UPDATES

‘ആലിംഗനവും ഞെരുക്കലും തമ്മിലുള്ള വ്യത്യാസം ഞാനറിഞ്ഞത് പാർലമെന്റിൽ വെച്ച്’; രാഹുൽ ഗാന്ധിയെ കുത്തി മോദിയുടെ അവസാന പ്രസംഗം

ആധാർ നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചതായി പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയില്‍ ആദ്യമായി ഒരു സർക്കാർ പൂർണ ഭൂരിപക്ഷത്തോടെ ഭരണത്തിൽ വരുന്നതാണ് 2014ൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാബിനറ്റിൽ ഇത്രയധികം വനിതാ മന്ത്രിമാരുണ്ടായ മറ്റൊരു കാലമുണ്ടായിട്ടില്ലെന്ന് മോദി പാർലമെന്റിലെ തന്റെ അവസാന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യ തന്റെ ഭരണകാലത്ത് ഡിജിറ്റൽ ലോകത്തിൽ ഒരു ഇടമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യ വലിയ തോതിൽ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. മേക്ക് ഇൻ ഇന്ത്യ ഇതിലേക്കുള്ള നല്ലൊരു ചുവടു വെയ്പ്പായിരുന്നു. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ മികച്ച മുന്നേറ്റമാണ് തന്റെ ഭരണകാലത്തുണ്ടാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോഴും മാലിദ്വീപിൽ ജലദൗർലഭ്യമുണ്ടായപ്പോഴും ഇന്ത്യ ഇടപെട്ടു.

കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ശക്തമായ നിയമങ്ങള്‍ ഈ ഭരണകാലത്താണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി ബിൽ പാസ്സാക്കിയത് ഈ സർക്കാരാണ്. സഹകരണത്തിന്റെയും കക്ഷിരാഷ്ട്രീയഭേദ രാഹിത്യത്തിന്റെയും ഉദാഹരണമായി മാറി ഈ ബില്ല് പാസ്സാക്കിയ സന്ദർഭം.

ആഗോളതാപനം ലോകത്തെല്ലായിടത്തും ചർച്ചയായ ഘട്ടത്തിൽ ആ പ്രശ്നത്തെ നേരിടാൻ അന്തർദ്ദേശീയ സൗര സഖ്യമുണ്ടാക്കാൻ പ്രയത്നിച്ചത് ഇന്ത്യയാണെന്ന് മോദി പാർലമെന്റിൽ പറഞ്ഞു. രാജ്യത്തിന്റെ ആത്മവിശ്വാസം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ വളരെ നല്ലൊരു ലക്ഷണമായാണ് താൻ കാണുന്നതെന്നും ആത്മവിശ്വാസം വികസനത്തിന് ഊർജം നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ആധാർ നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചതായി പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുമായി സഭയിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്ന് മോദി ഓർമിച്ചു. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ തന്റെ ചിന്താപദ്ധതിയെ സഹായിച്ചിട്ടുണ്ട്. ആലിംഗനവും ഞെരുക്കലും തമ്മിലുള്ള വ്യത്യാസം താൻ ആദ്യമായി അറിഞ്ഞത് ഈ സഭയിൽ വെച്ചാണെന്ന് രാഹുൽ ഗാന്ധിയുടെ ആലിംഗനത്തെ വ്യംഗ്യമായി സൂചിപ്പിച്ച് മോദി പ്രസ്താവിച്ചത് സഭയിൽ ചിരിയുയർത്തി. ഇന്ന് ലോക ഹഗ് ഡേ ആണെന്ന പ്രത്യേകതയും ഈ പ്രസ്താവനയ്ക്കു പിന്നിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍