UPDATES

ആള്‍ക്കൂട്ട കൊല രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കുന്നു; മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി

ഗോസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഇന്നലെ വിമര്‍ശിച്ചത്

രാജ്യം അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ആലങ്കാരിക പദവിയാണെങ്കില്‍ പോലും ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തലവനാണ് ഈ പദവിയിലുള്ളയാള്‍. ഇന്ത്യന്‍ ഭരണഘടനയുടെ കാവലാളും സൂക്ഷിപ്പുകാരനുമായിരിക്കും എന്ന പ്രതിജ്ഞയോടെയാണ് ഈ പദവി ഏറ്റെടുക്കുന്നവര്‍ അധികാരത്തിലേറുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തു നടക്കുന്ന ചില മോശം പ്രവണതകള്‍ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് കൂടി അതില്‍ അടങ്ങിയിട്ടുണ്ട്. ഈ മാസം സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ ചൂണ്ടിക്കാട്ടിയതും രാജ്യം കടന്നു പോകുന്ന അത്തരമൊരു അവസ്ഥയെക്കുറിച്ചാണ്.
ഏതൊക്കെ വിധത്തിലാണ് ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെടുന്നത്, അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത് എന്നതിന്റെയും കൂടി ഒരോര്‍മപ്പെടുത്തലായി വേണം ഇതിനെ കണക്കാക്കാന്‍.

ഗോസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഇന്നലെ വിമര്‍ശിച്ചത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് എത്രയും വേഗം അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകള്‍ കൊല്ലപ്പെടുകയും ആക്രമണങ്ങളും കൊലപാതകങ്ങളും നിയന്ത്രണാതീതമായി വര്‍ധിച്ചു വരികയും ചെയ്യുന്നുണ്ട്. ഇതിന്റെ വാര്‍ത്തകളാണ് പത്രങ്ങളിലും ടി.വികളിലുമുള്ളത്. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ പൗരനും ജാഗ്രത പുലര്‍ത്തുന്നുണ്ടോ എന്നതും ചിന്തിക്കണം. ഇത്തരത്തിലുള്ള ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പൗരന്മാരുടേയും മാധ്യമങ്ങളുടേയും നിതാന്ത ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്മരണിക പ്രകാശനവും വെബ്‌സൈറ്റിന്റെ ഉത്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുതയുടെ നാളുകള്‍ മടങ്ങി വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭരണകൂടം ഇതിനെ തടയുന്നതില്‍ വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ലെന്നും ചടങ്ങില്‍ സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമര്‍ശിച്ചു. ആള്‍ക്കുട്ടങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ രാജ്യത്ത് പതിവായി മാറിയിരിക്കുകയാണെന്നും മോദി സര്‍ക്കാരിനെ പേര് പറയാതെ കുറ്റപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു.

ഹരിയാനയില്‍ ട്രെയിനില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു 16-കാരനായ ജുനൈദിനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതുവരെ ഇത്തരം കാര്യങ്ങളില്‍ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകത്തിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ തയാറായത്. എന്നാല്‍ ഇതിന് 24 മണിക്കൂര്‍ തികയും മുമ്പാണ് ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ ഝാര്‍ഖണ്ഡില്‍ മുസ്ലീം വ്യാപാരിയെ ആക്രമിച്ചു കൊലപ്പെടുത്തിയത്.

മോദി അധികാത്തിലെത്തിയതിനു ശേഷം ഗോ സംരക്ഷണത്തിന്റെ പേരില്‍ 23 പേരോളം കൊല്ലപ്പെടുകയും നിരവധി ആക്രമണങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. ഗോ സംരക്ഷണത്തിന്റെ മറവില്‍ ആക്രമണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് യാതൊരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല, ദിനംപ്രതി അക്രമ വാര്‍ത്തകളും കൊലപാതകങ്ങളും നടക്കുകയുമാണ് ചെയ്തത്.

രാഷ്ട്രപതി ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്ക് അതുകൊണ്ടു തന്നെ ദൂരവ്യാപകമായ ഉള്‍ക്കാഴ്ചയുണ്ട്. എപ്പോഴൊക്കെ സ്വാതന്ത്ര്യം അപകടത്തിലാകുന്നോ അപ്പോഴൊക്കെ എന്തുവില കൊടുത്തും അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന് നാഷണല്‍ ഹെരാള്‍ഡിന്റെ മാസ്റ്റര്‍ഹെഡിനു താഴെ ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിരുന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് എഴുതിയത് 1939-ലായിരിക്കാം. എന്നാല്‍ ഇത് എല്ലാ സമയത്തും പ്രസക്തിയുള്ളതാണ്. എപ്പോഴൊക്കെ സ്വാതന്ത്ര്യം അപകടത്തിലാകുന്നോ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ കേവലം പേരില്‍ ഉണ്ടായാല്‍ പോര. അതിന് പ്രതിബദ്ധതയോടു കൂടിയ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും ആള്‍ക്കുട്ട അതിക്രമങ്ങള്‍ക്കുമെതിരെ ആദ്യമായല്ല രാഷ്ട്രപതി ശബ്ദമുയര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി ഗുര്‍മോഹര്‍ കൗര്‍ എ.ബി.വി.പിക്കെതിരെ രംഗത്തു വന്നതിനെ തുടര്‍ന്ന് അവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ചും അദ്ദേഹം രംഗത്തു വന്നിരുന്നു. സമൂഹത്തില്‍ വിവിധ ആശയധാരകളുടെയും എതിര്‍ശബ്ദങ്ങളുടേയും പ്രാധാന്യം ഓര്‍മിപ്പിക്കുയും സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം അന്നു പറയുകയുണ്ടായി.

“അസഹിഷ്ണുവായ ഇന്ത്യക്കാരന് ഇന്ത്യയില്‍ സ്ഥാനമില്ല. വസ്തുതാപരമായ വിമര്‍ശനത്തിനും ഭിന്നാഭിപ്രായങ്ങള്‍ക്കും ഈ സമൂഹത്തില്‍ ഇടമുണ്ടാകണം. അസ്വസ്ഥയുടെ അന്തരീക്ഷണം സൃഷ്ടിക്കാനല്ലാതെ സൃഷ്ടിപരമായ ചര്‍ച്ചകളും വാദങ്ങളുമാണ് സര്‍വകലാശാലകളില്‍ ഉണ്ടാകേണ്ടത്”- അദ്ദേഹം പറഞ്ഞു. “അസഹിഷ്ണുവായ ഇന്ത്യനല്ല, മറിച്ച് യുക്തിപരമായി വാദങ്ങള്‍ നടത്തുന്ന ഇന്ത്യക്കാരനെയാണ് നാം എക്കാലത്തും ആഘോഷിച്ചിട്ടുള്ളത്” എന്ന് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ 77-ാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് നിരന്തരമെന്നോണം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തലവന്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അസഹിഷ്ണുതയും ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റേയുമൊക്കെ പേരില്‍ മറ്റുള്ളവര്‍ നമ്മുടെ അടുക്കളയിലേക്കും കിടപ്പു മുറിയിലേക്കും വരെ കടന്നു വരുന്നു എന്നാണ് അദ്ദേഹം ഓരോ നിമിഷവും ഓര്‍മിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കകത്തു നിന്നു കൊണ്ടുതന്നെ അത് നേരിടുന്ന വെല്ലുവിളികളെ കുറിച്ചു കൂടിയാണ് രാഷ്ട്രപതി ഓര്‍മപ്പെടുത്തുന്നത്. സിവില്‍ സമൂഹത്തിന്റെ ഉണര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭരണഘടനാ തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍