UPDATES

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

ഖേദകരമെന്ന് പറയട്ടെ, നമ്മുടെ രാജ്യം വ്യാജമായി നിര്‍മിച്ചിട്ടുള്ള അനേകം ആഖ്യാനങ്ങളുടെ ഒരു മഴവെള്ളപ്പാച്ചിലിലാണ് ഇപ്പോഴുള്ളത്.

ജോസി ജോസഫ്

ജോസി ജോസഫ്

ദക്ഷിണേഷ്യയിലെ രണ്ട് ആണവശക്തികള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുകയും ലോകം ഇതിനെ ആശങ്കയോടെ ഉറ്റുനോക്കുകയും ചെയ്ത സാഹചര്യമായിരുന്നു കാര്‍ഗിലില്‍ സംഭവിച്ചത്. എന്നാല്‍ ഇതിനെ രൂക്ഷമായ മറ്റ് വഴികളിലേക്ക് പോകാതെ, സംയമനത്തോടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുക എന്ന വഴിയാണ് ദക്ഷിണേഷ്യന്‍ മേഖല അവലംബിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം വിഷയം പ്രാദേശികമായി ഒതുക്കി നിര്‍ത്താനുള്ള വിവേകം കാണിക്കുകയും ഒപ്പം സൈനികപരമായി ഇതിനെ വിജയകരമായി നേരിടുകയും ചെയ്തു. ഒപ്പം, ആധുനിക ലോകത്തെ മികച്ച പോരാട്ടവീര്യമുള്ള സൈനികരാണ് ഇന്ത്യന്‍ സൈന്യത്തിലുള്ളതെന്നും കാര്‍ഗില്‍ യുദ്ധം തെളിയിച്ചു. എന്നാല്‍ മേഖലയില്‍ എങ്ങനെ അസ്ഥിരതയുണ്ടാക്കാമെന്ന കാര്യത്തിലൂടെ പാക്കിസ്ഥാന്‍ സൈന്യം ഒരിക്കല്‍ കൂടി യഥാര്‍ത്ഥ മുഖവും കാട്ടിത്തന്നു. ഒടുവില്‍ അവസാന നിമിഷത്തിലെങ്കിലും നടത്തിയ ഇടപെടലുകളിലൂടെ കൂട്ടക്കുഴപ്പത്തിലേക്ക് പോകാമായിരുന്ന ഒരു വിഷയത്തെ പിടിച്ചു നിര്‍ത്താന്‍ അവരുടെ രാഷ്ട്രീയ നേതൃത്വത്തിനുമായി.

അതിനു ശേഷം രണ്ട് ദശകം കഴിഞ്ഞു. കാര്‍ഗിലിനെ സംബന്ധിച്ച് അഭിമാനകരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്, അതിന് നേതൃത്വം കൊടുത്തവരെയും ഒപ്പം കാര്‍ഗിലിലെ പ്രധാന മുഹൂര്‍ത്തങ്ങളേയും കുറിച്ച് അഭിമാനിക്കേണ്ടതുമുണ്ട്. അതുപോലെ തന്നെ ഒരു ദേശരാഷ്ട്രത്തെ (Nation State) സംബന്ധിച്ചിടത്തോളം കാര്‍ഗിലില്‍ നിന്നു പഠിച്ച പാഠങ്ങള്‍ വിശകലനം ചെയ്യുകയും രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക വ്യവഹാരങ്ങളെ അതിനനുസരിച്ച് കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളും ഒപ്പം നടക്കേണ്ടതുണ്ട്.

വിജയകരമായ ഒരു പരിസമാപ്തി ഉണ്ടായപ്പോഴും കാര്‍ഗില്‍ യുദ്ധത്തെ സംബന്ധിച്ച് ലഭ്യമായിട്ടുള്ള നിര്‍ണായകവും ഒപ്പം ഏറെ ഫലപ്രദവുമായ വിവരങ്ങള്‍ ഇന്നും കാര്യമായി പരിഗണിച്ചിട്ടില്ല എന്നു കാണാം. ഖേദകരമെന്ന് പറയട്ടെ, രക്തരൂക്ഷിതമായ ആ യുദ്ധത്തിനു ശേഷം രണ്ടു ദശകം കഴിയുമ്പോള്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാനം വ്യാജ വിവരങ്ങളുടേയും അതിതീവ്ര ദേശീയവാദത്തിന്റെയും വളച്ചൊടിച്ച വിവരണങ്ങളുടേയും ആകെത്തുകയായ ദാരുണമായ സാധ്യതകളുടെ ഒരു ഇരുണ്ട ഭാഗത്തേക്ക് കടന്നിരിക്കുകയാണ് എന്നു പറയേണ്ടി വരും.

ധീരതയും നേതൃത്വവും

ഇന്ത്യന്‍ യുവസൈനികര്‍ ധീരതയോടെ പോരാടിയ ഒന്നാണ് കാര്‍ഗില്‍ യുദ്ധം. എന്നാല്‍ അതിനൊപ്പം തന്നെ വേണ്ട ഒന്നാണ് സൈനിക നേതൃത്വം ഇതിനെ ഏകോപിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍. കാരണം, നൂറുകണക്കിന് ചെറുപ്പക്കാരായ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ അതിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്, കൃത്യമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്, അതില്‍ നിന്നുണ്ടാകുന്ന പാഠങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് നമ്മുടെ സൈന്യത്തിന്റേയും ഇന്റലീജന്‍സ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ദു:ഖകരമെന്ന് പറയട്ടെ, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഇപ്പോഴും ആ പഴയ വഴിയില്‍ തന്നെയാണ്. അതേ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

അത് തുടങ്ങുന്നത് സൈനിക പെട്രോളിംഗ് സംഘങ്ങളെ കാണാതാകുന്നു എന്ന് നിരന്തരമായി വരുന്ന റിപ്പോര്‍ട്ടുകളും നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റക്കാരെ നേരിടുമ്പോള്‍ അത് ഒരു തുറന്ന സൈനിക നടപടി എന്ന സാഹചര്യത്തിലേക്ക് പോവുകയും ചെയ്യുന്നടക്കമുള്ള കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്നതാണ്. അത് നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഒന്ന്, പാക്കിസ്ഥാന്‍ ഇത്തരത്തിലുള്ള നടപടികള്‍ക്ക് മുതിരും എന്ന സാധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ നമ്മുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ല. വര്‍ഷങ്ങളായുള്ള കാശ്മീര്‍ മിലിറ്റന്‍സിയുമായി ബന്ധപ്പെട്ട് അതില്‍ തന്നെ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് കാര്‍ഗിലില്‍ ഉണ്ടായ നുഴഞ്ഞു കയറ്റം നമ്മള്‍ പ്രതീക്ഷിച്ചതേയില്ല. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു അത്.

രണ്ട്, ഇന്റലീജന്‍സ് ഏജന്‍സികളുടെ സമ്പൂര്‍ണ പരാജയമായിരുന്നു അവിടെ ഉണ്ടായത്. വിവിധ ഇന്റലീജന്‍സ് ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും തന്ത്രപ്രധാന വിവരങ്ങള്‍ ഏകോപിപ്പിക്കുക എന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ ഫീല്‍ഡ് കമാന്‍ഡേഴ്‌സ് അവഗണിക്കുകയും ചെയ്തത് അവിടെയുണ്ടായിരുന്നു. അതായത്, നൂറുകണക്കിന് നുഴഞ്ഞുകയറ്റക്കാര്‍ തന്ത്രപ്രധാനമായ ഉയരങ്ങളിലേക്ക് കയറിയതും, അവിടെ ബങ്കറുകള്‍ സ്ഥാപിച്ച്, അവിടെ തന്നെ മാസങ്ങളോളം താവളമടിച്ചതും അറിയാന്‍, രണ്ട് ഡസന്‍ വരുന്ന വിവിധ ഇന്റലീജന്‍സ് ഏജന്‍സികളും, ലോകത്തിലെ തന്നെ വലുതും ആധുനികവുമായ സൈന്യങ്ങളിലൊന്നും ചേര്‍ന്ന ഇന്ത്യയുടെ വമ്പന്‍ സുരക്ഷാ സന്നാഹത്തിന് കഴിയാതെ പോയി. അതിനെ തടയിടാനുള്ള, പൂര്‍ണമായി ആശ്രയിക്കാവുന്നതും കൃത്യമായ വിശദാംശങ്ങള്‍ അടങ്ങിയതുമായ വിവരങ്ങളൊന്നും തന്നെ സൈന്യത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

അവസാന ഘട്ടത്തില്‍ ഇതിനെക്കുറിച്ച് വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ പോലും സുപ്രധാനവും അടിയന്തരവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ പരാജയപ്പെട്ടു, ഒപ്പം, ആവശ്യമായ വിധത്തില്‍ മേലധികാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനും അതിന് അനുസൃതമായി നടപടികളിലേക്ക് പോകാനും അവിടെ തടസം നേരിട്ടു.

എന്നാല്‍, അതിനു ശേഷം വളരെ നാടകീയമായും ഒപ്പം മതിപ്പുളവാക്കുന്നതുമായ ചില കാര്യങ്ങള്‍ സംഭവിച്ചു. ആധുനിക സൈനിക ചട്ടങ്ങളുടെ അച്ചടക്കം പാലിച്ചുകൈാണ്ട് ഓരോ യൂണിറ്റും ഓരോ റെജിമെന്റും പൊടുന്നനെ സടകുടഞ്ഞെഴുന്നേറ്റു. അവര്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയുമുണ്ടായിരുന്നു. നിയന്ത്രണ രേഖയ്ക്കുള്ളില്‍ തമ്പടിച്ചിരിക്കുന്നവരെ പുറത്താക്കുമ്പോള്‍ യാതൊരു വിധത്തിലും നിയന്ത്രണ രേഖ മറികടക്കാന്‍ പാടില്ല എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവും അവര്‍ പാലിക്കേണ്ടിയിരുന്നു.

വളരെ വേദനാജനകമായ ഒരു സമയമായിരുന്നു അത്. നൂറുകണക്കിന് അടി ഉയരങ്ങളില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഓരോ ദേശരാഷ്ട്രവും സ്ഥിരമായ ഒരു സുരക്ഷാ ആശങ്കയുമായാണ് കഴിയേണ്ടതെന്ന ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ആ ഓരോ മരണവും-അതായത്, ഓരോ തവണ നിങ്ങള്‍ സുരക്ഷ ശക്തമാക്കുമ്പോഴും നിങ്ങളുടെ അയല്‍രാജ്യം കൂടുതല്‍ അരക്ഷിതരാകുന്നു എന്നര്‍ത്ഥം. അതുകൊണ്ടു തന്നെ കാര്‍ഗില്‍ അത്തരത്തില്‍ ഒരോര്‍മപ്പെടുത്തലായിരുന്നു. ഇന്ത്യയുടെ അഖണ്ഡത സംരഷിക്കുമ്പോള്‍ തന്നെ അത്യാഹിതങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുള്ള ശക്തവും സുഘടിതവുമായ ഒരു ദേശീയ സുരക്ഷാ പദ്ധതി ഉണ്ടാക്കുക എന്നതിനുള്ള ഓര്‍മപ്പെടുത്തല്‍.

കാര്‍ഗില്‍ സംഘര്‍ഷം നടക്കുന്ന വേളയിലെ ഒട്ടനവധി നടപടികള്‍ ചോദ്യം ചെയ്യപ്പെടുകയോ വിശകലനം നടത്തുകയോ ചെയ്യേണ്ടതുണ്ടായിരുന്നു. മലയുടെ മുകളില്‍ ഉള്ളതു കൊണ്ട് തന്ത്രപരമായ മേല്‍ക്കൈയുള്ള ശത്രുവിനെ നേരിടാന്‍ നമ്മുടെ വലിയൊരു കൂട്ടം സൈനികരെ അവിടേക്ക് അയയ്ക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചോദ്യം ഉന്നയിക്കേണ്ടത് വളരെ പ്രധാനമാണ്.

അന്നത്തെ ഇന്റലീജന്‍സ്, ഓപ്പറേഷന്‍ ഒക്കെ പരിശോധിച്ച കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി നിരവധി ശരിയല്ലാത്ത നടപടികളും ഏകോപനമില്ലായ്മയും സുരക്ഷാ സ്ഥാപനങ്ങളിലെ വീഴ്ചകളും ഒക്കെ കണ്ടെത്തിയിരുന്നു. ഇവരുടെ മിക്ക ശിപാര്‍ശകളും അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഈ ദിവസം വരെ നടപ്പാക്കാത്ത ചില ശിപാര്‍ശകള്‍ ആധുനികവും ഫലപ്രദവുമായ ഒരു സുരക്ഷാ സംവിധാനം നേരിടുന്ന പ്രതിബന്ധങ്ങളായി ഇന്നും തുടരുന്നു.

ഇന്റലീജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടായിയെന്ന റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ സ്വീകരിക്കുകയും ചെറിയ തോതിലുള്ള ചില പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിഗണിക്കാതെ പോയത് രാജ്യത്തിന് അത്യാവശ്യമായി ലഭിക്കേണ്ട വസ്തുതാപരമായ വിവരങ്ങള്‍ എങ്ങനെ ലഭ്യമാക്കും എന്ന കാര്യമായിരുന്നു. കാരണം, വെള്ളം ചേര്‍ക്കാത്ത, കൃത്യ സമയത്ത് ലഭിക്കുന്ന വിവരങ്ങള്‍ ഒരു യുദ്ധത്തിന്റെ ഫലത്തെ തന്നെ മാറ്റിമറിച്ചേക്കാം, ഒപ്പം, രാജ്യത്തിന്റെ ഭാവിയേയും.

എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യ മുന്നോട്ടു പോകുന്നത് തെറ്റായ വഴിയിലൂടെയാണ്.

അതായത്, നമ്മെ പേടിപ്പിക്കുന്ന വിധത്തില്‍ വിവരങ്ങളെ വളച്ചൊടിക്കുകയും അതിന്റേതായ ഒരു ശൃംഖലയിലൂടെ, ഇന്ത്യന്‍ സുരക്ഷാ സംവിധാനം വിവരങ്ങള്‍ ശേഖരിക്കുന്ന അവസ്ഥയെ മോശമാക്കുകയും ചെയ്യുന്ന ഒരു പുതിയ പ്രവണ ഉന്നത തലങ്ങളില്‍ തന്നെ നടക്കുന്നുണ്ട് എന്നതാണ്.

ഒരു രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചും ആധുനിക യുദ്ധമുറകളിലും വെള്ളം ചേര്‍ക്കാത്തതും വസ്തുതാപരവുമായ വിവരങ്ങളുടെ ലഭ്യത എന്നത് മറ്റേതൊരു ഘടകത്തേക്കാളും പ്രധാനമാണ്. അത്, ഭീകരവാദമായാലും സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള കാര്യമായാലും തൊഴില്‍ സൃഷ്ടിയെക്കുറിച്ചുള്ളതായാലും ഒരു രാജ്യത്തിന്റെറ സുസ്ഥിരതയെ ബാധിക്കുന്ന കാര്യങ്ങളാണവയൊക്കെ. അപ്പോള്‍ വസ്തുതാപരമായ വിവരങ്ങളെ ആ രാജ്യം മാനിക്കുകയും അതിന്റെ മൂല്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതു വഴി മറ്റ് ഘടകങ്ങളെ ഒത്തൊരുമിപ്പിക്കാനും സാധിക്കും. അതല്ല സംഭവിക്കുന്നത് എങ്കില്‍ ഈ കാര്യങ്ങളെല്ലാം ഒരേ സമയം അധ:പതിക്കുന്നത് നമുക്ക് കാണേണ്ടി വരും. ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നു വരുന്ന കാഴ്ചകള്‍ അത്തരത്തിലുള്ളതാണ്.

വ്യാജവും, അല്ലെങ്കില്‍ പൂര്‍ണമല്ലാത്തതുമായ വിവരങ്ങള്‍ ഉണ്ടാക്കുക അതിഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും, കാര്‍ഗിലില്‍ സംഭവിച്ചതു പോലെ ചിലപ്പോള്‍ അത് നിങ്ങളുടെ ഏറ്റവും മിടുക്കരായ 550 യുവസൈനികരുടെ ജീവനഷ്ടത്തിനും കാരണമാകും. അല്ലെങ്കില്‍ അക്ഷരാഭ്യാസമില്ലാത്ത, വിവരം കെട്ട പാക്കിസ്ഥാനി ഭീകരര്‍ മുംബൈയെ ബന്ദിയാക്കിയപ്പോള്‍ നമുക്ക് നൂറു കണക്കിന് മനുഷ്യരുടെ ജീവന്‍ നഷ്ടമായതു പോലെ, ലോകത്തിനു മുന്നില്‍ നാണം കെട്ടുതുപോലെ സംഭവിക്കും. അതുമല്ലെങ്കില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ബുര്‍ഖയും ധരിച്ച് മുസ്ലീം പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതു പോലുള്ള അവസ്ഥയുണ്ടാകും.

1999-ലെ ഒരു ചൂടുകാലത്ത് നടത്തിയ അതേ മണ്ടത്തരങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് രണ്ടു ദശകം കഴിയുന്ന ഈ സമയത്തും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതാകട്ടെ, മുമ്പ് ഉണ്ടായതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും രാജ്യത്തിന് നേരിടേണ്ടി വരിക എന്നതാണ്. ലളിതമായി പറഞ്ഞാല്‍, സുരക്ഷാ സംവിധാനം ഇപ്പോഴും മായം ചേര്‍ത്ത വിവരങ്ങള്‍ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും, യാഥാര്‍ത്ഥ്യങ്ങളോട് വിട്ടുവീഴ്ച ചെയ്യുകയും, മുന്‍ഗണനകളെ മാറ്റി മറിക്കുകയും അതുപോലെ ഭാവിയെക്കുറിച്ച് തെറ്റായ രീതിയില്‍ കണക്കുകൂട്ടലുകള്‍ നടത്തുകയും ചെയ്യുന്നു.

ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന വിധത്തില്‍ മന:പൂര്‍വമെന്നോണം വിവരങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു. ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ എല്ലാ മേഖലകളിലും അത്തരത്തിലുള്ള വിവരങ്ങളുടെ വ്യാപനം നടന്നു കഴിഞ്ഞിരിക്കുന്നു, അതിന്റെ ഭീതിദമായ യാഥാര്‍ത്ഥ്യത്തെ നമ്മുടെ രാജ്യം അഭിമുഖീകരിക്കാന്‍ അധികം സമയമൊന്നും ആവശ്യമില്ല എന്നതാണ് വസ്തുത.

അതിലേറെ മോശപ്പെട്ട അവസ്ഥകളിലൊന്നാണ്, സുരക്ഷാ സംവിധാനത്തിന്റെ ഒട്ടും പ്രൊഫഷണലല്ലാത്ത പ്രവണതകള്‍ക്ക് നിലവില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു എന്നത്. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം അത്തരത്തില്‍ വ്യാജ വിവരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ നടക്കുന്നുണ്ട്. ദൃഡതയില്ലാത്ത ഒരു സുരക്ഷാ സംവിധാനമാകട്ടെ, തങ്ങളുടെ പ്രൊഫഷണല്‍ മികവില്ലായ്മ മറച്ചു പിടിക്കാന്‍ സര്‍ക്കാര്‍ അജണ്ടയെ അതേ പടി ഏറ്റെടുക്കുകയും അതുവഴി ഈ വ്യാജ വിവര കുത്തൊഴുക്കിനെ സഹായിക്കുകയും ചെയ്യുന്നു. ഇതുണ്ടാക്കാന്‍ പോകുന്ന ഗുരുതര ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് അറിയാന്‍ നാം വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം

ആവശ്യമായ വിധത്തിലുള്ള മേല്‍നോട്ട സംവിധാനമില്ലായ്മ നേരിടുന്ന ഒന്നാണ് ഇന്ത്യന്‍ സുരക്ഷാ സംവിധാനം, പ്രത്യേകിച്ച് ഇന്റലീജന്‍സും സൈന്യവും. ഇന്റലീജന്‍സ് ഏജന്‍സികളുടെ കാര്യത്തില്‍ ഇത് വളരെ പ്രസ്താവ്യമാണ്, കാരണം, ആ സംവിധാനത്തിനു പുറത്ത് അവര്‍ക്ക് മേല്‍ യാതൊരു വിധത്തിലുള്ള മേല്‍നോട്ട-നിരീക്ഷണ സംവിധാനവുമില്ല. അതുകൊണ്ടു തന്നെ വിവര ശേഖരണത്തിന് അവര്‍ വലിയ രീതിയിലുള്ള ഒരു ‘സോഴ്‌സ് വ്യവസായം’ തന്നെ വളര്‍ത്തിയെടുക്കുന്നു, അതില്‍ നിന്ന് യഥാര്‍ത്ഥവും വ്യാജമായതുമായ വിവരങ്ങളൊക്കെ യഥാസമയം കിട്ടിക്കൊണ്ടിരിക്കും.

കാര്‍ഗില്‍ ഉണ്ടാക്കിയ ഞെട്ടലിനും കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ ഉണ്ടാക്കിയ നാണക്കേടിനും പിന്നാലെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം കഴിഞ്ഞ രണ്ടു ദശകത്തില്‍ ചില തീവ്ര നടപടികള്‍ക്ക് മുതിര്‍ന്നു. അതിതീവ്ര ദേശീയതയുടെയും യുദ്ധോത്സുകതയുടെയും മറവില്‍ ഈ സമയത്ത് നേപ്പാളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെയായി അവര്‍ കാശ്മീരി ചെുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ പിടികൂടി, അവരില്‍ മിക്കവരും വ്യാജ ഏറ്റുമുട്ടലുകളിലും മറ്റുമായി ആ കാലത്ത് തന്നെ കൊല്ലപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും ‘സോഴ്‌സു’കളില്‍ നിന്നുള്ള വ്യാജ വിവരങ്ങളുടെ പ്രളയവും സുരക്ഷാ സംവിധാനത്തികത്തേക്ക് കടന്നുകയറിയതോടെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം ഒരു സത്യാനന്തര കാലഘട്ട (പോസ്റ്റ്‌ ട്രൂത്ത്‌)ത്തിലേക്ക് കടന്നു എന്നു പറയാം.

ഒരു ചെറിയ കൂട്ടം ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലീം താമസ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതിനു തൊട്ടുപിന്നാലെ രാജ്യത്തെ ഇന്റലീജന്‍സ് ഏജന്‍സികള്‍ ആദ്യം തന്നെ അവ ഇസ്ലാമിക് ഭീകരവാദമാണെന്ന തീര്‍പ്പിലെത്തുകയും ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഇന്ത്യന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടത്തിയപ്പോഴും ഇത്തരത്തിലുള്ള വിചിത്ര ന്യായങ്ങളുമായി ഈ ഏജന്‍സികള്‍ രംഗത്തു വന്നു. ഈ രണ്ടു ഭീകര സംഘങ്ങളും യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഭീകരവാദം അഴിച്ചുവിടാന്‍ ശ്രമിച്ചവരാണ്. കാര്‍ഗിലിലെ മഞ്ഞു മലനിരകളില്‍ പൊലിഞ്ഞു പോയവരെ കുറിച്ചോര്‍ത്ത് ഇന്ത്യയിലെ ഓരോ കുടുംബങ്ങളിലുമുള്ളവരുടെ കണ്ണീര് തോര്‍ന്നിരുന്നില്ല. എന്നാല്‍ കാര്‍ഗില്‍ കാലഘട്ടം പകര്‍ന്നു നല്‍കിയ വിവരങ്ങളെക്കുറിച്ചുള്ള പാഠം നാം പൂര്‍ണമായും അവഗണിച്ചു.

മുംബൈയില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍, ബ്രിട്ടീഷ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍, അതൊന്നും തന്നെ – ചിലപ്പോള്‍ തങ്ങളുടെ തന്നെ ഇന്റലീജന്‍സ് സോഴ്‌സുകള്‍ നല്‍കുന്ന വിവരങ്ങള്‍ പോലും – വിശ്വസിക്കാന്‍ ഒരു പക്ഷേ നമ്മുടെ ഏജന്‍സികള്‍ തയാറാവുകയോ അതിനെ ഗൗരവത്തിലെടുക്കുകയോ ചെയ്തില്ല. മുംബൈയിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീകരവാദികള്‍ കടല്‍മാര്‍ഗം എത്തുകയും അവരെ അവിടെ നിന്ന് സാറ്റലൈറ്റ് ഫോണുകള്‍ വഴി പാക്കിസ്ഥാനിലുള്ളവര്‍ നിയന്ത്രിക്കുകയും ചെയ്തു, നാം ഒന്നുമറിഞ്ഞില്ല.

കാര്‍ഗിലില്‍ സംഭവിച്ചത് പൂര്‍ണമായും ഇന്റലീജന്‍സ് പരാജയത്തില്‍ നിന്നുള്ളതായിരുന്നങ്കില്‍ അടുത്ത ദശകം കാണുന്നത് വ്യാജ വിവരങ്ങള്‍ എങ്ങനെ ഒരു രാജ്യത്തിന് അപകടരമായി മാറുന്നു എന്നതാണ്. എന്നാല്‍ ഇതൊന്നും തന്നെ രാഷ്ട്രീയ നേതൃത്വത്തിലോ സുരക്ഷാ സംവിധാനങ്ങളിലോ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.

നമ്മള്‍ ഇപ്പോള്‍ വീണ്ടും ആ അപകടരവും വിചിത്രവുമായ ദിവസങ്ങളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അത് ഇപ്പോള്‍ നയിക്കുന്നത് നിലവിലുള്ള ഭരണകൂടവുമാണ്.

2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഹിന്ദുത്വ ഭീകരവാദം എന്നതിനെ പൂര്‍ണമായും മായ്ച്ചുകളയാനുള്ള മന:പൂര്‍വും കണക്കുകൂട്ടിയുളളതുമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹിന്ദു ഭീകരവാദം എന്ന വ്യാജ പദ്ധതി കൊണ്ട് ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. പ്രഗ്യാ സിംഗ് താക്കൂറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവനയും. അതുപോലെ തന്നെ പല ആര്‍എസ്എസ് – ബിജെപി നേതാക്കളും വര്‍ഷങ്ങളായി വാദിക്കുന്നതും ഇതു തന്നെയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയെ ഗ്രസിച്ച ആ രണ്ട് ഭീകരവാദി ഗ്രൂപ്പുകളെയും കൃത്യമായി കണ്ടെത്തുകയും അവരെ പിടികൂടുകയും ചെയ്ത പ്രൊഫഷണല്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവനകളൊക്കെ അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ശാസ്ത്രീയ വിജ്ഞാനവും ആധുനിക നിയമസംവിധാനവും മുന്നോട്ടു വയ്ക്കുന്ന ഇന്ത്യന്‍ ഭരണഘടനയോട് ഇതിലും വലിയ അനാദരവ് കാണിക്കാനുമില്ല. ഇന്ത്യ എന്ന ആശയത്തെ എല്ലാക്കാലത്തേക്കുമായി ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരം നരേറ്റീവുകള്‍ ഉപകരിക്കൂ.

ഇഴപിരിച്ചു നോക്കിയാല്‍ അക്രമം എന്നത് എല്ലാ മതങ്ങളുടേയും ഭാഗമായിരുന്നു- അതിനി ബൈബിള്‍ ആയാലും മഹാഭാരതമായാലും ഖുറാന്‍ ആയാലും. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി വാദങ്ങളുമുണ്ട്. ബൈബിളില്‍ ഡാഗണ്‍ ദേവാലയത്തെ തകര്‍ത്തുകൊണ്ട് സ്വയം ബലിയാവുകയും ഒപ്പം ശത്രുക്കളായ ഫിലിസ്തീനികളെ ഇല്ലാതാക്കുകയും ചെയ്തതിന് സാംസണെ ദൈവികശക്തി സഹായിക്കുന്നതായി പറയുന്നുണ്ട്. മഹാഭാരത യുദ്ധത്തിന്റെ 12-ാം ദിവസം ത്രിഗാര്‍ത്ത രാജാവും കൗരവരുടെ സഹായിയുമായ സുശര്‍മന്‍ തന്റെ സഹോരങ്ങള്‍ക്കും സൈനികര്‍ക്കുമൊപ്പം അര്‍ജുനനെ വധിക്കാനായി ചാവേര്‍ സംഘമായി പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ എല്ലാ സംസ്‌കാരത്തിന്റേയും ഭാഗമായിട്ടുണ്ടായിരുന്നു. ആധുനിക കാലത്തെ ഏറ്റവും വിജയകരമായിരുന്ന തീവ്രവാദ സംഘടനയായ എല്‍ടിടിഇ ഇത്തരത്തില്‍ 400-ഓളം ചാവേറുകളെ ഉണ്ടാക്കിയെടുത്തിരുന്നു. അതിന് തമിഴ് പാരമ്പര്യമുണ്ട്, ഹിന്ദു സംസ്‌കാരമുണ്ട്, ക്രിസ്ത്യന്‍ പിന്തുണയുണ്ട്, അതോടൊപ്പം ജാതിമത ഭേദമന്യേയുള്ള സാമ്പത്തിക സഹായമുണ്ടായിരുന്നു.

എന്നാല്‍ ഒരു പ്രത്യേക ഭീകരവാദി സംഘത്തെ വെള്ള പൂശാനുള്ള- അതില്‍ ഉള്‍പ്പെട്ട ചില ഭീകരവാദികള്‍ ഇന്നും ഒളിവിലുമാണ്- മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. ഒട്ടും പ്രൊഫഷണല്‍ അല്ലാതെയുള്ള ഈ പ്രവര്‍ത്തികളിലൂടെ ജിംഗോയിസത്തിന്റെ വിഷം വ്യാപിപ്പിക്കുന്നതു വഴി പ്രൊഫഷണല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങളെയും അത് ബാധിക്കുന്നു. ഇതിനകം തന്നെ തങ്ങളുടെ പ്രൊഫഷണല്‍ കുറവുകള്‍ മറച്ചു പിടിക്കാന്‍ ഈ അതിതീവ്രദേശതാത്പര്യ വാചാടോപങ്ങള്‍ സുരക്ഷാ സംവിധാനത്തിലെ പല ഏജന്‍സികളും ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കൊപ്പം അങ്ങേയറ്റം ദുര്‍ബലമായ മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ഈ പ്രൊപ്പഗണ്ട ഏറ്റുപാടുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ പറയട്ടെ, കാര്‍ഗില്‍ ഉണ്ടാക്കിയ സ്പിരിറ്റ്, അതിന്റെ ഓര്‍മകള്‍ പോലും ഇന്നത്തെ ഇന്ത്യയില്‍ ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞു.

ഫെബ്രുവരിയില്‍ വ്യോമസേന നടത്തിയ ബാലാക്കോട്ട് ആക്രമണത്തിലെ പല പരാജയങ്ങളും യുദ്ധാക്രോശ, അതിതീവ്ര ദേശീയതാ മുദ്രാവാക്യങ്ങളാല്‍ മറച്ചു പിടിക്കപ്പെട്ടു. ആ ആക്രമണം കൊണ്ട് ഒരുപക്ഷേ അതിന്റെ രാഷ്ട്രീയ ഉദ്ദേശം നിറവേറ്റിയിരിക്കാം. പക്ഷേ, അതിന്റെ പ്രൊഫഷണലായുള്ള ഉപയുക്തതയെ ഒരു വിധത്തിലും നിറവേറ്റിയില്ല എന്ന് പറയാന്‍ സാധിക്കും. അതോടൊപ്പം തന്നെ പുറത്തു വന്ന ഒന്നാണ്, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താനായി വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നെ തങ്ങളുടെ പദവികളോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ല എന്നത്. ആ ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതിവിശദമായി പഠിക്കേണ്ടത് നമ്മുടെ ഭാവിക്ക് വേണ്ടി കൂടിയാണ്, അതില്‍ ഉണ്ടായിട്ടുള്ള കുറവുകള്‍ പരിഹരിക്കാന്‍ ഉള്‍പ്പെടെ, എന്നാല്‍ അത്തരത്തിലൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. അതിനേക്കാള്‍ പ്രധാനമാണ്, വ്യോമസേന എങ്ങനെയാണ് തങ്ങളുടെ ആറ് സൈനികര്‍ സഞ്ചരിച്ചിരുന്ന സ്വന്തം ഹെലികോപ്റ്റര്‍ താഴെ വീഴ്ത്താന്‍ ഇടയാക്കിയ സംഭവമെന്നത്, ഒരു സ്വതന്ത്ര പ്രൊഫഷണല്‍ അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കേണ്ടതുണ്ട്. ഇവിടെ പക്ഷേ, ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.

വ്യാജ വിവരങ്ങളുടേയും തെറ്റായ വസ്തുതകളുടേയും അടിസ്ഥാനത്തിലുള്ള കാര്യങ്ങളെ ഇത്രയേറെ ആശ്രയിക്കുന്ന മറ്റൊരു ഏജന്‍സി ഇന്ത്യയില്‍ ഉണ്ടായേക്കില്ല- നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഥവാ എന്‍ഐഎ. ഇവരുടെ യഥാര്‍ത്ഥ ഉത്തരവാദിത്തം ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കലാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവരുടെ സംഭാവന എന്നത് വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുക, രാജ്യം നേരിട്ടുള്ള ചില പ്രധാന ഭീകരാക്രമണ കേസുകളില്‍ അതുവഴി കോടതികളെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയാണ്. അതിലേറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, ഇന്ത്യ നേരിട്ടുള്ള ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ 2008-ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രൂപം കൊടുത്ത അന്വേഷണ ഏജന്‍സിയാണ് എന്‍ഐഎ എന്നത്. അതായത്, 1999-ല്‍ കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 തട്ടിക്കൊണ്ടു പോയതിനു ശേഷമുള്ള അതേ സാഹചര്യങ്ങള്‍ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ, എന്താണ് സംഭവിക്കാന്‍ പോകുന്നത്, അത് നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് മനസിലാകും. അതിര്‍ത്തികള്‍ കാക്കാനായി ജീവന്‍ ബലി കഴിക്കേണ്ടി വന്ന നമ്മുടെ ആ യുവസൈനികരുടെ ഓര്‍മകളോടു പോലും ചെയ്യുന്ന അനാദരവ് കൂടിയാണ് ഇത്.

യുദ്ധ വെറിയുടേയും അതിതീവ്ര ദേശീയതയുടേയും മറ്റൊരാളെ കൊല്ലാനുള്ള ആക്രോശങ്ങളുടേയും രക്തസാക്ഷിത്വം ആഘോഷിക്കപ്പെടുന്നതിന്റെയുമൊക്കെ വലിയ ശബ്ദങ്ങള്‍ നിങ്ങള്‍ക്കിപ്പോള്‍ നമ്മുടെ രാഷ്ട്രീയ വേദികളില്‍ കേള്‍ക്കാന്‍ കഴിയും. അത്രയേറെ വിഡ്ഡിത്തവും ബൗദ്ധികമായി പാപ്പരത്തം നിറഞ്ഞതുമാണ് ആ യുദ്ധോത്സുകങ്ങളായ മുറവിളികള്‍. അവര്‍ അതുകൊണ്ട് ഒന്നും നേടുന്നില്ല, എന്നാല്‍ അവ കൂടുതല്‍ വിധവകളെ സൃഷ്ടിക്കുന്നു, കൂടുതല്‍ കുഞ്ഞുങ്ങളെ അനാഥരാക്കുന്നു, നിരവധി രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുന്നു. ഒരുപക്ഷേ, അവ കുറച്ച് വോട്ടും കൊണ്ടുവന്നേക്കാം.

നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് രക്തസാക്ഷികള്‍ എന്നാല്‍ പലപ്പോഴും വോട്ടാണ്, റോഡിനോ പാര്‍ക്കിനോ ഏതെങ്കിലും ജംഗ്ഷനോ നല്‍കുന്ന പേര് മാത്രമാണ്. സാധാരണക്കാര്‍ക്കോ, അവരുടെ തിരക്കുപിടിച്ച, ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനിടയില്‍ ചിലപ്പോള്‍ ഒരു സൂചകം മാത്രം. എന്നാല്‍ ഒരു കാര്യം മറക്കരുത്, ഒരു പേരും മറക്കരുത്, കാരണം ആ ജീവന്‍ പൊലിഞ്ഞവരൊക്കെ, അവരുടെ ഉറ്റവര്‍ക്കിടയില്‍ ബാക്കി വച്ചിട്ടു പോയ വിശദീകരിക്കാന്‍ കഴിയാത്ത വലിയൊരു ശൂന്യതയുണ്ട്. ഒരു യുദ്ധവും ആഘോഷിക്കപ്പെടരുത്, പകരം അവയുടെ വാര്‍ഷികങ്ങള്‍ സത്യത്തിന്റെ കരുത്ത് എന്താണ് എന്ന് വിളിച്ചു പറയാനുള്ള അവസരങ്ങളിലേക്കാകണം നമ്മെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്.

ഖേദകരമെന്ന് പറയട്ടെ, നമ്മുടെ രാജ്യം വ്യാജമായി നിര്‍മിച്ചിട്ടുള്ള അനേകം ആഖ്യാനങ്ങളുടെ ഒരു മഴവെള്ളപ്പാച്ചിലിലാണ് ഇപ്പോഴുള്ളത്.

ജോസി ജോസഫ്

ജോസി ജോസഫ്

പ്രശസ്തമായ രാംനാഥ് ഗോയങ്ക, പ്രേം ഭാട്യ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍. ഇന്ത്യന്‍ സാമൂഹിക, ജനാധിപത്യ സംവിധാനങ്ങളെയും ആയുധ ഇടപാടുകളിലെ ഉള്ളുകളികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന A Feast of Vultures: The Hidden Business of Democracy in India എന്ന പുസ്തകത്തിന്റെ രചയിതാവ്. ദി ഹിന്ദുവില്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ആയിരിക്കെ 2018-ല്‍ രാജി വച്ചു., ടൈംസ് ഓഫ് ഇന്ത്യ, റീഡിഫ് തുടങ്ങിയ സ്ഥലങ്ങളിലും ജോലി ചെയ്തു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍