UPDATES

ട്രെന്‍ഡിങ്ങ്

ചിദംബരത്തിനു പിന്നാലെ ശിവകുമാറും അറസ്റ്റിലായതോടെ തളര്‍ന്ന് കോണ്‍ഗ്രസ്; എത്രയും വേഗം പുറത്തുവരാന്‍ താന്‍ പ്രാര്‍ഥിക്കുമെന്ന് യെദിയൂരപ്പ

ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോണ്‍ഗ്രസില്‍ തന്ത്രപരമായ നീക്കങ്ങളും ഇടപെടലുകളും കൊണ്ട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ ഒരു നേതാവിനെയാണ് ഇന്നലെ എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ പി. ചിദംബരത്തിന് പിന്നാലെ ഡി.കെ എന്ന് വിളിക്കുന്ന ശിവകുമാറിന്റെയും അറസ്റ്റ് കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റ് എന്ന് ആരോപിക്കുമ്പോഴും എങ്ങനെയാണ് അറസ്റ്റുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടേണ്ടതെന്ന് കോണ്‍ഗ്രസിന് വ്യക്തതയില്ല. അതേസമയം അറസ്റ്റിനെ സ്വാഭാവിക നിയമ നടപടിയെന്ന മട്ടില്‍ ലളിതവത്ക്കരിക്കനാണ് ബിജെപിയുടെ ശ്രമം. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പ്രതികരണം ഇതിന്റെ സൂചനയായിരുന്നു

ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ ഒരു സന്തോഷവും ഇല്ലെന്നാണ് യെദിയൂരപ്പ പറഞ്ഞത്.  ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ മുഖ്യമന്ത്രി. “ശിവകുമാറിന് എത്രയും വേഗം പുറത്തിറങ്ങാന്‍ കഴിയട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരു തരത്തിലുമുള്ള സന്തോഷവുമില്ല”, യെദിയൂരപ്പ  പറഞ്ഞു. ജീവിതത്തില്‍ ആരെയും വെറുക്കുന്ന വ്യക്തിയല്ല താന്‍. നിയമം നിയമത്തിന്റെ വഴിയിലുടെ സഞ്ചരിക്കട്ടെ. ശിവകുമാര്‍ പുറത്തിറങ്ങിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനും ബിജെപിക്കെതിരായ തന്ത്രങ്ങളുടെ കുന്തമുനയുമായ ഡി.കെ ശിവകുമാറിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ ശിവകുമാര്‍ തയ്യാറാകുന്നില്ലെന്നാണ് അധികൃതര്‍ ആരോപിച്ചത്.

2017 ഓഗസ്റ്റില്‍ ഡി കെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 300 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയായിരുന്നു. ഡല്‍ഹിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ 300 കോടിയിലേറെ രൂപ പിടിച്ചെടുത്തതിലും ശിവകുമാറിന് പങ്കുണ്ട് എന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.

ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു ശിവകുമാറിനെതിരായ റെയ്ഡുകള്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്ന കാലം. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ രാജ്യസഭാ തോല്‍പ്പിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി സംരക്ഷിച്ചു നിര്‍ത്തിയത് ഡി.കെ ശിവകുമാറായിരുന്നു. അതിനിടയിലാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റ റെയ്ഡുകള്‍ നടന്നത്. അന്ന് തന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ടായിരുന്നു.

കര്‍ണാടകത്തില്‍ ജെഡി(എസ്)- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരകനും ഡി.കെ ശിവകുമാറായിരുന്നു. കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരെ ബിജെപി ചാക്കിടുന്നത് ഒരു വര്‍ഷം വരെ ചെറുത്തുനിന്നതിലും ശിവകുമാറിന്റെ പങ്ക് വലുതായിരുന്നു. ഭരണ നഷ്ടത്തിന് ശേഷം പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് ശിവകുമാറിനെ പിസിസി അധ്യക്ഷനാക്കുമെന്നും സൂചനയുണ്ടായിരുന്നു. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ ബിജെപി നേതാക്കള്‍ക്ക് അഭിനന്ദനമെന്നായിരുന്നു ശിവകുമാറിന്റെ ആദ്യ പ്രതികരണം. രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചെങ്കിലും ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയില്ല.

പി ചിദംബരത്തിന്റെ അറസ്റ്റിന് രണ്ടാഴ്ചയ്ക്കകത്താണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രമുഖന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ചിദംബരം ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ കാണമെങ്കിലും കോടതിയില്‍നിന്ന് ഇതുവരെ അനുകൂലമായ സമീപനം ഈ കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയില്ലന്നതും കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കുന്നു. അഴിമതിക്കെതിരായ നീക്കത്തിന്റെ ഭാഗമാണ് അന്വേഷണമെന്ന ബിജെപിയുടെ വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ഇതുവരെ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി വലിയ രൂപത്തില്‍ രാജ്യത്തെ ബാധിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയാതെ സ്വയം പ്രതിരോധം ചമയ്‌ക്കേണ്ട അവസ്ഥയിലാണ് മുഖ്യ പ്രതിപക്ഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍