UPDATES

പ്രണബ് മുഖർജി ആർഎസ്എസ് കേഡർമാരെ അഭിസംബോധന ചെയ്യാൻ നാഗ്പൂരിലേക്ക്

ഏതാണ്ട് 800 പേരാണ് പോഴ്സ് പൂർത്തിയാക്കി നാഗ്പുരിൽ നിന്നും മടങ്ങാനൊരുങ്ങുന്നത്. 45 വയസ്സിനു താഴെ പ്രായമുള്ളവരാണ് ഇവരെല്ലാം.

മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പ്രണബ് മുഖർജി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലെത്തി സംഘടനയുടെ കേഡർമാരെ അഭിസംബോധന ചെയ്യും. മികച്ച പ്രവർത്തകരെ വാർത്തെടുക്കാൻ ആർഎസ്എസ്സ് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുത്ത് പഠനം പൂർത്തിയാക്കി തിരിച്ചു പോകുന്നവരെയാണ് പ്രണബ് അഭിസംബോധന ചെയ്യുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേഡർമാരാണ് പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണങ്ങൾക്കായി കൈമെയ് മറന്നിറങ്ങുക. ആയുധപരിശീലനവും പ്രത്യയശാസ്ത്ര പരിശീലനവുമെല്ലാം അടങ്ങുന്നതാണ് കോഴ്സ്. മൂന്നാംവർഷം പൂർത്തിയാക്കിയാണ് കേഡർമാർ ഇറങ്ങുന്നത്.

നേരത്തെയും നരേന്ദ്ര മോദിയോട് പ്രണബ് കാണിച്ച അനുഭാവം ചർച്ചാ വിഷയമായിരുന്നു. ബിജെപിക്കെതിരെ രാഷ്ട്രീയമായ നീക്കങ്ങൾ നടത്തുന്ന കാര്യത്തിൽ കോൺഗ്രസ്സ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രണബ് നാഗ്പൂരിലേക്ക് പോകുന്നതെന്നത് ശ്രദ്ധേയമാണ്.

ഏതാണ്ട് 800 പേരാണ് കോഴ്സ് പൂർത്തിയാക്കി നാഗ്പുരിൽ നിന്നും മടങ്ങാനൊരുങ്ങുന്നത്. 45 വയസ്സിനു താഴെ പ്രായമുള്ളവരാണ് ഇവരെല്ലാം. എല്ലാവർഷവും ഈ കോഴ്സിലേക്ക് ആളുകളെ എടുക്കാറുണ്ട്. മൂന്നുവർഷമാണ് കോഴ്സ് കാലാവധി. സംഘ് ശിക്ഷ വർഗ് എന്നാണ് കോഴ്സിന്റെ പേര്. ഇതിൽ പാസ്സാകുന്നവർ പൂർണസമയ പ്രചാരകരായി മാറും. ജീവിതകാലം മുഴുവൻ ഇവർ സംഘപ്രവർത്തനത്തിനായി മാത്രം മാറ്റി വെക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കോഴ്സിൽ പങ്കെടുക്കാനെത്താറ്. ഒടിസി അഥവാ ഓഫീസർ ട്രെയിനിങ് ക്യാമ്പ് എന്നാണ് ഈ ക്യാമ്പ് നേരത്തെ അറിയപ്പെട്ടിരുന്നത്. പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ വിജയകരമായി പൂർത്തീകരിച്ച് എത്തുന്നവരാണ് ഇവിടെ കോഴ്സിന് ചേരുക.

ഇതുസംബന്ധിച്ച് ആർഎസ്എസ്സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദിയുടെ ഭരണകൂടത്തിൽ ആർഎസ്എസ്സിന്റെ സ്വാധീനം അതിശക്തമാണിപ്പോൾ. ആർഎസ്എസ് കേന്ദ്രങ്ങളിൽ മന്ത്രിമാർ നിരന്തരമായ സന്ദർശനങ്ങൾ നടത്തുന്നുണ്ട്. രണ്ടുദിവസം മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ 5 മണിക്കൂറാണ് ആർഎസ്എസ് ആസ്ഥാനത്ത് ചെലവിട്ടത്. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങൾ പോലും ആർഎസ്എസ് ആസ്ഥാനത്ത് തീരുമാനിക്കപ്പെടുന്നു.

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ഓഫീസിൽ ചെന്നു കണ്ടത് വിവാദമായിരുന്നു. അരമണിക്കൂർ നേരമാണ് അന്ന് ഇരുവരും സംസാരിച്ചത്. ആർഎസ്എസ് തലവന് രാഷ്ട്രപതി ഭവനിൽ ഇടം കൊടുക്കുക വഴി അവർ ചെയ്യുന്ന ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ആധികാരികത വരുത്തിയെന്ന ആരോപണം അന്നുയർന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രപതി ആർഎസ്എസ് തലവനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു ആ കൂടിക്കാഴ്ചയ്ക്ക്.

പിന്നീട് മോഹൻ ഭാഗവതിന് രാഷ്ട്രപതി ഭവനിൽ ഉച്ചഭക്ഷണം ഒരുക്കി ബംഗാളി ബ്രാഹ്മണനായ പ്രണബ് തന്റെ ആഭിമുഖ്യം വീണ്ടും വെളിപ്പെടുത്തി. ഈ സംഭവവും ചരിത്രത്തിലാദ്യം എന്ന് രേഖപ്പെടുത്തപ്പെട്ടു. കടുത്ത വിമർശനങ്ങളാണ് അന്നുയർന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍