UPDATES

വയനാട്ടിൽ രാജ്യം തോറ്റോ? ധാർഷ്ട്യത്തിന് ഒരതിരുണ്ടെന്ന് കോൺഗ്രസ്സിനോട് പ്രധാനമന്ത്രി

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തന്നെ ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

‌രാജ്യത്തെ ജനവിധിയെ ചോദ്യം ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ്സിനെതിരെ രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്രമണം. തങ്ങൾക്കേറ്റ പരാജയത്തെ അംഗീകരിക്കാൻ ഇപ്പോഴും കോൺഗ്രസ്സിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിലരിവിടെ പറയുന്നതു കേട്ടു, ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും രാജ്യം തോറ്റുവെന്ന്. രാജ്യം വയനാട്ടിൽ തോറ്റോ? രാജ്യം റായ് ബറേലിയിൽ തോറ്റോ? ബെഹ്റാംപൂരിലും തിരുവനന്തപുരത്തും തോറ്റോ? കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റു എന്ന് പറയുന്നത് എന്തുതരം വാദമാണ്? ധാർഷ്ട്യത്തിനൊക്കെ ഒരതിരുണ്ട്,” മോദി പറഞ്ഞു.

ഇന്ത്യയും കോൺഗ്രസ്സും ഒന്നാണെന്നാണോ തന്റെ കോൺഗ്രസ് സുഹൃത്തുക്കൾ കരുതുന്നതെന്നും മോദി ചോദിച്ചു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രക്രിയയെ ബഹുമാനിക്കാനും ജനാധിപത്യത്തെ ബഹുമാനിക്കാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തന്നെ ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീനുകളിൽ തിരിമറി നടക്കുന്നുവെന്ന ബിഎസ്പി നേതാവ് മായാവതിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ചിലർ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രശ്നങ്ങളെക്കുറിച്ച് സഭയിൽ പറയുന്നത് ഞാൻ കേട്ടു. അവരോടെനിക്ക് ഒന്നു പറയാനുണ്ട്. ഞങ്ങൾക്ക് സഭയിൽ രണ്ട് എംപിമാർ മാത്രം ഉണ്ടായിരുന്ന കാലമുണ്ട്. പക്ഷെ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പോളിങ് ബൂത്തുകളിൽ ഞങ്ങൾ ഒഴികഴിവ് പറയുകയോ പരാതി പറയുകയോ ചെയ്തിരുന്നില്ല,” മോദി വിശദീകരിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ എതിർക്കുന്നവർ സാങ്കേതിക വളർച്ചയെ എതിർക്കുന്നവരാണെന്ന വാദവും പ്രധാനമന്ത്രി ഉയർത്തി. ഡിജിറ്റൽ ഇടപാടുകളെയും ആധാറിനെയും ജിഎസ്ടിയെയും ഭീം ആപ്പിനെയുമെല്ലാം എതിർക്കുന്നവരാണവർ. ഈ നിഷേധാത്മകതയാണ് ചില പാർട്ടികൾ തെരഞ്ഞെടുപ്പിൽ ജയിക്കാത്തതിനു കാരണമെന്നും മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍