UPDATES

വിശകലനം

പ്രഗ്യാ സിംഗ് താക്കൂര്‍ ബിജെപിക്ക് ഒരു അപവാദമല്ല, ആ പാര്‍ട്ടിയുടെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്

നിരവധി ഹിന്ദുത്വ ഭീകരാക്രമണ കേസുകളില്‍ കുറ്റാരോപിതയാണ് പ്രഗ്യാ സിംഗ് താക്കൂര്‍

പ്രഗ്യാ സിംഗ് താക്കൂര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അതിന് സവിശേഷതകള്‍ ഏറെയുണ്ട്. ഇന്ത്യയില്‍ ഒരു ഭീകരവാദ കേസിള്‍ ഉള്‍പ്പെട്ട് വിചാരണ കഴിയും മുമ്പെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യത്തെ ആള്‍ എന്നതാവും ആ സവിശേഷത. യുഎപിഎ കേസ് പ്രകാരം വിചാരണ കാത്ത് കഴിയുന്നവരെയാണ് രാജ്യസുരക്ഷ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും അഭിമാന പോരാട്ടങ്ങളില്‍ ഒന്നില്‍ മത്സരിപ്പിക്കുന്നത്. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംങിനെ നേരിടാനാണ് നിരവധി നിരപാധികളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നത്.

ബിജെപിയുടെ തന്നെ ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് പ്രഗ്യാ സിംഗിന്റെ കടന്നുവരവ് എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ ആദ്യകാല നേതാക്കളെ മുഴുവന്‍ മാറ്റി നിര്‍ത്തിയതിന് ശേഷമാണ് പ്രഗ്യാ സിംഗിനെ പോലുള്ളവരെ ഭീകരവാദ കേസിലെ പ്രതിയായിരുന്നിട്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും ഒഴിവാക്കി, യോഗി ആദിത്യനാഥും പ്രഗ്യാ സിംഗും പോലുളളവരെ മുന്നോട്ടുവെച്ചാണ് ബിജെപിയുടെ നീക്കം.
അയോധ്യ പോലുള്ള ദേശീയതയുടെ മറപിടിച്ചുള്ള ഹിന്ദുത്വയില്‍നിന്ന് ക്രമാനുഗതമായി കൂടുതല്‍ ആക്രമോത്സുക ഹിന്ദുത്വത്തെ ബിജെപി ആശ്രയിക്കുന്നുവെന്നാണ് പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന മറിയല്ലാത്ത വിദ്വേഷ പ്രസംഗങ്ങളും സൂചിപ്പിക്കുന്നത്.

ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഒരു ഘട്ടത്തെയും ഭീകരവാദ കേസിലെ പ്രതിയുടെ സ്ഥാനാര്‍ത്ഥിത്വം അടയാളപ്പെടുത്തുന്നു. അതിലേക്ക് വരുന്നതിന് മുമ്പ് പ്രഗ്യാ സിംഗിനെതിരെയുള്ള കേസുകള്‍ എന്തൊക്കെയാണെന്ന് അറിയണം.

ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷി കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു പ്രഗ്യാ സിംഗ്. ആരായിരുന്നു സുനില്‍ ജോഷി എന്നറിയുമ്പോഴാണ് പ്രഗ്യാ സിംഗിനെതിരായ ആരോപണത്തിന്റെ ഗൗരവം ബോധ്യപ്പെടുക. ഹിന്ദുത്വ ഭീകരാക്രമണ കേസുകളിലെ മുഖ്യ ആസൂത്രകനായിരുന്നു ആര്‍എസ്എസ് നേതാവായിരുന്ന സുനില്‍ ജോഷി. ഇയാള്‍ 2007-ല്‍ നടന്ന സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിലെ പ്രതിയായിരുന്നു. ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായാണ് സുനില്‍ ജോഷിയെ കണക്കാക്കിയിരുന്നത്. കേസ് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇയാള്‍ 2007 ഡിസംബര്‍ 29-ന് കൊല്ലപ്പെടുന്നു. സംഝോത എക്‌സപ്രസ് സ്‌ഫോടനത്തിന് പുറമെ, അജ്മീര്‍ സ്‌ഫോടന കേസിന്റെ പിന്നിലും നടന്ന ആസൂത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സുനില്‍ ജോഷി അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്. പ്രഗ്യാ സിംഗ് ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. രണ്ട് വര്‍ഷം മുമ്പ് കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. വിധി പ്രഖ്യാപിച്ചുകൊണ്ട് മധ്യപ്രദേശിലെ ദേവാസിലെ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജീവ് എം ആപ്‌തെ ഇങ്ങനെ പറഞ്ഞു: “കേസിന്റെ അന്വേഷണത്തില്‍ മധ്യപ്രദേശ് പോലീസും എന്‍ഐഎയും മുന്‍വിധികള്‍ പുലര്‍ത്തിയിരുന്നു. ഒരു കൊലക്കേസ് അന്വേഷിക്കുന്നതിന്റെ യാതൊരു ഗൗരവവും അവര്‍ ഇതിന് നല്‍കിയില്ല. പരസ്പര വിരുദ്ധമായ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാന്‍ കഴിയില്ല”, അതായത് അന്വേഷണ സംഘം സംഘം കാണിച്ച അലസതയുടെയോ പ്രതികളോടുള്ള താത്പര്യത്തിന്റെയോ പുറത്താവും സുനില്‍ ജോഷിയുടെ വധക്കേസില്‍ കുറ്റക്കാര്‍ ഇല്ലാതെ പോയതെന്ന് അര്‍ത്ഥം.

Explainer: ഹിന്ദുത്വ ഭീകരർ പ്രതികളായ ഒരു കേസുകൂടി അവസാനിക്കുന്നു; എന്താണ് സംഝോത എക്‌സ്പ്രസ് സ്ഫോടനക്കേസ്?

മാലേഗാവ് സ്‌ഫോടനക്കേസിലാണ് പ്രഗ്യാ സിംഗ് താക്കൂര്‍ ഇപ്പോള്‍ വിചാരണ നേരിടുന്നത്. 2008 സെപ്റ്റംബര്‍ 29-നായിരുന്നു കേസിന് ആസ്പദമായ സ്‌ഫോടനം നടന്നത്; ആറു പേര്‍ കൊല്ലപ്പെട്ടു. ഒരു മോട്ടോര്‍ സൈക്കിളില്‍വെച്ച ബോംബ് പൊട്ടിത്തറിക്കുകയായിരുന്നു. നൂറിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചത്. പിന്നീട് മുംബൈ ആക്രമണ സമയത്ത് ലക്ഷര്‍ ഇ തോയ്ബ ഭീകരരുടെ വെടിയേറ്റ് മരിച്ച ഹേമന്ദ് കര്‍ക്കറെയായിരുന്നു അന്വേഷണ സംഘത്തിന്റെ തലവന്‍. എബിവിപി പ്രവര്‍ത്തകയായിരുന്ന പ്രഗ്യാ സിംഗിന്റെ മോട്ടോര്‍ സൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേ തുടര്‍ന്ന് നടന്ന പ്രഗ്യാ സിഗിന്റെ അറസ്റ്റാണ് കേസില്‍ വഴിത്തിരിവായത്. ലഫ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ എന്നിവരെ തുടര്‍ന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പങ്കും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. 2010-ല്‍ നബാ കുമാര്‍ എന്ന അസീമാനന്ദയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ജിഹാദി ആക്രമണങ്ങള്‍ക്ക് പകരം ചോദിക്കാനാണ് സംഝോത എക്‌സ്പ്രസിലും അജ്മീര്‍ ദര്‍ഗയിലും മെക്കാ മസ്ജിദിലും സ്‌ഫോടനം നടത്തിയതെന്ന് അയാള്‍ ആദ്യം കോടതിയില്‍ ഏറ്റുപറഞ്ഞു. എന്നാല്‍ പിന്നീട് ഇയാള്‍ തന്നെ മൊഴി മാറ്റി പറയുകയും ചെയ്തു. (ജയിലില്‍വെച്ച് കാരവന്‍ മാഗസിന്‍ ഇയാളുമായി നടത്തിയ അഭിമുഖത്തില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ അറിവോടെയാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് അയാള്‍ വെളിപ്പെടുത്തുന്നുണ്ട്).

2006 മുതല്‍ ഭീകര സംഘടനകള്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നടത്തിയ വിവിധ യോഗങ്ങളില്‍ പ്രഗ്യ സിംഗ് പങ്കെടുത്തുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചത്. ആക്രമണങ്ങള്‍ നടത്താനുള്ള ആളുകളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അത്തരം ഒരു യോഗത്തില്‍ അവര്‍ ഏറ്റെടുത്തുവെന്നും കുറ്റപത്രം ആരോപിച്ചു. സുനില്‍ ജോഷിയുടെ അടുത്തയാളായിരുന്നു പ്രഗ്യാ സിംഗ്. അസീമാനന്ദയുമായി 2003 മുതല്‍ ബന്ധമുള്ള ആളാണ് പ്രഗ്യാ സിംഗെന്ന് സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിന്റെ കുറ്റപത്രം പറയുന്നു. മുസ്ലീം സമൂഹത്തിനെതിരെ തന്നെ ആക്രമണം നടത്തുകയെന്ന മാനസികാവസ്ഥയിലേക്ക് ഇവര്‍ രണ്ടുപേരും മാറിയിരുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നു. മേജര്‍ രമേശ് ഉപാധ്യയും കേണല്‍ പുരോഹിതും സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇവരുമായി നടത്തിയ സംഭാഷണങ്ങളും അന്വേഷണ സംഘം തെളിവായി കണ്ടെത്തി.

എന്നാല്‍, 2011-ല്‍ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു. 2014-ല്‍ ഇന്ത്യയില്‍ ഭരണമാറ്റം സംഭവിച്ചു. തുടര്‍ന്ന് 2016-ലാണ് എന്‍ഐഎ കുറ്റപത്രം നല്‍കുന്നത്. താക്കൂറിനെ ഒഴിവാക്കികൊണ്ടായിരുന്നു ഇത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് താക്കൂറിന്റെതാണെങ്കിലും അത് രണ്ട് വര്‍ഷമായി ഉപയോഗിച്ചിരുന്നത് സ്‌ഫോടനം നടത്തിയ കല്‍സംഗാരയാണെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. കേസിന്റെ കാര്യത്തില്‍ പതുക്കെ നീങ്ങിയാല്‍ മതിയെന്ന് എന്‍ഐഎയുടെ സമ്മര്‍ദ്ദമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ രോഹിണി സലൈന്‍ പരസ്യമായി തുറന്നു പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു അത്. ഈ കുറ്റപത്രത്തെ തുടര്‍ന്നാണ് പ്രഗ്യാ സിംഗിന് ഈ കേസില്‍ ജാമ്യം നല്‍കിയത്. ഇവരെ കുറ്റവിമുക്തയാക്കിയ നടപടി കോടതി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇവര്‍ക്കെതിരെ കോടതി യുഎപിഎ ചുമത്തുകയും ചെയ്തു. അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കോടതി കുറ്റവിമുക്തയാക്കുകയാണ് ചെയ്തത്.

Read: അസീമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍; ഹിന്ദുത്വ ഭീകരവാദി ആക്രമണ കേസുകളുടെ ഭാവി എന്താകും?

ഇതാദ്യമായാണ് ഭീകരകേസില്‍ പ്രതിയായ ഒരാളെ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്നാല്‍ ഭീകരവാദ കേസ് എന്ന പേരില്‍ വിളിക്കപ്പെടുന്നില്ലെങ്കിലും സമൂഹത്തില്‍ വിഭാഗീയതും ശത്രുതയും വളര്‍ത്തുന്നതിനും, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും തന്നെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ എത്തിയിരുന്നത് എന്നു കാണാം. സജീവ രാഷ്ട്രീയത്തില്‍നിന്ന് മോദിയും അമിത് ഷായും ചേര്‍ന്ന് മാറ്റി നിര്‍ത്തിയതിന് ശേഷം സഹിഷ്ണുതയെയും സാഹോദര്യത്തെ കുറിച്ചും പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായത് എല്‍കെ അദ്വാനി നയിച്ച രഥയാത്രയായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ ആഹ്വാനം ചെയ്തു നടത്തിയ യാത്രക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വര്‍ഗീയ കലപങ്ങള്‍ അരങ്ങേറിയത്. ഇദ്ദേഹം പിന്നീട് ഉപപ്രധാനമന്ത്രിയും ബിജെപിയുടെ അധ്യക്ഷനുമായി.

2002 ല്‍ ഗുജറാത്ത് വംശഹത്യയ്ക്ക് കാരണം മോദി സര്‍ക്കാര്‍ അക്രമികൂട്ടങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതാണെന്ന ആക്ഷേപം ഇപ്പോഴും ഉണ്ട്. മോദിയുടെ തന്നെ പ്രസ്താവനകള്‍ ഈ ആക്ഷേപങ്ങളെ സാധൂകരിക്കുന്നതുമായിരുന്നു. രണ്ടായിരത്തിലേറെ പേരാണ് വംശഹത്യയില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെടുകയും ഗുജറാത്തില്‍ കടക്കുന്നതില്‍നിന്ന് കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത ആളാണ്‌ അമിത് ഷാ. അതിന് ശേഷമാണ് ഇദ്ദേഹം ബിജെപി അധ്യക്ഷനാകുന്നത്.

Read: ഹിന്ദു ഭീകരതയില്ലെന്ന് പറയുന്ന മോദിക്ക് അറിയുമോ ഗ്രഹാം സ്റ്റെയ്ന്‍സ് അടക്കം സംഘ് ഭീകരതയ്ക്ക് ഇരയായവരെ; പ്രധാനമന്ത്രി മറച്ചുപിടിക്കുന്ന ഹിന്ദുത്വഭീകരതയുടെ ചരിത്രം

മുസഫര്‍നഗര്‍ കലാപത്തിലും പിന്നീട് ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറിയ കലാപത്തിലും യോഗി ആദിത്യനാഥിന് പങ്കുണ്ടെന്ന് ആരോപണവും ശക്തമാണ്. ഇതുകൊണ്ടൊക്കെ തന്നെ പ്രഗ്യാ സിംഗ് ബിജെപി എം പിയാകുന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ച് പ്രത്യേകതയുള്ള കാര്യമല്ല. ഓരോ ഘട്ടത്തിലും പാര്‍ട്ടിക്ക് അവരുടെ അജണ്ട നടപ്പിലാക്കാന്‍ യോജിച്ച നേതാക്കളായിരുന്നു ഉണ്ടായിരുന്നത്.

അത് ഒരു ഘട്ടത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നുവെങ്കില്‍ പിന്നെ അത് വാജ്‌പേയിയും പിന്നീട് അദ്വാനിയുമായി. പാര്‍ട്ടിക്ക് കുടുതല്‍ സ്വാധീനം നേടാന്‍ കഴിഞ്ഞപ്പോള്‍ അദ്വാനിയുടെ തീവ്രത പോരാതെ മോദിയിലും അമിത് ഷായിലും യോഗി ആദിത്യനാഥിലുമെത്തി. ഇപ്പോള്‍ ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ എടുക്കാനും പ്രധാനപ്പെട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപിക്ക് കരുത്തു നല്‍കുന്നത് അവരുടെ ഈ ചരിത്രം തന്നെയാണ്. ബിജെപി സംബന്ധിച്ച് പ്രഗ്യാ സിംഗ് ഒരു അപവാദമല്ല, മറിച്ച്, തുടര്‍ച്ചയാണ്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍