UPDATES

ട്രെന്‍ഡിങ്ങ്

‘ഹിറ്റ്‌ലിസ്റ്റിലാണ് ഞാന്‍’: മോദിയുടെ അസഹിഷ്ണുതയെ വിമര്‍ശിച്ച് ബിജെപി എംപി

‘ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ലെന്നും പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോപാകുലനാവുകയാണ് അദ്ദേഹം ചെയ്യുന്നത്- ബിജെപി എംപി നാന പട്ടോലെ

തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന അസഹിഷ്ണുതയെ കുറിച്ച് പ്രതിപക്ഷം ദീര്‍ഘകാലമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്കെതിരെ ‘ഏകാധിപത്യപരമായ’ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തുന്നവരുടെ വായടപ്പിക്കുന്നതിലാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്നും നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതെല്ലാം ബിജെപി, സംഘപരിവാര്‍ വൃത്തങ്ങളുടെ പുറത്തുനിന്നുള്ള പരാതികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ അസഹിഷ്ണുതയെ വിമര്‍ശിച്ചുകൊണ്ട് ഒരു ബിജെപി എംപി തന്നെ രംഗത്തെത്തിയിരിക്കുന്നു.

ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ലെന്നും പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോപാകുലനാവുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി നാന പട്ടോലെ തുറന്നടിച്ചു. നാഗ്പൂരില്‍ ചേര്‍ന്ന കാര്‍ഷീക പ്രതിസന്ധിയെ കുറിച്ചുള്ള ഒരു യോഗത്തില്‍ വച്ചാണ് ബണ്ടാര-ഗോണ്ഡ്യയില്‍ നിന്നുള്ള ബിജെപി എംപിയായ പട്ടോലെ പ്രധാനമന്ത്രിക്കെതിരായ രൂക്ഷവിമര്‍ശനം പരസ്യമായി ഉന്നയിച്ചത്. ബിജെപി എംപിമാരുടെ അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ വച്ച് പ്രത്യേക പിന്നോക്ക വിഭാഗ മന്ത്രാലയം, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ താന്‍ ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി തന്നോട് ചൂടാവുകയും വായമൂടാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

‘ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദിക്ക് ഇഷ്ടമല്ല. ബിജെപി എംപിമാരുടെ ഒരു യോഗത്തില്‍ വച്ച് ഒബിസി മന്ത്രാലയം, കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഞാന്‍ ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന് വലിയ ദേഷ്യം വന്നു. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, നിങ്ങള്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ വായിച്ചിട്ടുണ്ടോ, വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വല്ല ധാരണയുമുണ്ടോ തുടങ്ങിയ മറുചോദ്യങ്ങള്‍ ചോദിക്കുകയാണ് അദ്ദേഹം ചെയ്യുക,’ എന്ന് ചടങ്ങില്‍ വച്ച് പട്ടോലെ പറഞ്ഞു.

യോഗത്തില്‍ വച്ച് താന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘വാമൂടാനാണ്’ മോദി ആവശ്യപ്പെട്ടതെന്നും ബിജെപി എംപി ആരോപിക്കുന്നു. ഹരിത നികുതി വര്‍ദ്ധിപ്പിക്കല്‍, ഒബിസി മന്ത്രാലയം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ കേന്ദ്ര നിക്ഷേപങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് എംപിമാരുടെ യോഗത്തില്‍ വച്ച് താന്‍ ഉന്നയിച്ചതെന്നും പട്ടോലെ പറയുന്നു. ബിജെപി എംപിമാരുടെ യോഗം മോദി ഇടയ്ക്കിടെ വിളിച്ച് ചേര്‍ക്കുമെങ്കിലും അവിടെ ചോദ്യങ്ങള്‍ ഉയരുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല എന്നും മഹാരാഷ്ട്രയില്‍ നിന്നും എംപി പറയുന്നു.

യോഗത്തില്‍ വച്ച് പട്ടോലെയ്ക്ക് മോദിയില്‍ നിന്നും നല്ല ശകാരം കിട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന് കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്ട്‌നാവിസ് പരാജയപ്പെട്ടെന്നും പട്ടോലെ ആരോപിക്കുന്നു. രാജ്യത്തിന്റെ ഖജനാവിലേക്ക് സംസ്ഥാനം വളരെ സംഭാവനകള്‍ നല്‍കുമ്പോഴും മഹാരാഷ്ട്രയ്ക്കുള്ള കേന്ദ്ര വിഹിതം കുറയുകയാണ്. സാധാരണ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പ് വിളിച്ച് ചേര്‍ക്കാറുണ്ടായിരുന്ന സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപിമാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും ഭട്ട്‌നാവിസ് തയ്യാറാവുന്നില്ലെന്നും പട്ടോലെ ചൂണ്ടിക്കാട്ടുന്നു.

‘കേന്ദ്ര മന്ത്രിമാരെല്ലാം ഭീതിയുടെ പിടിയിലാണ്. അതുകൊണ്ടുതന്നെ മന്ത്രി പദവിയില്‍ എനിക്ക് താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ ഹിറ്റ്‌ലിസ്റ്റിലാണ്. എന്നാല്‍ എനിക്ക് ആരെയും ഭയമില്ല,’ എന്നും നാന പട്ടോലെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍