UPDATES

സാക്കിർ നായിക്കിനെ വിട്ടുകിട്ടൽ: മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മോദി വിഷയം ഉന്നയിച്ചെന്ന് റിപ്പോർട്ട്

സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ പലപ്രകാരം ശ്രമിച്ചിട്ടുള്ളതാണ്. എല്ലാം പരാജയപ്പെട്ടു. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും അതംഗീകരിക്കാൻ മലേഷ്യ തയ്യാറാവുകയുണ്ടായില്ല.

മലേഷ്യയിൽ അഭയം തേടിയ ഇന്ത്യൻ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി സംസാരിച്ചെന്ന് വിവരം. റഷ്യയിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറം ഉച്ചകോടിക്കിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

2017 മുതൽ മലേഷ്യയിൽ പാർക്കുകയാണ് സാക്കിർ നായിക്ക്. ഇന്ത്യയിൽ തീവ്രവാദ പ്രചാരണം നടത്തിയത് അടക്കമുള്ള കേസുകൾ ഇദ്ദേഹം നേരിടുന്നുണ്ട്. രാജ്യത്തെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കാരണമാകുന്നുണ്ടെന്നും ആരോപണമുണ്ട്. ധാക്കയിലെ ഹോളി ആര്‍ട്ടിസാൻ ബേക്കറിയിൽ 2016ൽ നടന്ന സ്ഫോടനത്തിലും സാക്കിറിനെതിരെ കേസ്സുണ്ട്. നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ധാക്ക കൂട്ടക്കൊലയെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

പ്രധാനമന്ത്രി ഈ വിഷയം ചർച്ചയിലുന്നയിച്ചതു സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. മലേഷ്യൻ പ്രധാനമന്ത്രി ഇതിൽ അനുകൂലമായാണ് പ്രതികരിച്ചതെന്ന് മറ്റുചില വൃത്തങ്ങളെ ആധാരമാക്കി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം വിഷയങ്ങൾ നേതൃതലത്തിലല്ല ആഴത്തിലുള്ള ചർച്ചകൾക്ക് വിധേയമാക്കുക എന്ന് പ്രസ്തുത വൃത്തങ്ങൾ സൂചിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. അതായത് ഉദ്യോഗസ്ഥ തലത്തിലായിരിക്കും ഇതിൽ തുടർന്നുള്ള കാര്യങ്ങൾ.

സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ പലപ്രകാരം ശ്രമിച്ചിട്ടുള്ളതാണ്. എല്ലാം പരാജയപ്പെട്ടു. ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും അതംഗീകരിക്കാൻ മലേഷ്യ തയ്യാറാവുകയുണ്ടായില്ല. കുറ്റവാളികളെ കൈമാറാൻ മലേഷ്യയുമായി കരാറുള്ള രാജ്യമാണ് ഇന്ത്യ. സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനിടെ കണ്ടുകെട്ടി. വസ്തുക്കള്‍ അടക്കം ഇതുവരെ സാക്കിര്‍ നായിക്കിന്റെ 50.49 കോടി രൂപയുടെ സ്വത്തുക്കള്‍ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) പ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്. മുംബയിലെ ഫാത്തിമ ഹൈറ്റ്‌സ്, ആഫിയ ഹൈറ്റ്‌സ് കെട്ടിടങ്ങള്‍, ഭാന്ദൂപിലെ ഒരു രഹസ്യ പദ്ധതി കെട്ടിടം, പൂനെയിലെ എന്‍ഗ്രേസിയ എന്നിവയാണ് കണ്ടുകെട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍