UPDATES

നേരത്തിന് ഭക്ഷിക്കുമ്പോൾ വിശപ്പറിയില്ല, ജനാധിപത്യം ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ: അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് മൻ കി ബാത്തിൽ മോദി

ജലസംരക്ഷണത്തെക്കുറിച്ചാണ് മോദി ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമായും സംസാരിച്ചത്.

ഇന്നത്തെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് അപേക്ഷകൾ രാജ്യത്തെ ജനങ്ങളുടെ മുമ്പിൽ വെച്ചു. ശുചിത്വ പരിപാടി ഒരു വലിയ ജനകീയ മുന്നേറ്റമായി ഏറ്റെടുത്ത ജനങ്ങൾ മറ്റൊരു മുന്നേറ്റത്തിനു കൂടി തയ്യാറാകണം. ജലസംരക്ഷണം ഒരു മുന്നേറ്റമായി ജനം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാമത്തെ അപേക്ഷയും ജലസംരക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. രാജ്യത്ത് ജലസംരക്ഷണത്തിന് നിരവധി പരമ്പരാഗത മാർഗങ്ങൾ നിലവിലുണ്ട്. ഈ വിവരങ്ങൾ സർക്കാരിന് കൈമാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

മൂന്നാമത്തെ അപേക്ഷയിൽ‌ ജലസംരക്ഷണ മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകിയ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വരൾച്ച ബാധിച്ച സാഹചര്യത്തിലാണ് മോദിയുടെ മൻ കി ബാത്ത്. മൺസൂൺ മഴ മിക്കയിടത്തും ശരിയായി ലഭിച്ചിട്ടില്ല. ഇത്തവണ മൺസൂൺ മോശമാകുകയാണെങ്കിൽ മാന്ദ്യത്തിൽ നീങ്ങുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് അതൊരു വലിയ തിരിച്ചടിയായി മാറും.

ജലസംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും ഇതിലേക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാൻ ജലശക്തി മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ മന്ത്രാലയം അതിവേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുമിച്ച് പ്രവർത്തിച്ചാൽ ജലപ്രതിസന്ധി നേരിടാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റ ഫോർമുല കൊണ്ട് രാജ്യത്തെ ജലപ്രശ്നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുമുഖമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. ജലപ്രശ്നത്തെ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട് താൻ ഗ്രാമമുഖ്യന്മാർക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാൻ ഗ്രാമമുഖ്യന്മാർക്കേ സാധിക്കൂം എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായാണ് സ്ത്രീകൾ ഇത്രയേറെ ഉത്സാഹത്തോടെ വോട്ടു ചെയ്യാനെത്തിയതെന്ന് അദ്ദേഹം മൻ കി ബാത്തിൽ അവകാശപ്പെട്ടു. ജനങ്ങൾ ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച സന്ദർഭമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

നെഹ്റു കുടുംബത്തെ ലക്ഷ്യം വെക്കുന്ന നയം രണ്ടാം മോദി സർക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ മന്‍ കി ബാത്തിലും പ്രധാനമന്ത്രി തുടർന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയാണ് മോദി വിഷയമാക്കിയത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയക്കാർക്കിടയിലല്ല പ്രതിരോധം രൂപപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കിടയിലാണ് പ്രതിഷേധമുണ്ടായത്. തങ്ങളിൽ നിന്നും എന്തോ മോഷ്ടിക്കപ്പെട്ടെന്ന് ജനങ്ങൾ തിരിച്ചറിയുകയായിരുന്നു അന്നെന്ന് മോദി വിശദീകരിച്ചു. സമയത്തിന് ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് വിശപ്പറിയില്ല. അതുപോലെയാണ് ജനാധിപത്യ അവകാശങ്ങളുടെ കാര്യവും. അത് നിലനില്‍ക്കുമ്പോൾ അതിന്റെ വിലയറിയില്ല, മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍