UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയില്‍ വകുപ്പ് വിഭജന തര്‍ക്കം; “ഇത് ചെറുത്, ഇപ്പ ശരിയാക്കി തരാം” എന്ന് കുമാരസ്വാമി

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചെറിയ തര്‍ക്കങ്ങളുണ്ട്. അതേസമയം, ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസുമായി വകുപ്പ് വിഭജന തര്‍ക്കമുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ജനത ദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. നിയമസഭയില്‍ വിശ്വാസ വോട്ട് നേടി അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം സര്‍ക്കാര്‍ വീഴുന്ന തരത്തിലുള്ള ഗുരുതരമായ പ്രതിസന്ധിയോ രൂക്ഷമായ ഭിന്നതയോ ഇല്ലെന്നും കുമാരസ്വാമി അവകാശപ്പെട്ടു. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചെറിയ തര്‍ക്കങ്ങളുണ്ട്. അതേസമയം, ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭദ്രമായി മുന്നോട്ട് പോകും എന്നാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ വകുപ്പ് വിഭജനം നടത്തും. മന്ത്രസഭാ വിപുലീകരണം, വകുപ്പ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സന്ദര്‍ശിക്കുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ജി പരമേശ്വര, കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേയ്ക്ക് പോയിരിക്കുന്നത്. കുമാരസ്വാമിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവര്‍ ഡല്‍ഹിയിലേയ്ക്ക് പോയത്. ജെഡിഎസ്-കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി അടക്കം 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാര്‍ ജെഡിഎസിനും എന്ന് ഇരു കക്ഷികളും നേരത്തെ ധാരണയിലെത്തിയിരുന്നു. കര്‍ണാടക മന്ത്രിസഭയുടെ പരമാവധി അംഗ ബലം 34 ആണ്.

മന്ത്രിസഭയിലെ സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങളില്‍ ഭിന്നതയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൊക്കലിഗ സമുദായക്കാരനായ കുമാരസ്വാമി മുഖ്യമന്ത്രിയും ദലിത് വിഭാഗക്കാരനായ ജി പരമേശ്വര ഉപമുഖ്യമന്ത്രിയുമായിരിക്കുന്നു. പ്രത്യേക മതം രൂപീകരിച്ച് ലിംഗായത്ത് വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളെ മന്ത്രിസഭയില്‍ അവഗണിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന്റെ ഭാഗമായി പരമേശ്വരയ്ക്ക് പുറമെ മറ്റൊരു ഉപമുഖ്യമന്ത്രി കൂടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കുമാരസ്വാമി ഇത് തള്ളിക്കളഞ്ഞു.

222 എംഎല്‍എമാരില്‍ 58 പേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ് – ബിജെപിയില്‍ 38 പേരും കോണ്‍ഗ്രസില്‍ 16 പേരും. ലിംഗായത്തുകളുടെ ഏറ്റവും പ്രബലനായ നേതാവ് ബിഎസ് യെദിയൂരപ്പ ബിജെപിയെ നയിക്കുകയും കോണ്‍ഗ്രസ് എംഎല്‍എമാരെ എതിര്‍ പാളയത്തിലേയ്ക്ക് കൊണ്ടുവരാനായി എല്ലാ വിധത്തിലും ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട് താനും. ലിംഗായത്തുകാരനായ എംബി പാട്ടീലിനെയാണ് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. വൊക്കലിഗ സമുദായക്കാരന്‍ മുഖ്യമന്ത്രി ആയതിന് പുറമെ തങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നിഷേധിക്കപ്പെട്ടതില്‍ ലിംഗായത്തുകളില്‍ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ടെന്നും ഇത് മുതലെടുക്കാനാകുമെന്നും ബിജെപി കരുതുന്നു. തന്റെ അനുയായി ആയ എംബി പാട്ടീലിനെ അവഗണിച്ച് കടുത്ത എതിരാളി ആയ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ സിദ്ധരാമയ്യയ്ക്ക് അതൃപ്തിയുണ്ടെന്ന് ബിജെപിക്ക് അറിയാം. ഈ സാഹചര്യത്തില്‍ വകുപ്പ് വിഭജന തര്‍ക്കം പരിഹരിക്കുക ഒട്ടും എളുപ്പമാകില്ല.

ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍ ഒരു വര്‍ഷം പോലും തികയ്ക്കില്ലെന്നും തമ്മിലടിച്ച് പിരിയുമെന്നും എല്ലാം ബിജെപി അടക്കമുള്ള എതിരാളികള്‍ വ്യാപക പ്രചാരണം നടത്തുന്നതിനിടെയാണ് അധികാരമേറ്റ് മൂന്ന് ദിവസത്തിനകം തന്നെ വകുപ്പ് വിഭജന തര്‍ക്കം മുഖ്യമന്ത്രി തന്നെ തുറന്നുപറയുന്നത്. ജെഡിഎസും കോണ്‍ഗ്രസും തമ്മിലും കോണ്‍ഗ്രസില്‍ ആഭ്യന്തരമായും ഭിന്നകള്‍ ശക്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്. കുറുബ സമുദായക്കാരനായ സിദ്ധരാമയ്യ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുകയാണ് എന്ന് അഭിപ്രായപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ബിഎസ് യെദിയൂരപ്പ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. കുറുബ സമുദായത്തിന്റെ ശക്തമായ പിന്തുണയടക്കം ഉപയോഗിച്ച് സിദ്ധരാമയ്യയാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 78 സീറ്റ് നേടുന്നതിലേയ്ക്ക് നയിച്ചത് എന്ന് യെദിയൂരപ്പ അഭിപ്രായപ്പെട്ടിരുന്നു. സിദ്ധരാമയ്യയുടെ പേരില്‍ സഹതാപ കാര്‍ഡ് ഇറക്കി കുറുബ സമുദായത്തെ ആകര്‍ഷിക്കാനാണ് യെദിയൂരപ്പയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ബിജെപിയുടെ കൂറുമാറ്റ, കുതിരക്കച്ചവട ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിച്ച ഡികെ ശിവകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടിയിലേയ്ക്ക് യെദിയൂരപ്പ സ്വാഗതം ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി പദം ലഭിക്കാത്തതിലുള്ള ശിവകുമാറിന്റെ നിരാശ മുതലെടുക്കാനുള്ള സാധ്യതകളാണ് ബിജെപി തേടുന്നത്. ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂന്ന് മാസത്തിനപ്പുറം പോകില്ലെന്നും നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 130ലധികം സീറ്റ് നേടുമെന്നുമെല്ലാമാണ് യെദിയൂരപ്പയുടെ അവകാശവാദങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റും ബിജെപി നേടുമെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 90 ശതമാനവും ജെഡിഎസുമായുള്ള കൂട്ടുകെട്ടില്‍ അതൃപ്തരാണെന്നും യെദിയൂരപ്പ പറയുന്നു.

അതേസമയം, കര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുന്ന സംസ്ഥാന ബന്ദില്‍ പിന്തുണ തേടിയ യെദിയൂരപ്പയെ കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചു. താന്‍ പ്രഖ്യാപിച്ച പോലെ തന്നെ വായ്പകള്‍ എഴുതിത്തള്ളും. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല. എനിക്ക് വ്യക്തിപരമായ ഒരു താല്‍പ്പര്യവുമില്ല. കുമാരസ്വാമി വ്യക്തമാക്കി. 55 മണിക്കൂര്‍ മുഖ്യമന്ത്രിയായിരിക്കുന്ന വേളയില്‍ കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ യെദിയൂരപ്പ തീരുമാനിച്ചിരുന്നു.

അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നാണ് ജെഡിഎസിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. അതേസമയം ആര്‍ക്കും കടം എഴുതിത്തള്ളണം എന്ന് അത്ര വലിയ ആഗ്രഹമില്ലെന്നാണ് തോന്നുന്നത് എന്നും അതുകൊണ്ടാണ് ഇത്ര കുറച്ച് സീറ്റ് മാത്രം ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്നിരിക്കുന്നത് എന്ന് തോന്നുന്നതെന്നും കുമാരസ്വാമി തമാശ രൂപേണ പറഞ്ഞിരുന്നു. സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കുന്ന തനിക്ക് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും സമയമെടുക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. കുമാരസ്വാമിക്ക് ഒറ്റക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നത് വസ്തുതയാണ്.

ജെഡിഎസിന്റെ പ്രകടന പത്രിക പ്രകാരം കടങ്ങള്‍ മുഴുവന്‍ എഴുതി തള്ളിയാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 50,000 കോടി രൂപയ്ക്കടുത്ത് ബാധ്യത അത് സംസ്ഥാനത്തിനുണ്ടാക്കും. സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ച 8,165 കോടിയുടെ വായ്പ എഴുതി തള്ളല്‍ തന്നെ ദുഷ്‌കരമായിരിക്കും. സിദ്ധരാമയ്യയുടെ ജനകീയ പദ്ധതി ഭാഗ്യയ്ക്കായി ഏതാണ്ട് ബജറ്റിന്റെ മൊത്തം തുകയുടെ പകുതിയ്ക്കടുത്ത് ചിലവുണ്ടാക്കി. അതേസമയം കര്‍ഷക പിന്തുണ വോട്ട് ബാങ്കായ ജെഡിഎസിനെ സംബന്ധിച്ച് പൂര്‍ണമായും ഇതില്‍ നിന്ന് പിന്‍വാങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ജനങ്ങള്‍ ജെഡിഎസിനെ തള്ളിക്കളഞ്ഞു, ഞങ്ങളിപ്പോള്‍ കഴിയുന്നത് കോണ്‍ഗ്രസിന്റെ ദയയില്‍: കുമാരസ്വാമി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യമുണ്ടായാല്‍ കര്‍ണാടകയില്‍ ബിജെപിക്ക് എന്ത് സംഭവിക്കും?

കര്‍ണാടകയില്‍ യെച്ചൂരി വരുമോ?

കര്‍ണാടകം: ജനവിധികളുടെ മോഷണകല-ഹരീഷ് ഖരെ എഴുതുന്നു

ആര്‍ക്കും വേണ്ടാത്ത ആശയങ്ങള്‍ ഷോകേസില്‍ വയ്ക്കാം, കര്‍ണാടക തെരഞ്ഞെടുപ്പ് വെറും എന്റര്‍ടെയിനറോ?

കര്‍ണാടകയിലും സംഘപരിവാര്‍ കളിച്ചത് ഫോട്ടോഷോപ്പ് തട്ടിപ്പ്: ലിങ്കായത്ത് കത്തോലിക്ക പള്ളിയെന്ന് പ്രചരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍