UPDATES

വാര്‍ത്തകള്‍

നരേന്ദ്രമോദിക്ക് ഞാന്‍ മരിച്ചു കാണണം: അര്‍വിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ മരിച്ചു കാണണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയലുമായി ട്വിറ്ററില്‍ നടത്തിയ വാഗ്വാദത്തിനിടയിലാണ് ഈ ഗുരുതരമായ ആരോപണം ഡല്‍ഹി മുഖ്യമന്ത്രി ഉയര്‍ത്തിയത്. തലസ്ഥാനത്ത് പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ് എന്നത് ഈ ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നു.

കഴിഞ്ഞദിവസം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിക്ക് സംഭവിച്ചത് തനിക്കും സംഭവിച്ചേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു ട്വിറ്ററില്‍ ഗോയല്‍. “നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ സംശയമാണ് എന്നത് ദുഖകരമാണ്. ഡല്‍ഹി പൊലീസിനെ നിങ്ങള്‍ നാണം കെടുത്തി. നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാം. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കുക. ദീര്‍ഘായുസ്സ് നേരുന്നു” എന്നായിരുന്നു ഗോയലിന്റെ ട്വീറ്റ്.

ഈ ട്വീറ്റിന് കെജ്രിവാള്‍ ഇങ്ങനെ മറുപടി നല്‍കി: “വിജയ്ജി, എന്റെ സുരക്ഷാ ഉദ്യോഗസ്ഥരല്ല, മോദിജിക്കാണ് എന്നെ കൊല്ലേണ്ടത്.”

സുരക്ഷാ വലയം ഭേദിച്ച് ഒരാള്‍ തന്റെ അടുക്കലെത്തുകയും അടിക്കുകയും ചെയ്ത സംഭവത്തിനു ശേഷമാണ് കെജ്രിവാളിന് തന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയത്. നേരത്തെയും ഇത്തരം ആക്രമണങ്ങള്‍ കെജ്രിവാളിന് നേരിടേണ്ടി വന്നിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു ഇന്ദിരയെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്ന പരാമര്‍ശം. ഇതിനോട് കടുത്ത രീതിയിലാണ് ബിജെപി പ്രതികരിച്ചത്. കെജ്രിവാളിന്റെ സുരക്ഷാസംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി പൊലീസിന് എഴുതുകയുണ്ടായി. മുഖ്യമന്ത്രിയോട് മാപ്പ് പറയാനാവശ്യപ്പെടണമെന്നും പൊലീസിനോട് കത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ ഗൂഢാലോചന പ്രകാരമാണ് തനിക്കു നേരെയുള്ള ആക്രമണം നടന്നതെന്ന് പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായി. ഷൂ ഏറ്, മഷിയൊഴിക്കല്‍, മുളകുപൊടി എറിയില്‍ തുടങ്ങി പല തരത്തില്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട് കെജ്രിവാള്‍. ഡല്‍ഹി പൊലീസിന്റെ സുരക്ഷാവലയങ്ങള്‍ പലവട്ടം അക്രമികള്‍ ഭേദിക്കുകയുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടാകാമെന്ന് കെജ്രിവാള്‍ പറഞ്ഞത്.

തന്നെയും തന്റെ മന്ത്രിസഭാംഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി ലക്ഷ്യം വെക്കുന്നതിനെതിരെയും കെജ്രിവാള്‍ രംഗത്തുണ്ടായിരുന്നു. ഭരണഘടനാവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍