UPDATES

മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സംരക്ഷണം പിന്‍വലിക്കല്‍; രാജീവ് ഗാന്ധി വധിക്കപ്പെട്ടത് വി.പി സിംഗ് സുരക്ഷ പിന്‍വലിച്ചതുകൊണ്ടോ?

മന്‍മോഹന്‍ സിംഗിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളോ?

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനുള്ള സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം ഒരിടവേളയ്ക്ക് ശേഷം രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തിരിച്ചെത്തിക്കുകയാണ്. രാജീവ് ഗാന്ധിക്ക് നല്‍കിയിരുന്ന എസ്പിജി സുരക്ഷ വി.പി സിംഗ് സര്‍ക്കാര്‍ പിന്‍വലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്നുണ്ടായിരുന്ന വിമര്‍ശനം.

രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വിമര്‍ശനം ഉന്നയിച്ചത്. വി.പി സിംഗിന്റെ രാഷ്ട്രീയ വിരോധത്ത തുടര്‍ന്നാണ് എസ്പിജി സംരക്ഷണം പിന്‍വലിച്ചതെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. രാഷ്ട്രീയ താത്പര്യവും ദീര്‍ഘദൃഷ്ടിയില്ലായ്മയുമാണ് വി.പി സിംഗിനെ നയിച്ചതെന്നും ജെയിന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, വി.പി സിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ജസ്റ്റീസ്  ജയിനെ കമ്മീഷനായി നിയമിച്ചത്.

എന്നാല്‍ ജെയിന്‍ കമ്മീഷന്റെ ആരോപണങ്ങളെ വി.പി സിംഗ് തള്ളിക്കളയുകയാണ് ചെയ്തത്. കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കണ്ടെത്തലുകളെ എതിര്‍ത്തുകൊണ്ട് വി.പി സിംഗ് രേഖമൂലമായി തന്നെ മറുപടിയും തയ്യാറാക്കി. എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന വാദം. എസ്പിജി സുരക്ഷ സംബന്ധിച്ച കാലാവധി പൂര്‍ത്തിയായപ്പോള്‍ സ്വാഭാവികമായും ഇല്ലാതായതാണെന്ന് അദ്ദേഹം മറുപടിയില്‍ വിശദികരിച്ചു.

രാജീവ് ഗാന്ധിക്ക് ഏര്‍പ്പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ജി ദേശ്മുഖിനെ ചുമതലപ്പെടുത്തിയിരുന്നതായും രാജീവിൻ്റെ  വിശ്വസ്തരായ ആറ് എസ്പിജി ഓഫീസര്‍മാരെ ഡല്‍ഹിയിലേക്ക് ഇതിനായി മാറ്റി നിയമിക്കുകയും ചെയ്തതായും വി.പി സിംഗ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്പിജി ആക്ട് ഭേദഗതി ചെയ്ത് മുന്‍ പ്രധാനമന്ത്രിമാരെ അതിന്റെ പരിധിയില്‍ കൊണ്ടുവരാതിരുന്നത് ദേശ്മുഖിന്റെ ശുപാര്‍ശയെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരെ എസ്പിജി സുരക്ഷയില്‍ കൊണ്ടുവരാതിരുന്നത് രാജീവ് ഗാന്ധി തന്നെയാണെന്നായിരുന്നു വിപി സിംഗിന്റെ വാദം. ഏര്‍പ്പെടുത്തിയ എല്ലാ സുരക്ഷ സംവിധാനങ്ങളും ലംഘിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധിയുടെ പെരുമാറ്റങ്ങളും അപകടത്തിന് കാരണമായെന്ന നിലപാടാണ് വി പി സിംഗ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യീദ്, രാജീവ് ഗാന്ധിക്ക് കത്തയച്ച കാര്യവും വി.പി സിംഗ് ചൂണ്ടിക്കാട്ടി. സുരക്ഷ പ്രശ്‌നമല്ല മറിച്ച്, എല്‍ടിടിഇ-യെ പിന്തുണച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

രാജീവ് ഗാന്ധിയുമായുള്ള വിയോജിപ്പുകളെ തുടര്‍ന്നാണ് വി.പി സിംഗ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് ഇടതുപാര്‍ട്ടികളുടെയും ബിജെപിയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെയായിരുന്നു വി.പി സിംഗ് പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി ആയ ശേഷം  രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ അദ്ദേഹം പിന്‍വലിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ എല്‍ടിടിഇ നടത്തിയ ചാവേര്‍ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എല്‍ടിടിഇയെ നേരിടാന്‍ ഇന്ത്യന്‍ സമാധാന സേനയെ അയച്ചതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1985-ലാണ് എസ്പിജി സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1988-ല്‍ ഇതുസംബന്ധിച്ച ആക്ട് പാര്‍ലമെന്റ് പാസ്സാക്കി. എന്നാല്‍ ഈ ഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഉണ്ടായിരുന്നില്ല. 1989-ല്‍ വി.പി സിംഗ് അധികാരത്തില്‍ വന്നതോടെ രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചു. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ആ വര്‍ഷം തന്നെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും കുറഞ്ഞത് 10 വര്‍ഷം കൂടി എസ്പിജി സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നു.

1999-ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്പിജി സുരക്ഷ സംബന്ധിച്ച് നടത്തിയ അവലോകനത്തെ തുടര്‍ന്ന് അന്ന് മുന്‍ പ്രധാനമന്ത്രിമാരയിരുന്ന നരസിംഹ റാവു, എച്ച്.ഡി ദേവ ഗൌഡ, ഐ.കെ ഗുജ്റാള്‍ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. 2003-ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്യുകയും 10 വര്‍ഷം കുറഞ്ഞ സുരക്ഷ എന്നത് അധികാരമൊഴിഞ്ഞ് ഒരു വര്‍ഷം എന്നാക്കി മാറ്റുകയും പിന്നീട് സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ മാറ്റുകയും ചെയ്തിരുന്നു.

Also Read: മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു, പ്രത്യേക സംരക്ഷണം ഇനി മോദിക്കും സോണിയാ കുടുംബത്തിനും മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍