UPDATES

പാർലമെന്റ് ചുമതലകളിൽ നിന്നും വിട്ടു നിൽക്കുന്ന മന്ത്രിമാരുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

പാർലമെന്ററികാര്യ മന്ത്രിയായ പ്രഹ്ലാദ് ജോഷിക്കാണ് ഹാജരില്ലാത്ത മന്ത്രിമാരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാനുള്ള ചുമതല.

തങ്ങളെ ഏൽപ്പിച്ചിട്ടുള്ള പാർലമെന്റ് ചുമതലകൾ നിർവ്വഹിക്കാതെ മാറി നിൽക്കുന്ന മന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പാർലമെന്റിൽ ഹാജരാകാതിരിക്കുന്നവരുടെ പേരുവിവരങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തിൽ പങ്കെടുക്കാത്ത മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാൻ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് ആവശ്യപ്പെട്ടത്.

പാർലമെന്ററികാര്യ മന്ത്രിയായ പ്രഹ്ലാദ് ജോഷിക്കാണ് ഹാജരില്ലാത്ത മന്ത്രിമാരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാനുള്ള ചുമതല. ജനങ്ങളുടെ പ്രശ്നങ്ങളിലിടപെടാൻ രാഷ്ട്രീയാതീതമായി പ്രവർത്തിക്കണമെന്ന് മോദി യോഗത്തിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകള്‍ പറയുന്നു. എംപിമാർ അതാത് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകൻ തന്റെ മണ്ഡലത്തിലെ ഒരു സംഭവത്തിലിടപ്പെട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ വിമർശിച്ചും മോദി നേരത്തെ രംഗത്തു വന്നിരുന്നു.

മന്ത്രിമാർ വീട്ടിലിരുന്ന് ജോലി ചെയ്യരുതെന്നും സമയത്തിന് ഓഫീസിലെത്തണമെന്നും നേരത്തെ മോദി ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നുമെല്ലാം അന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷവും മന്ത്രിമാരിൽ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നതിനാലാണ് എല്ലാവരുടെയും പേരുവിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍