UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദിയുടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല: 17 ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് 3000 കോടി രൂപ

സിബിഐ നടത്തിയ 21 റെയ്ഡുകളിലും എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ 17 റെയ്ഡുകളിലുമാണ് രേഖകളെല്ലാം പിടിച്ചെടുത്തത്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിരവ് മോദി നടത്തിയ 11,000 കോടി രൂപയുടെ തട്ടിപ്പിന് പിന്നാലെ കൂടുതല്‍ തട്ടിപ്പുകളും പുറത്തു വരുന്നു. അന്വേഷണ ഏജന്‍സി 17 ബാങ്കുകളില്‍ നടത്തിയ പരിശോധനകളില്‍ 3000 കോടി രൂപയുടെ സമാനമായ തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ബാങ്കുകളെല്ലാം നിരവ് മോദിയുടെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഈ തുക വായ്പയായി നല്‍കിയിരിക്കുന്നത്.

ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മുഖ്യസ്ഥാപനത്തിന്റെ പേരിലെടുത്ത വായ്പ ഉള്‍പ്പെടെയാണ് ഇത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 194 കോടി, ദേനാ ബാങ്കില്‍ നിന്നും 153.25, വിജയ ബാങ്കില്‍ നിന്നും 150.15 കോടി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 127 കോടി, സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും 125 കോടി, ഓറിയന്റല്‍ ബാങ്കില്‍ നിന്നും 120 കോടി, യൂണിയന്‍ ബാങ്കില്‍ നിന്നും 110 കോടി. ഐഡിബിഐ, അലഹബാദ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും 100 കോടി വീതം എന്നിങ്ങനെയാണ് നടത്തിയ തട്ടിപ്പുകളില്‍ പ്രധാനപ്പെട്ടവ.

ഈ വായ്പകളില്‍ 1980 കോടി രൂപയും എടുത്തിരിക്കുന്നത് ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട രേഖകള്‍ പറയുന്നു. നോണ്‍ ഫണ്ട് ബേസ്ഡ് ഫെസിലിറ്റി പ്രകാരം 500 കോടി രൂപയും ഈ ബാങ്കുകള്‍ മോദിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 കോടി രൂപ മാത്രമാണ് തിരികെ അടച്ചത്. മോദി തട്ടിച്ചെടുത്ത 11,000 കോടിയില്‍ അധികവും വായ്പയായോ തിരിമറിയോ ആയി വാങ്ങിയതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കണ്ടെത്തിയിട്ടുണ്ട്.

സിബിഐ നടത്തിയ 21 റെയ്ഡുകളിലും എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ 17 റെയ്ഡുകളിലുമാണ് രേഖകളെല്ലാം പിടിച്ചെടുത്തത്. ബാങ്കുകളുടെ വിദേശ അക്കൗണ്ടുകള്‍ വഴിയാണ് പണം പിന്‍വലിച്ചത്. ഇതിനായി പുതിയ എല്‍ഒയുവും പുതുക്കിയ എല്‍ഒയുവും ഉപയോഗിച്ചിട്ടുണ്ട്. ഇത് നിയമ വിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഈ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ ഏതാനും ബാങ്ക് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത മാത്രമല്ല ഓഡിറ്റിംഗിനെക്കുറിച്ച് കൂടിയുള്ള സംശയമാണ് ഉയരുന്നത്.

ഇതിനിടെ നിരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. മോദിയെ കണ്ടെത്താനായി ഇന്റര്‍പോള്‍ വിവിധ രാജ്യങ്ങള്‍ക്ക് നോട്ടീസ് അയച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മോദിയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ 2011നും 17നും ഇടയില്‍ 150 എല്‍ഒയുകളാണ് ബാങ്കുകളില്‍ നിന്നും നേടിയെടുത്തത്. അക്കൗണ്ട് ഉള്ള ബാങ്കുകള്‍ വിദേശ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാനായി നല്‍കുന്ന ശുപാര്‍ശയാണ് എംഒയു. 11,000 കോടി രൂപ തട്ടിയെടുത്തത് ഈ 150 എംഒയു ഉപയോഗിച്ചാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍