UPDATES

പശുസ്നേഹം വേണ്ടെന്ന് പറഞ്ഞ ദളിതനെ പശുരാഷ്ട്രീയം കൊണ്ടു തന്നെ കാല്‍ക്കീഴിലാക്കുമ്പോള്‍

പ്രകടനപരതയുടെ രാഷ്ട്രീയം കളിക്കാന്‍ ബിജെപിയെ വെല്ലാന്‍ ഇനിയാരുമില്ല; ദളിത സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ ഇതില്‍പരമെന്ത് വേണം.

ഒടുവില്‍ ഇന്ത്യന്‍ പൗരസങ്കല്‍പ്പത്തിലെ ഉന്നതനെ കണ്ടെത്തിയിരിക്കുന്നു. നിലനില്‍ക്കുന്ന സാഹചര്യമനുസരിച്ച് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍പും ബിജെപി സ്വീകരിച്ച നയം തന്നെയാണ് വീണ്ടും ആവര്‍ത്തിക്കപ്പെട്ടത്. അബ്ദുല്‍കലാമും ഇപ്പോള്‍ കോവിന്ദും സുചിപ്പിക്കുന്ന നയം ഒന്ന് തന്നെ. പ്രകടനപരതയുടെ രാഷ്ട്രിയം കളിക്കാന്‍ ബിജെപിയെ വെല്ലാന്‍ ഇനിയാരുമില്ല. ദളിത സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ ഇതില്‍പരമെന്ത് വേണം.

കമ്മ്യുണിസ്റ്റുകളും രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിയും പിന്നെ ആം ആദ്മികളും ഇപ്പോഴും തപ്പിക്കൊണ്ടിരിക്കുന്നു, ഒരു പൊതു സമ്മതന് വേണ്ടി. അതിനിടെ ദളിതെന്ന് കേട്ടപ്പോള്‍ പിന്തുണയുമായി പല ദളിതമുഖമുദ്രയുള്ള വടക്കന്‍ പാര്‍ട്ടികളും കോവിന്ദിന് പിന്നാലെ ഓടിയെത്തിക്കഴിഞ്ഞു. ദേശീയ രാഷ്ട്രിയത്തിലോ പൊതുരംഗത്തോ ഇതുവരെ അന്യമായിരുന്ന ഈ പേരുകാരന്‍ ഇനി ഇന്ത്യയിലെ പൗരാവകാശത്തിന്റെ ആഡംബരരൂപമായി തീരും. അപ്പോഴും ഇന്ത്യന്‍ തെരുവുകളില്‍ ദളിതജീവിതം പൊറുതിമുട്ടുന്നുണ്ടാകും. ബിജെപിയെപ്പോലൊരു പാര്‍ട്ടിയില്‍ നിന്നും സ്ഥാനമാനങ്ങള്‍ ലഭിക്കപ്പെടുന്ന ദളിതന്‍ ആദ്യം മൂടിവക്കുന്നത് അവന്റെ നാവായിരിക്കും. അപവാദമായി കെആര്‍ നാരായണന്‍മാര്‍ ഉണ്ടായാല്‍ അവരെ പറഞ്ഞയയ്ക്കാന്‍ തിടുക്കം കൂടുകയും ചെയ്യും.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ബിജെപിയുടെ നയം കുറച്ചു നാളുകളായി മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ദളിത് – ഗിരിവര്‍ഗ പ്രാതിനിധ്യം അന്ന് മുതല്‍ പരിഗണനാ വിഷയമായിട്ടും പ്രതിപക്ഷ ബഞ്ചുകള്‍ ആരെയും കണ്ടിത്തിയില്ല എന്നത് ഏറെ സന്തോഷിപ്പിക്കുന്നത് ബിജെപിയെ തന്നെയാണ്. കാരണം ഇപ്പോഴും അവര്‍ക്കെതിരെയുള്ളത് ഒരു വിര്‍ച്വല്‍ പ്രതിപക്ഷം മാത്രമാണെന്ന് അവര്‍ക്ക് കൂടുതല്‍ ബോധ്യമാകുന്നു. ക്യാമ്പസുകളും കേരളവും പിന്നെ തമിഴ്‌നാട് പോലുള്ള ഏതാനും സംസ്ഥാനങ്ങളും മാത്രമാണ് ഇന്നും പിടിതരാതെ നില്‍ക്കുന്നതെന്ന് മനസിലാക്കാന്‍ ഇതുതന്നെ ധാരാളം മതിയാകും. എന്തായാലും ഇന്ത്യന്‍ രാഷ്ട്രിയത്തെ കേവലം പ്രകടനപരതയുടെ ജിങ്കോയിസം കൊണ്ട് നേരിട്ടാല്‍ മാത്രം മതിയെന്ന് മനസിലാക്കിയ മോദിയുടെ ബിജെപിയെയാണ് നമ്മള്‍ കാണുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ഥി മുന്‍പ് നടത്തിയ ദളിതവിരുദ്ധ പ്രസ്താവനകള്‍ വലിയ പ്രസക്തിയില്ലാതെ മൂടിവയ്ക്കാന്‍ പോലും മോദിയുടെ തന്ത്രത്തിനാകും.

നന്ദനാര്‍, ശിവസാന്നിധ്യം അനുഭവിക്കാന്‍ എത്തിയപ്പോള്‍ കുറുകെകിടന്ന നന്ദികേശനെപ്പറ്റി ഗോപാലകൃഷ്ണ ഭാരതി ചിട്ടപ്പെടുത്തിയ ഒരു കീര്‍ത്തനമുണ്ട്. മുന്നോട്ടുള്ള പോക്കിന് വിഘാതമാകുന്നത് സാക്ഷാല്‍ നന്ദികേശനായാലും അത് മാറ്റേണ്ടത് തന്നെയാണ് എന്ന് അദ്ദേഹം പാടിത്തരുന്നു.

പശുവിനെ റോള്‍മോഡല്‍ ആക്കുന്ന പുതിയ കാലത്ത് നന്ദനാര്‍ ഉള്‍പ്പെടുന്ന ദ്രാവിഡ ഗോത്രം വിളിച്ച് പറഞ്ഞത് ഇന്ന് വീണ്ടും സത്യമാകുന്നു. ശൈവ ദര്‍ശനം മുടക്കുന്ന മല പോലുള്ള വെറും മാടിനെയാണ് ഭാരതി കണ്ടത്. ദളിതന്റേയും അധ:സ്ഥിതന്റേയും ജീവിതത്തിന് വിലങ്ങുതടിയാകുന്ന പശു സ്‌നേഹം മാറ്റിനിര്‍ത്താന്‍ അവര്‍ ആവശ്യപ്പെടുമ്പോള്‍ വലിയ പശുവായി പ്രസിഡണ്ടായ രാംനാഥ് കോവിന്ദ് എന്ന ദളിത കവചത്തെ ഉപയോഗിച്ച് ഇനിയുണ്ടാകാന്‍ പോകുന്ന ദളിത് സമരങ്ങളെ നേരിടാന്‍ മോദിക്ക് സാധിക്കും. ഇന്ത്യയിലെ മനുഷ്യന്റെ പ്രതികരണശേഷിയെപ്പറ്റി ഇന്ന് ഏറ്റവും കുടുതല്‍ അറിവുള്ളത് നമ്മുടെ പ്രധാനമന്ത്രിക്ക് തന്നെയാണ്. പ്രതിരോധത്തിന്റെ രാഷ്ട്രീയം വെറും നൈമിഷികം മാത്രമാണ്. അത് ഏതെങ്കിലും ഒരു സംഭവത്തില്‍ മാത്രം അധിഷ്ടിതമായി ഉയര്‍ന്നു വരുന്ന ഒന്ന് മാത്രമാണെന്ന് അദ്ദേഹം ന്നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വതന്ത്ര പ്രതികരണങ്ങളെ മറ്റ് ചിലതുകൊണ്ട് നേരിടുന്ന കാലമാണിത്. അസഹിഷ്ണുതയെപ്പറ്റി ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ചിത്രം പോസ്റ്റ് ചെയ്ത് നേരിടും. നോട്ട് നിരോധനത്തിന്റെ ആകുലതകള്‍ പറയുമ്പോള്‍ കള്ളപ്പണം തുടച്ചു മാറ്റിയതായും അവകാശപ്പെടും, അഴിമതിയില്ല എന്ന് ഉറക്കെ വിളിച്ചു പറയും. ദളിത് അക്രമണങ്ങളെപ്പറ്റി പറയുമ്പോള്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞുവെന്നും ഇന്ത്യന്‍ വീഥികള്‍ ശുദ്ധമാണെന്നും ലോകനിലവാരത്തില്‍ ഇന്ത്യ കുതിച്ചുയരുകയാണെന്നും പറഞ്ഞ് പ്രതികരിക്കുന്ന ഷോവനിസത്തിന്റെ കാലം.

നാടന്‍ പ്രയോഗത്തില്‍ അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്നു പറയും പോലെ. ഇതെല്ലാം കടന്ന് ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍ വിസ നല്‍കുന്ന കാലം. ചിലര്‍ പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റ് വീണു. മരണപ്പെട്ടവരുടെ കഥ ചതുരനായ ബനിയ എന്ന് വിശേപ്പിക്കപ്പെട്ട ഗാന്ധിജിയില്‍ തുടങ്ങുന്നു. അങ്ങനെ ഗാന്ധിയുടെ ജാതിയും അവര്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നു. കല്‍ബുര്‍ഗിയും അങ്ങനെയൊരു രക്തസാക്ഷിയായിരുന്നു; ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കറും അങ്ങനെയാണ് മരണപ്പെട്ടത്. ഗാന്ധി വധത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ആശയ രാഷ്ട്രീയ വകവരുത്തലാണ് ഈ മൂന്നു പേരും ഏറ്റുവാങ്ങിയത്. പക്ഷെ ഗാന്ധി വധവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതിന് മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ, പൗരസ്വാതന്ത്ര്യത്തിന്റെ പുതിയ പ്രപഞ്ചം തുറന്ന് തന്ന ഇന്ത്യന്‍ ഭരണഘടനയുടെ സാന്നിധ്യം നിലനില്‍ക്കുമ്പോഴാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി.

ഈ നരഹത്യകള്‍ക്ക് ആഹ്വാനം ചെയ്യുന്നത് സ്വത്തിനും ജീവനും സംരക്ഷണമേകേണ്ടവരും. ഇതേ മാര്‍ഗം തന്നെയാണ് ഇപ്പോള്‍ വിണ്ടും നിലവില്‍ വരാന്‍ പോകുന്നത്. ദളിത് ചെറുപ്പക്കാരെ, പാര്‍ശ്വവത്കൃതരെ ഒക്കെ എളുപ്പം നേരിടാന്‍ ദളിത് ഷോവനിസ്റ്റ് കാഴ്ചപ്പാടുയര്‍ത്തുന്ന പുതിയ രാഷ്ട്രപതി നിര്‍ണയത്തിലൂടെ ബിജെപി ഭരണകൂടത്തിന് സാധിക്കും. ഗാന്ധിയെന്ന കലണ്ടര്‍ സങ്കല്‍പത്തെ സ്വീകരിച്ച് കൊണ്ട് നമ്മുടെ പ്രധാനമന്ത്രി നിരത്തുകള്‍ വൃത്തിയാക്കുന്നവനായും ചര്‍ക്ക തിരിക്കുന്നവനായും ചിത്രസന്നിവേശം നടത്തി ഒന്നാംതരം ഷോവനിസ്റ്റ് ചിത്രങ്ങള്‍ കാഴ്ച വച്ച് ഗാന്ധിയന്മാരുടെ ആളായതും നമ്മള്‍ കണ്ടതാണ്. ഗാന്ധിയെന്നത് ഒരു ആശയധാരയാണ്. അതിനെ പിന്തള്ളിയാല്‍ ഒരിക്കലും ഒരു ഗാന്ധിയാകാന്‍ സാധിക്കില്ല. പ്രകടനപരതയുടെ രാഷ്ട്രിയം, വൃത്തിയുടെ കാര്യത്തില്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഗാന്ധിയാകുകയും ദളിതരുടെ, കര്‍ഷകരുടെ പ്രശ്ങ്ങള്‍ വരുമ്പോള്‍ കോര്‍പ്പറേറ്റായി അഭിരമിക്കുകയും ചെയ്യുന്ന പുതിയ തന്ത്രം.

കല്‍ബുര്‍ഗിയിലേക്ക് തന്നെ ഒരിക്കല്‍കൂടി വരാം. അദ്ദേഹം വെടിയേറ്റ് വീണപ്പോള്‍ നിശബ്ദനായിരിക്കുകയും അദ്ദേഹത്തിന്റെ ആശയം ആലേഖനം ചെയ്ത പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ വാചാലനാകുകയും ചെയ്തതിലും ഇതേ പ്രവൃത്തി തന്നെയാണ് മോദി ആവര്‍ത്തിച്ചത്.

പ്രകടനപരതയുടെ കേരള മോഡല്‍ കൂടി ചര്‍ച്ചചെയ്ത് പോകാം. മുഖ്യമന്ത്രിയുടെ ഓഫിസ് പണിയുന്ന ബിജെപി കേരളഘടകത്തിന്റെ പദ്ധതി വെറും ചിരിയായി തള്ളരുത്. ഗുജറാത്തില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ എങ്ങനെയെത്താമെന്ന് കാണിച്ചുതന്ന നരേന്ദ്ര മോദി നയിക്കുന്ന പാര്‍ട്ടിയാണ്. മെട്രോ റെയിലില്‍ മോദിയുടെ പങ്ക് ആലേഖനം ചെയ്ത കുമ്മനം ഫ്‌ളെക്‌സുകളും ട്രോള്‍ കണ്ടുചിരിക്കാനുള്ളതല്ല. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന കളവുകളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് ചിലരെങ്കിലും നോക്കാന്‍ ശ്രമിക്കും. പ്രകടനപരത, ദ്രവിച്ച ഖദര്‍ വേഷങ്ങളില്‍ കണ്ടവരാണ് നമ്മള്‍. പുതിയകാലത്ത് പല രാഷ്ട്രിയ കക്ഷികളും സൈബര്‍ ഇടങ്ങളും ഗ്രാഫിക്‌സുകളും എടുത്തുപയോഗിക്കാന്‍ മടിക്കുമ്പോള്‍ പ്രാക്തന ചിന്താഗതിക്കാര്‍ എന്ന് ചാപ്പ കുത്തിയിട്ടുള്ള സംഘപരിവാര്‍ ഒട്ടും മടിയില്ലാതെ അവരുടെ പ്രചരണത്തിനുവേണ്ടി എയ്ച്ചുചേര്‍ക്കലിന്റെ ഫോട്ടോഷോപ്പുകള്‍ ഉപയോഗിച്ച് കളവു പ്രചരിപ്പിക്കുമ്പോഴും ഒരു കാര്യം മനസിലോര്‍ക്കണം, ആരെങ്കിലും കളവു കണ്ടു പിടിക്കും വരെ അത് സത്യമായി തന്നെ നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യം. പണ്ട് ട്രെയിന്‍ വൃത്തിയാക്കുന്ന കഷ്ടതകള്‍ നിറഞ്ഞ മോദി ചിത്രമായാലും ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വൈദ്യുതാലങ്കാരം നടത്തിയ വ്യാജ ചിത്രമാണെങ്കിലും ഒക്കെ യാഥാര്‍ത്ഥ്യം ഇതു തന്നെയാണ്.

കഴിഞ്ഞദിവസം ഒരാള്‍ മെട്രോയില്‍ മോദിയുടെ ഒപ്പമിരുന്ന് യാത്ര ചെയ്തപ്പോഴും നമ്മള്‍ കളിയാക്കി. ഇതിന് കുമ്മനം നല്‍കിയ മറുപടി മതിയാകും മണ്ടന്‍കളിയിലെ നാടകം മനസിലാക്കാന്‍; പോയി മുഖ്യമന്ത്രിയോട് ചോദിക്കാന്‍… കേരളത്തിന്റെ പൊളിറ്റിക്കല്‍ മാപ്പില്‍ ഒരു നിയമസഭാസമാജികന്റെ മാത്രം പ്രാധാന്യമുള്ള ഒരു പാര്‍ട്ടിയുടെ കേരള ഘടകം അധ്യക്ഷന്‍ മറ്റാര്‍ക്കും ലഭിക്കാത്ത അനുകുല്യങ്ങള്‍ അനുഭവിക്കുന്നുവന്ന് തോന്നുന്നുവെങ്കില്‍ ഈ മണ്ടന്‍ കളി ശരിക്കും അറിയാതെ അടിക്കുന്ന സെല്‍ഫ് ഗോളല്ല. കുമ്മനം സെല്‍ഫ് ഗോളുകളിലൂടെ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്; ഇതൊരുതരം തന്ത്രം മാത്രമാണ്.

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍