UPDATES

മോദി വാരണാസിയില്‍ തന്നെ മത്സരിച്ചേക്കും; പുരിയിലുമുണ്ടാകുമോ?

ബിജെപി പാര്‍ലമെന്ററി ബോര്‍ഡും മോദി വാരണാസിയില്‍ മത്സരിക്കട്ടെ എന്ന നിലപാടിലാണ്. അതേസമയം ഇത്തവണയും മോദി രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമോ എന്നും അത് പുരിയായിരിക്കുമോ എന്നും വ്യക്തമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും വാരണാസിയില്‍ തന്നെ ജനവിധി തേടിയേക്കും. മോദി ഒഡീഷയിലെ പുരിയിലേയ്ക്ക് മത്സരം മാറ്റിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് സാധ്യതയില്ലെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദ്രയിലുമാണ് മോദി മത്സരിച്ചത്. രണ്ട് സീറ്റിലും വിജയിച്ചപ്പോള്‍ വഡോദ്ര ഉപേക്ഷിച്ചു.

ഒഡീഷയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നോ ഇല്ലെന്നോ മോദി പറഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും അല്‍പ്പം പണിയാവട്ടെ എന്നാണ് മോദി പറഞ്ഞത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡും മോദി വാരണാസിയില്‍ മത്സരിക്കട്ടെ എന്ന നിലപാടിലാണ്. അതേസമയം ഇത്തവണയും മോദി രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമോ എന്നും അത് പുരിയായിരിക്കുമോ എന്നും വ്യക്തമല്ല.

മോദി പുരിയില്‍ മത്സരിക്കുക എന്ന നിര്‍ദ്ദേശത്തിന് അയല്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെല്ലാം സ്വാധീനം ചെല്ലുത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മോദി യുപിയില്‍ മത്സരിച്ചത് 80ല്‍ 71 സീറ്റ് നേടാന്‍ ബിജെപിയെ സഹായിച്ചതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഒഡീഷയിലും ബംഗാളിലും തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ബിജെപി വക്താവ് സംബിത് പത്രയ്ക്ക് പുരി സീറ്റില്‍ കണ്ണുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഈയാഴ്ച ചേരും. വാരണാസിയില്‍ മേയ് 19നാണ് വോട്ടെടുപ്പ്. ലോക്‌സസഭ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേയും ഘട്ടത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍