UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ; മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ടു: രാജിവെച്ച ബിജെപി എംഎൽഎയുടെ ആരോപണങ്ങൾ

2013ലെ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ മാർജിനിൽ ജയിച്ച നേതാവാണ് ഘൻശ്യാം.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്നതായി ഇക്കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ബിജെപിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവും എംഎൽഎയുമായ ഘൻശ്യാം തിവാരി. സംഘപരിവാറിൽ 66 വർഷം പ്രവർത്തിച്ച നേതാവിന്റെ രാജിയും അതോടൊപ്പം അദ്ദേഹം നടത്തിയ പ്രസ്താവനകളും ദേശീയശ്രദ്ധയാകർഷിക്കുകയാണ്.

2013ലെ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ മാർജിനിൽ ജയിച്ച നേതാവാണിദ്ദേഹം. എതിരാളിയായ കോൺഗ്രസ്സ് നേതാവിനെ 65,350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഘൻശ്യാം പരാജയപ്പെടുത്തിയത്.

വസുന്ധരരാജെ സിന്ധ്യ എന്ന ഒറ്റ വ്യക്തിയിലേക്ക് പാർട്ടി ചുരുങ്ങിയതായി ഘൻശ്യാം ആരോപിച്ചു. വൻതോതിൽ ഉയർന്ന അഴിമതിയെക്കുറിച്ച് താൻ ദേശീയ നേതൃത്വത്തെ പലവട്ടം ബോധിപ്പിച്ചിരുന്നതായി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയ രാജിക്കത്തിൽ ഘൻശ്യാം ഓർമിപ്പിച്ചു. തന്റെ ആശയവിനിമയങ്ങൾക്ക് യാതൊരു വിലയും കൽപ്പിച്ചില്ലെന്നു മാത്രമല്ല പലവട്ടം അപമാനിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപി ഒരു സ്വകാര്യ കച്ചവടസ്ഥാപനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്നതായും ഇത് പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാൾ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതെസമയം, ഘൻശ്യാമിനെറെ മകൻ പുതുതായി ഒരു പാർട്ടി രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഈ രാജി വരുന്നതെന്നത് ശ്രദ്ധേയമാണ്. ഭാരത് വാഹിനി പാർട്ടി എന്നാണ് ഈ പുതിയ കക്ഷിയുടെ പേര്. വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 200 അസംബ്ലി മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിറുത്താനാണ് പാർട്ടിയുടെ പരിപാടി.

പാർട്ടിയിൽ നിലവിലുള്ള സ്വേച്ഛാധിപത്യമാണ് താൻ രാജി വെച്ചതിന്റെ പ്രധാന കാരണമെന്ന് ദി വയറിന് നൽകിയ അഭിമുഖത്തിൽ ഘൻശ്യാം പറഞ്ഞു. കഴിഞ്ഞ നാലുവർഷത്തിനിടയിൽ വ്യവസ്ഥയില്ലാത്ത, അഴിമതി നിറഞ്ഞ ഒരു പാർട്ടിയായി ബിജെപി മാറി. ഇതെല്ലാം ചൂണ്ടിക്കാട്ടാൻ ശ്രമിച്ച തനിക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുകയാണ് വസുന്ധരരാജെ സിന്ധ്യ ചെയ്തത്. ഇതും രാജിക്ക് ഒരു കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍