UPDATES

ട്രെന്‍ഡിങ്ങ്

പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റും കാണാതാകലും; ബിജെപി-വിഎച്പി പോരിന്റെ പൊട്ടിത്തെറിയോ?

ഗുജറാത്തില്‍ തൊഗാഡിയായെ മുഖ്യമന്ത്രിയാകുമെന്ന വിശ്വഹിന്ദു പരിഷത്ത് കണക്കുകൂട്ടിയിരുന്നു

വിശ്വഹിന്ദു പരിഷത്ത് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് രംഗത്തെത്തിയതും തുടര്‍ന്ന് തൊഗാഡിയയെ കാണാതായതും പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതും ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതിയ ചുഴികള്‍ രൂപപ്പെടുന്നതിന്റെ ലക്ഷണമെന്ന് റിപ്പോര്‍ട്ടുകള്‍.

തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 2015ല്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ വിലക്ക് ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്. എന്നാല്‍ പൊലീസിന് തൊഗാഡിയയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തൊഗാഡിയ, അഹമ്മദാബാദ് സിറ്റിയിലെ പല്‍ദിയിലുള്ള വിഎച്ച്പി ഓഫീസിനു മുന്നില്‍ നിന്നും രാവിലെ 10:45നു ഒരു താടിക്കാരനോടൊപ്പം ഒരു ഓട്ടോറിക്ഷയില്‍ കയറി എങ്ങോട്ടോ പോയതാണെന്ന് തൊഗാഡിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റ് ചെയ്തുപോയതിന് ശേഷം കാണാതായി എന്ന പരാതിയുമായി രംഗത്ത് വരികയും സോലാ പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടത്തുകയും സര്‍ഖേജ്ഗാന്ധി നഗര്‍ ഹൈവെ ഇപരോധിക്കുകയും ചെയ്തത്. അതിന് പിന്നാലെ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഗാഡിയക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

വിശ്വഹിന്ദു പരിഷത്തും ബിജെപിയും തമ്മില്‍ ഗുജറാത്ത് ഇലക്ഷന് പിന്നാലെ രൂപപ്പെട്ട സ്വരചേര്‍ച്ചയില്ലായ്മയുടെ പൊട്ടിത്തെറിയായാണ് തൊഗാഡിയ വിഷയം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് പോലെ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തില്‍ പ്രവീണ്‍ തൊഗാഡിയയെ മുഖ്യമന്ത്രിയാക്കുമെന്ന് വിഎച്ച്പി കണക്കു കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തൊഗാഡിയ സജീവമായി ഇടപെടുകയും തീവ്ര ഹിന്ദുത്വം ആളിക്കത്തിക്കുകയും ചെയ്തിരുന്നു.

ബിജെപിയിലെ ഗ്രൂപ്പു വഴക്കുകള്‍ തങ്ങളുടെ കൈകളിലേക്ക് തന്നെ ഭരണം കൊണ്ടെത്തിക്കുമെന്ന വിഎച്ചപിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ബിജെപി ദേശീയ നേതൃത്വം വിജയ് രൂപാണിക്ക് രണ്ടാമതും മുഖ്യമന്ത്രി പദം നല്‍കുകയായിരുന്നു. ഇത് വിഎച്ച്പിയെ ചൊടിപ്പിക്കുകയും ഈ സംഘപരിവാര്‍ സംഘടന ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ വിവിധ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയുടെ 2015ലെ കേസ് പൊക്കിയെടുത്ത് അറസ്റ്റ് നാടകം അരങ്ങേറിയത്.

നേരത്തെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലുള്‍പ്പെടെ പ്രവീണ്‍ തൊഗാഡിയ ബിജെപിയെ വിമര്‍ശിച്ച് ശക്തമായി രംഗത്ത് വന്നിരുന്നു. ബിജെപി ഹിന്ദുത്വ നിലപാടില്‍ നിന്ന് ഒഴിഞ്ഞ് പോകാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു തൊഗാഡിയയുടെയും പരിഷത്തിന്റെയും ആരോപണം.

സുപ്രീംകോടതി വിഷയത്തിലടക്കം ബിജെപി സര്‍ക്കാര്‍ പ്രതിയായി നില്‍ക്കുകയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കനത്ത ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാധ്യമശ്രദ്ധയും പൊതുജന ശ്രദ്ധയും തിരിച്ചു വിടാനുള്ള തന്ത്രമായും ഇത് വിലയിരുത്തപ്പെടുത്തുന്നു. സര്‍ക്കാരിനെ പ്രതിരോധേത്തിലാക്കുന്ന വിഷയങ്ങള്‍ എപ്പോഴൊക്കെ ഉയര്‍ന്നുവന്നിട്ടുണ്ടോ, അപ്പോഴൊക്കെ ബിജെപി വിഷയം തിരിച്ചു വിടാനായി മറ്റ് വഴികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ചരിത്രംകൂടി മുന്നില്‍ നില്‍ക്കുമ്പോള്‍ സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയ നാടകമായണ് പ്രവീണ്‍ തൊഗാഡിയ-ബിജെപി ഏറ്റുമുട്ടല്‍ എന്ന വാദവും തള്ളിക്കളയാനാകില്ല.

ഒരു പുതിയ ഇന്ത്യ; 100 ശതമാനം ഹിന്ദു (വെറുപ്പിന്റെയും)

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍