT എന്ന പേരില്‍ തുടങ്ങിയ ശ്രമം വലിയ പെരുമ്പറ മുഴക്കിയെങ്കിലും ഇപ്പൊഴും എവിടേയും എത്തിയിട്ടില്ല.

മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയ സമയത്ത് അജ്മീര്‍ അടക്കം മൂന്നു നഗരങ്ങളെയാണ് സ്മാര്‍ട് സിറ്റികളാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തെരഞ്ഞെടുത്തത്. നഗരത്തിലെ സങ്കീര്‍ണ പ്രശ്നങ്ങളായ വെള്ളം, ഗതാഗതം, മാലിന്യം തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്ച്ച ചെയ്യാന്‍ IBM, Oracle തുടങ്ങി നിരവധി കമ്പനികളുടെ പ്രതിനിധികള്‍ അജ്മീറിലെ അധികൃതരുമായി കഴിഞ്ഞ മാസം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

“21-ആം നോറ്റാണ്ടിലെ സാങ്കേതികവിദ്യ കൊണ്ടുവരാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അജ്മീറില്‍ 19-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കേണ്ടതുണ്ട്,” ആ യോഗം സംഘടിപ്പിച്ച യു എസ്-ഇന്ത്യ വ്യാപാര സമിതി അദ്ധ്യക്ഷന്‍ മുകേഷ് അഘി പറഞ്ഞു. “പ്രാഥമിക സേവനങ്ങളായ ശുചിത്വം, ആരോഗ്യം,റോഡുകള്‍, വൈദ്യുതി എന്നിവ ഈ പഴയ നഗരങ്ങളില്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ നമുക്കുപയോഗിക്കാനാകും.”

ഉപയോക്താക്കള്‍ക്കും ഊര്‍ജ സംരക്ഷണത്തിനും ഉപകരിക്കുന്ന സ്മാര്‍ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുന്ന ഒരു ആദ്യപദ്ധതിക്ക് അമേരിക്കന്‍ കമ്പനികള്‍ ആലോചിക്കുന്നു.

തങ്ങളുടേത് സ്മാര്‍ട് സിറ്റിയായി പ്രഖ്യാപിച്ചുകൊണ്ട് അജ്മീറുകാര്‍ ഇതിനകം പരസ്യപ്പലക ഉയര്‍ത്തിക്കഴിഞ്ഞു. പക്ഷേ ഇത് അജ്മീറിന് മുകളില്‍ അടിച്ചേല്‍പ്പിച്ച  സാങ്കേതികവിദ്യയുടെ നഗര ഭാവനാവിലാസവും ഭൂമി, കെട്ടിട നിര്‍മ്മാണ കമ്പനികളുടെ പണിയുമാണെന്നും പലരും കരുതുന്നു.

“സ്മാര്‍ട് സിറ്റി ആകുന്നതിന് മുമ്പ് ആദ്യം നമുക്ക് പ്രവര്‍ത്തിക്കുന്ന ഒരു നഗരമായി മാറാനാകുമോ? ഒരു നഗരത്തിന് വേണ്ട പ്രാഥമിക സൌകര്യങ്ങള്‍ പോലും നമുക്കില്ല,”‘എന്റെ വൃത്തിയുള്ള വിദ്യാലയം’ എന്ന ശുചിത്വ പദ്ധതി നടപ്പാക്കുന്ന വിരമിച്ച അദ്ധ്യാപകന്‍ സുരേഷ് മാത്ഥൂര്‍ പറയുന്നു.

മറ്റ് ചില വിമര്‍ശകര്‍ ഇതിനെ മോദിയുടെ 21-ആം നൂറ്റാണ്ടിലെ നഗര ഉടോപ്യ ആയി തള്ളിക്കളയുന്നു. കുടിവെള്ളവും, വൈദ്യുതിയും മറ്റു പ്രാഥമിക സൌകര്യങ്ങളും ഇതിനകം ലഭ്യമായ ധനിക രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കാണ് ഇത് യോജിക്കുക എന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പദ്ധതി അജ്മീറിന്റെ പ്രശസ്തമായ സാംസ്കാരിക പൈതൃകത്തെ തകര്‍ക്കുമെന്ന് കരുതുന്നവരുമുണ്ട്.

“സ്മാര്‍ട് സിറ്റിയുടെ ഒരു ഒന്നാം ലോക ആശയത്തെ നമുക്കിവിടെ പകര്‍ത്താന്‍ സാധ്യമല്ല. അത് സാംസ്കാരികമായും യോജിക്കുന്നതാവണം,” രാജസ്ഥാന്‍ പൈതൃക സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ ഓംകാര്‍ സിംഗ് ലഖാവത്ത് പറഞ്ഞു.

പദ്ധതിയുടെ ഗുണങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്താനായി അധികൃതര്‍ കഴിഞ്ഞ 5 മാസത്തിനുള്ളില്‍ 22 യോഗങ്ങള്‍ നടത്തി. ഇതിനുള്ള പണം കണ്ടെത്തലാണ് വലിയ കടമ്പ എന്നു അഘി പറഞ്ഞു. നഗരസഭകളെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണ്. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ പദ്ധതിയില്‍ നിക്ഷേപം നടത്തണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ മതിപ്പ് കണക്കുകള്‍ ഇനിയും ഉണ്ടാക്കിയിട്ടില്ല.

തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കാന്‍ സ്വകാര്യ കമ്പനികള്‍ നഗരവാസികളെ പിഴിയും എന്നാണ് പൊതുവേയുള്ള തോന്നല്‍. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം . കഴിഞ്ഞവര്‍ഷം അജ്മീറില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജത്തിന് ഒരു സ്വകാര്യകമ്പനി കരാര്‍ എടുത്തപ്പോള്‍ ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും പണം നല്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

“എല്ലാം സര്‍ക്കാര്‍ നല്കണം എന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ട്,” മേയര്‍ കമാല്‍ ബകോലിയ പറഞ്ഞു.

അജ്മീറിലെ സൂഫി പള്ളിയിലേക്ക് നീളുന്ന ഇടുങ്ങിയ നിരവധി വഴികളില്‍ അജ്മീറിന്റെ പുതിയ പദവി തമാശക്കും സംസാരത്തിനും വഴിയൊരുക്കുന്നു. നാറുന്ന ഓടയ്ക്ക്ക്കു സമീപം മൂക്കുപൊത്തിപ്പിടിച്ച ഒരു സന്ദര്‍ശക ചോദിക്കുന്നു, “എന്നാണ് നിങ്ങളുടെ നഗരം സ്മാര്‍ട് ആവുക?”

സ്മാര്‍ട്ടാക്കാന്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് താന്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 12 പൈതൃക നഗരങ്ങളുടെ പട്ടികയിലും മോദി അജ്മീറിനെ ഉള്‍പ്പെടുത്തിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്മീറിനെ ചെരിരഹിത നഗരമാക്കാനും ശ്രമങ്ങള്‍ തിടങ്ങിയിരുന്നു.

“സ്മാര്‍ട് സിറ്റി വാര്‍ത്തകള്‍ തുടങ്ങിയതിന് ശേഷം ഭൂമി വില കുതിച്ചുയര്‍ന്നു,” സൂഫി പള്ളിയുടെ സൂക്ഷിപ്പുകാരന്‍ മുനാവര്‍ ഹുസൈന്‍ പറഞ്ഞു. “ഞങ്ങള്‍ ലോകമറിയുന്ന നഗരമാണ്, പക്ഷേ ലോകനിലവാരത്തിലുള്ള നഗരമാകാന്‍ ഇനിയും കാത്തിരിക്കണം.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍