UPDATES

ഇന്ത്യ

സൈബര്‍ ഇടത്തിലെ വിദ്വേഷ പ്രചരണം: 66എ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രം

2015ല്‍ സുപ്രധാന വിധിയില്‍ 66എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും തടയണമെന്നും വിധിച്ചിരുന്നു

സുപ്രിംകോടതി വിധി മറികടന്ന് സൈബര്‍ ഇടങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനുമുള്ള ശിക്ഷ കഠിനമാക്കാനും നിബന്ധനകള്‍ കര്‍ക്കശമാക്കുന്നതിനുമായി നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2015ല്‍ വിവര സാങ്കേതിക വിദ്യ നിയമത്തിലെ വിവാദമായ സെക്ഷന്‍ 66എയെ സുപ്രിംകോടതി തടഞ്ഞതിന് പിന്നാലെ കേന്ദ്രം രൂപീകരിച്ച നിയമ കമ്മിഷന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ് പുതിയ നീക്കം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികളും ശിക്ഷയും കര്‍ക്കശമാക്കുന്നതിനായി ഐപിസിയും ഐടി നിയമവും ഭേദഗതി ചെയ്യണമെന്നാണ് 66 എ ആവശ്യപ്പെടുന്നത്.

മുന്‍ നിയമ സെക്രട്ടറിയും ലോക്‌സഭ സെക്രട്ടറി ജനറലുമായിരുന്ന ടി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള വിദഗ്ധ കമ്മിറ്റിയെ സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്നു. അവര്‍ ഇതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചു. ’66എ വകുപ്പ് പുതുതായി അവതരിപ്പിക്കേണ്ടതില്ലെന്നും ഐപിസി ശക്തമാക്കുകയാണ് നാം ചെയ്യേണ്ടതെന്നുമാണ് ഞങ്ങളുടെ തീരുമാനം’ നിയമ കമ്മിഷനില്‍ അംഗമായ ഡോ. എസ് ശിവകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വിദ്വേഷത്തിനുള്ള ആഹ്വാനം തടയുന്നതിനായി ഐപിസിയുടെ 153 സി ഭേദഗതി ചെയ്യണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസാരത്തിലൂടെയോ എഴുത്തിലൂടെയോ ചിഹ്നങ്ങളിലൂടെയോ കാണാവുന്ന രൂപത്തിലുള്ളതോ വിവരങ്ങളിലൂടെയോ ശബ്ദത്തിലൂടെയോ വീഡിയോയിലൂടെയോ രണ്ടു ചേര്‍ന്നോ റേഡിയോ ട്രാന്‍സ്മിഷനിലൂടെയോ ടെലികമ്മ്യൂണിക്കേഷനിലൂടെയോ കമ്പ്യൂട്ടറുകളിലൂടെയോ വിദ്വേഷത്തിനുള്ള ആഹ്വനം തടയുന്നതിനാണ് ഇത്. രണ്ട് വര്‍ഷം വരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ ഇതും രണ്ടും കൂടിയോ ആണ് ഇതിനുള്ള ശിക്ഷ.

കലാപത്തിന് ആഹ്വാനം ചെയ്യുകയോ ഭയമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കര്‍ക്കശമാക്കാനും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിനായി ഐപിസി സെക്ഷന്‍ 505 എ ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. മതം, ജാതി, വര്‍ഗം, വിഭാഗം, ലിംഗം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ, അംഗപരിമിതി, ഗോത്രം എന്നിവയുടെ പേരില്‍ ഏതെങ്കിലും ആശയവിനിമയ ഉപാധികളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വ്യക്തിയ്‌ക്കോ വ്യക്തിള്‍ക്കോ ഉള്ള ശിക്ഷ കര്‍ക്കശമാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരുവര്‍ഷം വരെ തടവ് ശിക്ഷയും 5000 രൂപ പിഴയും ഇതു രണ്ടുമോ ആണ് ശിക്ഷ.

1973ലെ സിആര്‍പിസിയിലെ വകുപ്പുകളിലും ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. 25ബി, 25സി എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കും. ഇതനുസരിച്ച് സംസ്ഥാന സൈബര്‍ ക്രൈം കോര്‍ഡിനേറ്റര്‍, ജില്ലാ സൈബര്‍ ക്രൈം സെല്‍ എന്നിവരുടെ തസ്തിക ഏര്‍പ്പെടുത്തും. 2000ലെ ഐടി ആക്ടിലെ 78-ാം വകുപ്പും ഭേദഗതി ചെയ്യും. ഇതനുസരിച്ച് എസ്‌ഐ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ കീഴിലായിരിക്കും ഇത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണം. നേരിട്ട് എസ്‌ഐ തസ്തികയില്‍ നിയമിതരായ ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പരിശീലനം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2009ല്‍ രണ്ടാം യുപിഎ സര്‍ക്കാരാണ് സൈബര്‍ ഇടങ്ങളിലൂടെയുള്ള കലാപ ആഹ്വാനങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയാന്‍ പോലീസിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ നല്‍കുന്ന 66എ വകുപ്പ് ഐടി ആക്ടില്‍ ഉള്‍പ്പെടുത്തിയത്. ഈ വകുപ്പ് തടുക്കാനുള്ള സുപ്രിംകോടതി തീരുമാനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചത്. 66എ അനുസരിച്ച് കമ്പ്യൂട്ടറോ ആശയവിനിമയത്തിനുള്ള മൊബൈല്‍, ടാബ്ലറ്റ് തുടങ്ങിയ ഉപകരണങ്ങളോ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്തുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

അതേസമയം ഈ വകുപ്പിന്റെ മറവില്‍ പോലീസ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തു. കാര്‍ട്ടൂണിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ ഈ വകുപ്പ് പ്രകാരം അറസ്റ്റിലായി. രാഷ്ട്രീയ നേതാക്കള്‍ക്കോ പാര്‍ട്ടികള്‍ക്കോ എതിരെ പ്രചരണം നടത്തിയവരാണ് അറസ്റ്റിലായവരില്‍ ഏറെയും. എന്നാല്‍ ഇത്തരം പരാതികള്‍ പലതും കോടതികളില്‍ നിരസിക്കപ്പെടുകയും ചെയ്തു. ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതിനാലാണ് സുപ്രിംകോടതി ഇതിനെ തടഞ്ഞത്.

2015 മാര്‍ച്ച് 24ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജെ ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ച് ഈ വകുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം, സംസാരിക്കാനുള്ള സ്വാതന്ത്ര്യം, അറിയാനുള്ള സ്വാതന്ത്ര്യം എന്നിവയെ അട്ടിമറിക്കുന്നതാണ് ഈ വകുപ്പെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബെഞ്ചിന്റെ ഉത്തരവ്. 2012 നവംബറില്‍ ശിവ്‌സേന നേതാവ് ബാല്‍ താക്കറെ മരിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ശിവ്‌സേന ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ അഭിഭാഷകയായ ശ്രേയ സിന്‍ഗാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വിദഗ്ധ സമിതി രൂപീകരിക്കപ്പെട്ടത്.

വനിത, ശിശു ക്ഷേമ വകുപ്പില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങള്‍ 66എ വകുപ്പ് പരിഷ്‌കരിക്കാനും വീണ്ടും അവതരിപ്പിക്കാനും നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഐടി ആക്ടിന് വാണിജ്യ സ്വഭാവമാണെന്നും അതിനാല്‍ ശിക്ഷ കര്‍ക്കശമാക്കുന്നത് അത്യാവശ്യമാണെന്നുമാണ് മറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

153സി, 505എ എന്നീ വകുപ്പുകളില്‍ മാറ്റം വരുത്തി മതം, ജാതി, വര്‍ഗം, വിഭാഗം, സെക്‌സ്, ലിംഗം, ജനന സ്ഥലം, താമസ സ്ഥലം, ഭാഷ എന്നിവയുമായി ബന്ധപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്. ഒരു കുറ്റകൃത്യത്തിന് പ്രേരകമായാല്‍ മാത്രമാണ് ഓണ്‍ലൈന്‍ പ്രസംഗം കുറ്റകരമാകുന്നതെന്നും കമ്മിറ്റി വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍