UPDATES

ഉയർന്ന ജാതിക്കാരനായ മോദി രാഷ്ട്രീയ നേട്ടത്തിനായി തന്റെ ജാതിയെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി: മായാവതി

ജാതിരാഷ്ട്രീയം കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നവരാണ് ബിജെപിക്കെതിരെ യുപിയിൽ സഖ്യം ചേർന്നിരിക്കുന്നതെന്ന മോദിയുടെ ആരോപണത്തിനു പിന്നാലെയാണ് മായാവതിയുടെ പ്രസ്താവന.

രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ ജാതിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റിയയാളാണ് നരേന്ദ്രമോദിയെന്ന് ബിഎസ്പി നേതാവ് മായാവതി. ജാതിരാഷ്ട്രീയം കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നവരാണ് ബിജെപിക്കെതിരെ യുപിയിൽ സഖ്യം ചേർന്നിരിക്കുന്നതെന്ന മോദിയുടെ ആരോപണത്തിനു പിന്നാലെയാണ് മായാവതി ഈ പ്രസ്താവന നടത്തിയത്. തന്നെ ഒരു ‘നീച’ വ്യക്തിയായി പ്രതിപക്ഷം കാണുന്നുവെന്നും മോദി ആരോപിച്ചിരുന്നു. ഉയർന്ന ജാതിക്കാരനായ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ജാതിയെ ഒബിസി വിഭാഗത്തിൽ പെടുത്തുകയായിരുന്നെന്ന് മായാവതി പറഞ്ഞു. മോദി ജനിച്ചത് താഴ്ന്ന ജാതിക്കാരനായല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ലഖ്നൗവില്‍ ഒരു വാർത്താ സമ്മളനത്തിലാണ് മായാവതി ഈ ആരോപണമുന്നയിച്ചത്.

ഉത്തർപ്രദേശിലെ കന്നൗജിൽ വെച്ചായിരുന്നു ജാതിരാഷ്ട്രീയം സംബന്ധിച്ച മോദിയുടെ പ്രസ്താവന. തന്നെ മായാവതി-അഖിലേഷ് സഖ്യം ജാത്യാധിക്ഷേപം ചെയ്യുന്നതായും അദ്ദേഹം ആരോപിക്കുകയുണ്ടായി. പിന്നാക്കജാതിക്കാർ സേവകരാണെന്നും അതിനാൽത്തന്നെ തനിക്ക് പിന്നാക്കജാതിക്കാരനാണെന്നതിൽ അഭിമാനമേയുള്ളൂവെന്നും മോദി സൂചിപ്പിക്കുകയുണ്ടായി. “എന്റെ ശത്രുക്കൾ ജാത്യാധിക്ഷേപം നടത്തുന്നതു വരെ ആർക്കും എന്റെ ജാതിയേതെന്ന് അറിയുമായിരുന്നില്ല. മായാവതിയും അഖിലേഷും കോൺഗ്രസ്സും എന്റെ ജാതിയെപ്പറ്റി ചർച്ച ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു പിന്നാക്ക ജാതിയിൽ ജനിക്കുന്നത് രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് ഞാൻ കാണുന്നത്,” -മോദി പറഞ്ഞു.

ദളിത് സാമൂഹ്യപരിഷ്കർത്താവായ അംബേദ്കറെ ചതിച്ചവർക്കൊപ്പമാണ് ബിഎസ്പി നേതാവ് മായാവതി ഇപ്പോൾ ചേർന്നിരിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. അംബേദ്കറുടെ പേരിൽ വോട്ട് ചോദിക്കുന്നവർ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് യാതൊന്നും പഠിച്ചില്ലെന്നും മോദി പറഞ്ഞു. എങ്ങനെയെങ്കിലും അധികാരക്കസേരയിലെത്തുക എന്നത് മാത്രമാണ് മായാവതിയുടെ ലക്ഷ്യം. ഇക്കാരണത്താലാണ് അംബേദ്കറെ എതിർത്തവർക്കൊപ്പം മായാവതി ചേർന്ന് വോട്ട് ചോദിക്കുന്നത്. കന്നൗജിൽ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴും മോദി ജാതിരാഷ്ട്രീയം വിഷയമാക്കി. “ഞാൻ നിങ്ങളോട് തൊഴുകൈകളോടെ പറയുകയാണ്. എനിക്കിതിൽ ഒരു പങ്കുമില്ല. രാജ്യത്തെ 130 കോടി ജനങ്ങളും എന്റെ കുടുംബമാണ്.” -മോദി പറഞ്ഞു.

സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും സഖ്യം ചേർന്നാണ് യുപിയിൽ മത്സരിക്കുന്നത്. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മത്സരിക്കുന്നു. ആർഎൽഡിക്ക് മൂന്ന് സീറ്റുകളും നൽകിയിട്ടുണ്ട്.

മോദിയുടെ ജാതി

മോധ് ഗഞ്ചി തേലി ജാതിവിഭാഗത്തിൽ പെട്ടയാളാണ് നരേന്ദ്രമോദി. എണ്ണയാട്ടൽ കുലത്തൊഴിലായ ഇവർ ഗുജറാത്തിലെ ഉയർന്ന ജാതിവിഭാഗമായിരുന്നു. ഉത്തരേന്ത്യയിലെ ജാതിവ്യവസ്ഥാ രീതിപ്രകാരം ഇവർ വൈശ്യരാണ്. ‘മോദി’ എന്ന വാക്കിന് ഗുജറാത്തിയിൽ ‘കച്ചവടക്കാരൻ’ എന്നാണർത്ഥം. പാരമ്പര്യമായി ഇവർ കച്ചവടം ചെയ്ത് ജീവിക്കുന്നവരാണ്. ‘മോധ്’ എന്ന വാക്ക് കച്ചവടം ചെയ്യുന്ന എല്ലാ ജാതിവിഭാഗങ്ങളും ഉപയോഗിക്കാറുമുണ്ട്. മഹാത്മാഗാന്ധി മോധ് വണിയ ആയിരുന്നു. മോധ് ബ്രാഹ്മണരും ഉണ്ട്.

1994ൽ തന്നെ മോധ് ഗഞ്ചി വിഭാഗത്തെ ഒബിസി വിഭാഗത്തിൽ പെടുത്താനുള്ള ശ്രമങ്ങൾ സംഘടിതമായി നടന്നിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതോടെ കാര്യങ്ങൾ കുറെക്കൂടി എളുപ്പമായി. 2001 സെപ്തംബർ 6നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. ഈ സന്ദർഭത്തിൽ ബിജെപിയാണ് അധികാരത്തിൽ. മോദി ഒരു മാസത്തിനു ശേഷം മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.

2002 ജനുവരി മാസത്തിൽ പുതുക്കിയ ഒബിസി പട്ടിക ഗുജറാത്ത് സർക്കാരിന്റെ സോഷ്യൽ ജസ്റ്റിസ് എംപവർമെന്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. കേശുഭായി പട്ടേലിന്റെ ഉയർന്ന ജാതിക്കാരനെന്ന പ്രതിച്ഛായയെ മോദി അക്കാലത്ത് ലക്ഷ്യം വെച്ചിരുന്നതായി ആരോപണമുണ്ട്. ‘പിന്നാക്ക ജാതിക്കാരൻ’ എന്ന കാർഡ് പിൽക്കാലത്ത് പാർട്ടിക്കുള്ളിൽ മോദി സമര്‍ത്ഥമായി ഉപയോഗിച്ചെന്നാണ് ആരോപണം.

താൻ ‘നീച ജാതി’യിൽ പെട്ടയാളാണെന്ന് 2014 തെരഞ്ഞെടുപ്പു കാലത്തും പ്രസ്താവിച്ചിരുന്നു. ഉത്തർപ്രദേശിലും ബിഹാറിലുമെല്ലാം ഈ അടവ് മോദി പ്രയോഗിക്കുകയുണ്ടായി. നീചജാതിക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ഏത് ജാതിയാണ് താനെന്ന് മോദി എവിടെയും പറയാറില്ല. ഇതിനെ ചോദ്യം ചെയ്ത് 2014ൽ മായാവതി രംഗത്തെത്തുകയുണ്ടായി. മോദി താൻ ഏതു ജാതിക്കാരനാണെന്ന് പറയാത്തതെന്തെന്ന് അവർ ചോദ്യമുന്നയിച്ചു. ഗുജറാത്ത് കലാപത്തെ ചൂണ്ടിക്കാട്ട് തന്നെ ‘നീചൻ’ എന്ന് വിശേഷിപ്പിക്കുന്നവരെയെല്ലാം മോദി നേരിട്ടത് പ്രസ്തുത വാക്കിലെ ജാതിസൂചനയെ എടുത്തുകാണിച്ചാണ്. ജാതിയിൽ താഴ്ന്നവരെയും ‘നീച്’ എന്ന് വിളിക്കാറുള്ളതിലേക്ക് ചർച്ചയെ വഴിതിരിച്ചു വിടാൻ മോദിക്ക് സാധിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയാണ് ഇതിൽ ആദ്യം കുടുങ്ങിയത്. മോദിയെ ‘നീചൻ’ എന്നു വിശേഷിപ്പിച്ച വധ്രയെ ജാത്യാധിക്ഷേപം നടത്തിയയാളെന്ന് തിരിച്ചടിച്ചു മോദി.

യാദവ വോട്ടുകളെയും ദളിത് വോട്ടുകളെയും ലക്ഷ്യം വെച്ചുള്ള നീക്കം ഉത്തർപ്രദേശിൽ 2014ലെ തെരഞ്ഞെടുപ്പിൽ മോദി വിദഗ്ധമായി പയറ്റി. സമാനമായ തന്ത്രമാണ് ഇത്തവണയും മോദിക്ക് ഉപയോഗിക്കാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍