UPDATES

ദളിതര്‍ എന്ന പുതിയ ‘മുസ്ലീം’-ഹരീഷ് ഖരെ എഴുതുന്നു

‘പുതിയ ഇന്ത്യ’യുടെ രാഷ്ട്രീയം അവിശ്വാസത്തിന്റേതാണ്

ഹരീഷ് ഖരെ

ഹരീഷ് ഖരെ

വ്യവസ്ഥയുടെ നടത്തിപ്പുകാരും മാധ്യമങ്ങളും അടക്കം പരസ്യമായി സമ്മതിക്കാന്‍ അറച്ചുനിന്ന ഒരു കാര്യം ഉറക്കെപ്പറയാന്‍ ജോലിയിലിരിക്കുന്ന ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍- ഗുജറാത്ത് ചീഫ് സെക്രട്ടറി തന്നെ- വേണ്ടി വന്നു; ഗുജറാത്തിലെ ജനങ്ങള്‍ ബി ജെ പിക്ക് കഷ്ടിച്ചുള്ള ഭൂരിപക്ഷം മാത്രം നല്‍കിയതിന്റെ കാരണം കര്‍ഷകര്‍ ‘ദുരിതത്തിലും’ യുവാക്കളുടെ തൊഴിലില്ലായ്മയും കൊണ്ടാണ്. കുശാഗ്രബുദ്ധിയുള്ള നേതാക്കള്‍ പലരും, പ്രത്യേകിച്ചും നാഗ്പൂരിലെ ഗുരുക്കന്മാരും നിരീക്ഷകരും, ഉടനേ തലപുകയ്ക്കാന്‍ തുടങ്ങിയിരിക്കണം. അപ്പോഴതാ മഹാരാഷ്ട്ര.

ഗുജറാത്ത് മാതൃകയിലെ വികസനം രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കില്ലെന്നും നഗരങ്ങളിലെ തൊഴില്‍ശേഷിയുടെ കുറഞ്ഞ ഉപയോഗവും ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് പോയിട്ടു നേരിയ മാറ്റമുണ്ടാക്കാന്‍ പോലും അതിനാവില്ലെന്നും നീതി ആയോഗിലെ കനത്ത തുക കൈപ്പറ്റുന്ന ഉപദേശകര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കുമറിയാം; എന്തൊക്കെ സംഭവിച്ചാലും 2019-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അതൊട്ടും നടക്കില്ല. എന്‍ ഡി എ സര്‍ക്കാര്‍ അടുത്ത 16 മാസം എന്തൊക്കെ ചെയ്താലും ഇന്ത്യ ദരിദ്രവും അസമവുമായ ഒരു രാജ്യവുമായിത്തന്നെ തുടരും. ദരിദ്രരായ മനുഷ്യര്‍ ഗ്രാമങ്ങളില്‍ ചിതറിക്കിടക്കും. അതിന്റെ ദുരിതങ്ങളും ചവര്‍പ്പും കയ്പ്പും മാറ്റമില്ലാതെ തുടരും. സാമ്പത്തിക ദുരിതത്തിന്റെ ജീവിതരേഖകള്‍ മുമ്പെന്നത്തെക്കാളും രൂക്ഷമാണ്. ‘അച്ഛെ ദിന്‍’ എന്ന വാഗ്ദാനത്തില്‍ മയങ്ങിവീഴാന്‍ ജനങ്ങള്‍ തങ്ങളെ വിട്ടുകൊടുക്കണമെന്നില്ല. പക്ഷേ ഗ്രാമങ്ങളിലെ സമ്മതിദായകരെ തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിന്നും തടയാന്‍ നാടകത്തില്‍ ചില ശ്രദ്ധതിരിക്കലുകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് പൊടുന്നനെ കൊറിഗാവ് ഭീമ പോരാട്ടത്തെച്ചൊല്ലിയുള്ള ഈ സംഘര്‍ഷം. അക്രമം അതിന്റെ അളവില്‍ കുറവായിരിക്കാം; എന്നാല്‍ അക്രമത്തിന് മേല്‍ നല്‍കുന്ന ആഖ്യാനമാണ് അതിന്റെ നൃശംസനീയതയെ വെളിവാക്കുന്നത്.

സമൂഹത്തില്‍ ക്രമവും വിശ്വാസവും ഐക്യവും ഉണ്ടാക്കുകയാണ് രാഷ്ട്രീയത്തിന്റെ പ്രാഥമികമായ ചുമതല. ഒരു മാതൃക രാഷ്ട്രീയ സമൂഹം വാഗ്ദാനം ചെയ്യുന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കാളിത്തവും ബഹുമാനവും ഉള്‍ക്കൊള്ളലുമാണ്. സാധ്യമായത്രയും വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നു എന്നതാണു ജനാധിപത്യം അതിന്റെ മികവായി എടുത്തുകാണിക്കുന്നത്. ഈ സാധ്യതയാണ് ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസ്യത ഉണ്ടാക്കുന്നത്. സമത്വവും ന്യായവുമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിനുള്ള അതിന്റെ ശേഷിയാണ് ഈ സാധുത അതിനു പ്രദാനം ചെയ്യുന്നത്. ഈ ജനാധിപത്യ ആദര്‍ശം അതിന്റേ തന്നെ വൈരുദ്ധ്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഏറ്റുമുട്ടല്‍ മാത്രമല്ല ആദിമൂലാസ്തിത്വങ്ങളുടെ ബന്ധങ്ങളും, വിധേയത്വവും, സഹതാപവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള വേദി കൂടിയാകുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പും ധിക്കാരികളായ വിജയികളെയും പകപൂണ്ട പരാജിതരെയുമാണ് സൃഷ്ടിക്കുന്നത്.

മേവാനി തുറന്ന പോരാട്ടത്തിന്; മനുസ്മൃതിയും ഭരണഘടനയുമായി മോദിയുടെ ഓഫിസിലേക്ക്‌

ആദ്യത്തെ ആറ് പതിറ്റാണ്ട് നമ്മുടെ റിപ്പബ്ലിക് ഒരുതരത്തിലുള്ള നെഹ്റൂവിയന്‍ ക്രമം കൊണ്ടുനടന്നിരുന്നു. വിശ്വാസ്യതയുടെ രാഷ്ട്രീയമായിരുന്നു ഇതിന്റെ ആണിക്കല്ല്-നേതാക്കളും, രാഷ്ട്രീയ കക്ഷികളും, സമ്മതിദായകരും ബഹുസ്വരതയെയും വൈവിധ്യത്തെയും വൈജാത്യങ്ങളെയും സര്‍വാത്മനാ അംഗീകരിച്ചിരുന്നു. പൌരത്വത്തിന്റെ വിധ ഘടകങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ നമുക്കൊരു ഭരണഘടനയും അതുണ്ടാക്കിയ സ്ഥാപനങ്ങളും ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയക്കാരും രാഷ്ട്രീയ കക്ഷികളുമാണ് സമൂഹത്തിലെ വിശ്വാസ്യതയും ഐക്യവും നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിയത്. കാമരാജ്, വൈ ബി ചവാന്‍, ദേവരാജ് അരസ് തുടങ്ങിയ രാഷ്ട്രീയക്കാര്‍ ഈ ഉള്‍ക്കൊള്ളലിന്റെ വ്യാകരണം സ്വായത്തമാക്കിയവരായിരുന്നു. നാം കര്‍പ്പൂരി താക്കുറിനെയും ലാലു പ്രസാദ് യാദവിനെയും മായാവതിയെയും സൃഷ്ടിച്ചു. സാമൂഹ്യമായ സംതൃപ്തി ഭാഗികമായിരുന്നു. എന്നാല്‍ രാഷ്ട്രീയമായ ഇടം ആര്‍ക്കും നിഷേധിക്കാതിരുന്നതിനാല്‍ നിഷേധാത്മകമായ അസംതൃപ്തി ഉണ്ടായിരുന്നില്ല.

മറാത്തകള്‍ ആക്രോശിച്ചു, ‘മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല’; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

അപ്പോഴാണ്, 1990-കളുടെ ആദ്യത്തില്‍ നമ്മള്‍ വിപണി അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലേക്ക് മാറിയത്. അതൊരു പുതിയ രാഷ്ട്രീയത്തെയും ആവശ്യപ്പെട്ടു. നാം ഉടനേ പണിതുടങ്ങി; നമ്മള്‍ ‘1992 ഡിസംബര്‍ 6’ അരങ്ങേറ്റി. കുറച്ചു വര്‍ഷത്തിനുള്ളില്‍ നമുക്ക് ഒരു പുതിയ ഇന്ത്യന്‍ മധ്യവര്‍ഗത്തേ കിട്ടി, അടല്‍ ബിഹാരി വാജ്പേയി ‘സ്വീകാര്യനായ’ മുഖമായി. അന്നു മുതല്‍ നമുക്ക് നമ്മുടെ കൈകളിലുള്ളത് പൂര്‍ത്തിയാകാത്ത ഒരു ആഭ്യന്തര രാഷ്ട്രീയ യുദ്ധമാണ്. 2014 മെയ് മാസത്തില്‍ അത് ഏതാണ്ടൊരു തീര്‍പ്പിലെത്തി. ഒരു ‘പുതിയ ഇന്ത്യ’യുടെ പ്രഭാതം പ്രഖ്യാപിക്കപ്പെട്ടു, ഒരു ‘പുതിയതരം സ്വാഭാവികത’ നിര്‍മ്മിക്കാനും തുടങ്ങി.
ഈ ‘പുതിയ സ്വാഭാവികതയില്‍’ അസംതൃപ്തി പുകയുന്നുണ്ട്. എല്ലാ ഉപജാതികളെയും തൃപ്തിപ്പെടുത്തുന്ന അടവുകളുടെ പേരില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ അഹങ്കരിക്കുന്നുണ്ടാകാം. പക്ഷേ ഈ പ്രക്രിയയില്‍ സമൂഹത്തിന്റെ എല്ലാ പുരാതന ഭിന്നതകളും കൂടുതല്‍ തെളിയുകയാണ്. എന്നാല്‍ ഉല്‍ക്കൊള്ളല്‍ ഇല്ലാത്ത വിധേയത്വമാണ് ബി ജെ പി നേതൃത്വം ആവശ്യപ്പെടുന്നത്. സ്വത്വം, ജാതി, സമുദായം എല്ലാത്തിനെയും ലയിപ്പിക്കാന്‍ ഹിന്ദുത്വവാദം ലക്ഷ്യമിടുന്നു. പ്രാദേശിക അസംതൃപ്തികള്‍ക്കും പരാതികള്‍ക്കും മുകളിലായി ദേശഭക്തി, പാകിസ്ഥാന്‍ വിരുദ്ധത, ഇന്ത്യന്‍ സൈന്യം, കുല്‍ഭൂഷന്‍ ജാദവ് എന്നിങ്ങനെ ഇന്ത്യയിലാകേ പരത്താവുന്ന വൈകാരികതകളുടെ മുന്‍ഗണനകളാണ് അവര്‍ ആവശ്യപ്പെടുന്നത്.

ജയ്റ്റ്‌ലി എന്ന ‘ജീനിയസും’ മോദിയുടെ ജിഡിപിയും (‘ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ്’)

ദേശീയ/ഹിന്ദുത്വ മുദ്രാവാക്യങ്ങളുടെ പേരിലാണെങ്കില്‍ തെരുവുകളിലെ അക്രമം മാന്യമായ ഒന്നായിക്കാണാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മെ ശീലിപ്പിക്കുകയാണ്. സാധൂകരിക്കപ്പെട്ട ഈ ഹിംസയും ഭീഷണിയും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പ്രാദേശിക ഭാഷാ പത്രങ്ങളുടെ പുറങ്ങള്‍ നിറയെ സാധാരണ പൌരന്‍മാര്‍ക്ക് നേരെയുള്ള ഇത്തരം അക്രമത്തിന്റെ വാര്‍ത്തകളാണ്. നവ സാമൂഹ്യ മാധ്യമങ്ങള്‍ വിഷം തുപ്പുന്നു. നമ്മുടെ ക്ഷുദ്രതയ്ക്കിടയിലും നാം കേമത്തം നടിക്കാന്‍ ശ്രമിക്കുകയാണ്. ഒരു ക്രിസ്തുമസ് സംഭാവന ചോദിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യക്കു നേരെ അധിക്ഷേപങ്ങളുടെ പെരുമഴയാണ്.

ഇപ്പോള്‍ 2017-ല്‍ ഗുജറാത്ത് കഴിഞ്ഞിരിക്കുന്നു. ദളിതര്‍, പിന്നാക്കക്കാര്‍, മറ്റ് സാമൂഹ്യ അസംതൃപ്തിയുള്ള സംഘങ്ങള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ട്. പുതിയ ഇന്ത്യ, വികസനം, ഗുജറാത്തി അഭിമാനം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. മുതിര്‍ന്ന പട്ടേല്‍ മന്ത്രി തന്റെ സമുദായത്തിനുള്ള അസംതൃപ്തിയുടെ ഭാഗമായി ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. കോലി മന്ത്രിമാരും അസംതൃപ്തരാണ്.

ഭീമ കൊറിഗാവ്: ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്ക് സുഖവാസം; ബിജെപി ‘ബലിയാടു’കളെ തേടുന്നു

ആശയക്കുഴപ്പങ്ങള്‍ ബി ജെ പിക്കിപ്പോള്‍ കൈനിറയെയാണ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കൊണ്ട് ദളിതരേയും മുസ്ലീങ്ങളെയും ഒതുക്കാം, പക്ഷേ അവരുടെ അസംതൃപ്തിയും ക്ഷോഭവും മായ്ക്കാനാകില്ല. കോണ്‍ഗ്രസ് മുക്ത് ഭാരതമുണ്ടാക്കാം, പക്ഷേ ദാരിദ്ര്യ മുക്തമോ അഴിമതി മുക്തമോ ആയ ഭാരതം ഉണ്ടാക്കാനാകുന്നില്ല.

ഗുജറാത്ത് എല്ലാ ദൌര്‍ബല്യങ്ങളെയും വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനി മെയ് 2019 വരെ ജാതി രാഷ്ട്രീയത്തിന്റെ മടങ്ങിവരവില്‍ ആകുലതയോടെ കൈകാര്യം ചെയ്യേണ്ട വലിയൊരു സംഘം ഇന്ത്യക്കാര്‍ ഉണ്ടായിരിക്കുന്നു. ജിഗ്നേഷ് മേവാനിമാരും ഉമര്‍ ഖാലിദുമാരും മുംബൈയില്‍ സൃഷ്ടിച്ചതെന്താണെന്ന് നോക്കൂ. അവര്‍ക്കാരാണ് സംരക്ഷണം നല്‍കുന്നതെന്നും നോക്കൂ! കുറ്റം മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് ചാര്‍ത്തിക്കൊടുത്തുകഴിഞ്ഞു. രാത്രിവാര്‍ത്താവതാരകര്‍ ‘സമാധാനം’ ഭഞ്ജിക്കുന്നവര്‍ക്കെതിരെ വാളെടുത്തു തുള്ളാന്‍ തുടങ്ങിക്കഴിഞ്ഞു.

തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാന്‍ ആര്‍ എസ് എസ്; കൊറെഗാവിലെ ഹിന്ദുത്വ വാദികള്‍ ബ്രിട്ടീഷ് ദല്ലാളന്മാരുടെ പിന്തുടര്‍ച്ച

‘പുതിയ ഇന്ത്യയുടെ’ രാഷ്ട്രീയം അവിശ്വാസമാണ് സൃഷ്ടിക്കുന്നത്, മുറിവുണക്കലല്ല; ഭിന്നിപ്പാണ്, ഐക്യമല്ല; പക്ഷേ തെരഞ്ഞെടുപ്പ് ജയിക്കുന്നിടത്തോളം ഒന്നും കണക്കാക്കേണ്ട പോലും. ദളിതര്‍ അവരുടെ സ്വന്തം ചരിത്രത്തില്‍ വിശ്വസിക്കാന്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം അവരെ ചട്ടയ്ക്കടിക്കും. നിങ്ങളുടെ ഇന്നത്തെ ജീവിതം മാത്രമല്ല, നിങ്ങളുടെ ഇന്നലെകളും ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍