UPDATES

ട്രെന്‍ഡിങ്ങ്

ബിഹാറില്‍ കുശ്വാഹയ്ക്ക് പിന്നാലെ പാസ്വാനും? ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു

ഉചിതമായ സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാം എന്ന് എല്‍ജെപി നേതാവും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തു.

ബിഹാറില്‍ ബിജെപിക്ക് തലവേദനയായി ഒരു കക്ഷി കൂടി എന്‍ഡിഎ വിട്ടേക്കുമെന്ന് അഭ്യൂഹം. കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയാണ് ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്നത്. മറ്റൊരു കേന്ദ്ര മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ മന്ത്രി സ്ഥാനം രാജി വയ്ക്കുകയും കുശ്വാഹയുടെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍ എസ് പി) മുന്നണി വിടുകയും ചെയ്തിരുന്നു. ബിഹാറില്‍ കാര്യങ്ങളൊന്നും ശരിയായില്ലെന്നും ഇത് സഖ്യത്തെ ബാധിച്ചേക്കുമെന്നുമാണ് രാംവിലാസ് പാസ്വാന്‍ പറഞ്ഞത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് മുന്നണി വിടാന്‍ പാസ്വാന്‍ ആലോചിക്കാന്‍ കാരണം.

സഖ്യകക്ഷികളായിരുന്ന ശിവസേനയും ടിഡിപിയും നേരത്തെ മുന്നണി വിട്ടിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ബിജെപി സഖ്യത്തിന് ശക്തമായ ഭീഷണിയുമായി തേജസ്വി യാദവിന്റെ നേതൃത്വത്തില് ആര്‍ജെഡിയുടെ മഹാസഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. പാസ്വാന്‍ മുന്നണി വിടുകയാണെങ്കില്‍ ബിജെപി മുന്നണിക്കുള്ള ദലിത് പിന്തുണയെ ബിഹാറില്‍ കാര്യമായി ബാധിക്കും. മറ്റൊരു പ്രമുഖ ദലിത് നേതാവായ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി നിലവില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമാണ്.

“സീറ്റ് വിഭജന പ്രശ്‌നം ഞങ്ങള്‍ ബിജെപി നേതാക്കളുമായി പല തവണ ചര്‍ച്ച ചെയ്തു. എന്നാല്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഇത് ഉചിതമായ സമയത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാം” – എല്‍ജെപി എംപിയും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തു.

2014ല്‍ എല്‍ ജെ എസ് പിയെ എന്‍ഡിഎയിലേയ്‌ക്കെത്തിക്കുന്നതില്‍ ചിരാഗിന് നിര്‍ണായക പങ്കുണ്ട്. ബിജെപി, സഖ്യകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ചിരാഗ് ആവശ്യപ്പെട്ടു. പാസ്വാനും മകനുമടക്കം ആറ് എംപിമാരാണ് എല്‍ ജെ എസ് പിക്ക് നിലവില്‍ ലോക്‌സഭയിലുള്ളത്. എല്‍ ജെ എസ് പിക്ക് സീറ്റും ആര്‍ എല്‍ എസ് പിക്ക് രണ്ട് സീറ്റുമാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. 16 സീറ്റ് വീതം ബിജെപിയും ജെഡിയുവും മത്സരിക്കുമെന്നും തീരുമാനിച്ചിരുന്നു.

രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ബിഹാറില്‍ മുസ്ലീം മേഖലകളില്‍ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ പ്രകോപനരമായ പ്രസംഗങ്ങളേയും അക്രമങ്ങളേയും തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ നിലയ്ക്ക് നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വത്തോട് രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമം സുപ്രീം കോടതി ഉത്തരവിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ബിഹാര്‍ അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ പ്രക്ഷോഭങ്ങളെ ബിജെപി കൈകാര്യം ചെയ്തതിലും രാംവിലാസ് പാസ്വാന്‍ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജനമടക്കമുള്ള പ്രശ്‌നങ്ങളിലെ അതൃപ്തികളുണ്ടെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതാണ് പാസ്വാനെ എതിര്‍ചേരിയിലേയ്ക്ക് അടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് സൂചന. 1996ല്‍ എച്ച്ഡി ദേവഗൗഡയുടെ മന്ത്രിസഭ മുതലുള്ള എല്ലാ മന്ത്രിസഭകളിലും രാം വിലാസ് പാസ്വാന്‍ അംഗമായിരുന്നു എന്ന പ്രത്യേകതയുണ്ട്.

ആരാണ് ഉപേന്ദ്ര കുശ്വാഹ? എന്താണ് എൻഡിഎയുമായി അദ്ദേഹത്തിന്റെ അതൃപ്തികൾ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍