UPDATES

‘ഹൗഡി മോഡി’ ഇന്ത്യയുടെ ഭാവി ലോകനേതൃത്വത്തിന്റെ പ്രകാശനമെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ; മറുപടിയായി മോദിയുടെ നന്ദിപ്രകാശനം

യുഎസ്സുമായുള്ള ബന്ധം ഉറപ്പിച്ചതിൽ മുരളി ദിയോറയുടെ പങ്ക് അംഗീകരിച്ചു കൊണ്ടായിരുന്നു മോദിയുടെ മറുപടി ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നുള്ള ആദരം സമ്പാദിച്ച് കോൺഗ്രസ്സിന്റെ യുവനേതാവ് മിലിന്ദ് ദിയോറ. കഴിഞ്ഞദിവസം ദിയോറ മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് നന്ദി അറിയിച്ച് മോദി മറുട്വീറ്റ് ചെയ്യുകയുമുണ്ടായി. നല്ലത് ചെയ്താൽ അഭിനന്ദിക്കണമെന്ന കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായപ്രകടനമുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെയാണ് മോദിയെ അഭിനന്ദിച്ച് ദിയോറ രംഗത്തു വന്നിരിക്കുന്നത്.

ഇന്ത്യയുടെ മൃദു നയതന്ത്രസമീപനത്തിന്റെ നിർണായക നീക്കമായാണ് യുഎസ്സിലെ ഹൂസ്റ്റണിൽ ‘ഹൗഡി മോഡി’ പരിപാടിയിൽ മോദി നടത്തിയ പ്രസംഗത്തെ മിലിന്ദ് വിശേഷിപ്പിച്ചത്. യുഎസ്സിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരുമായ തന്റെ സുഹൃത്തുക്കൾ ഇന്ത്യയുടെ ഭാവി നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നും ദിയോറ ട്വീറ്റ് ചെയ്യുകയുണ്ടായി.

വലിയ അംഗീകാരമാണ് കോൺഗ്രസ് യുവനേതാവിന് മറുപക്ഷത്തു നിന്നും ലഭിച്ചത്. മോദിക്കു പിന്നാലെ കായിക സഹമന്ത്രി കിരൺ റിജ്ജുവും അഭിനന്ദനവുമായി രംഗത്തെത്തി. മിലിന്ദ് ദിയോറയുടേത് പക്വമായ രാഷ്ട്രീയ പ്രസ്താവനയാണെന്നാണ് കിരൺ റിജ്ജു പ്രതികരിച്ചത്.

ഇന്ത്യ-യുഎസ് ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിൽ തന്റെ പിതാവ് മുരളി ദിയോറ വഹിച്ച പങ്കിനെക്കുറിച്ചും മിലിന്ദ് പറയുകയുണ്ടായി. ഡോണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ച വിധവും അദ്ദേഹത്തിന്റെ ആതിഥ്യ മര്യാദകളും എല്ലാ ഇന്ത്യാക്കാരെയും അഭിമാനം കൊള്ളിക്കുന്നതായും ദിയോറ ട്വീറ്റിൽ പറഞ്ഞു.

യുഎസ്സുമായുള്ള ബന്ധം ഉറപ്പിച്ചതിൽ മുരളി ദിയോറയുടെ പങ്ക് അംഗീകരിച്ചു കൊണ്ടായിരുന്നു മോദിയുടെ മറുപടി ട്വീറ്റ്. മിലിന്ദിന് നന്ദിയും മോദി പ്രകാശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍