UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യത മൗലികാവകാശമാണോ? തീര്‍പ്പ് വര്‍ഷങ്ങളായുള്ള തര്‍ക്കത്തിന്

1962 ല്‍ കരഖ്സിംങ് /യുപി സര്‍ക്കാര്‍ എന്ന കേസില്‍ സുപ്രീം കോടതിയിലെത്തി. അന്ന് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി ബഞ്ചിലെ ന്യൂനപക്ഷം ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

സ്വകാര്യത സംബന്ധിച്ച കേസുകള്‍ ആദ്യമായല്ല നമ്മുടെ കോടതികളുടെ മുമ്പാകെ ഉയര്‍ന്നു വരുന്നത്. രാജ്യത്തെ വ്യത്യസ്ത കോടതികളില്‍ വിവിധ ഘട്ടങ്ങളില്‍ എത്തിയ കേസുകളില്‍ സ്വകാര്യത മൗലികാവകാശമാണോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഭരണഘടനയില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടില്ലെന്നതിനാല്‍ 21ാം അനുച്ഛേദം വ്യാഖ്യാനിച്ചുകൊണ്ടാണ് പല വിധികളിലും സ്വാകാര്യത മൗലികാവാകാശമാണെന്ന് വിധിയുണ്ടായത്. ജീവിക്കാനും സഹജമായി പ്രവര്‍ത്തിക്കാനുമുളള സ്വാതന്ത്ര്യം മൗലികാവകാശമാണെന്നാണ് ഈ അനുച്ഛേദത്തില്‍ പറയുന്നത്.

2015 ല്‍ ഈ വ്യാഖ്യാനത്തെ അംഗീകരിക്കാതെ കേസ് സുപ്രീം കോടതിയുടെ വലിയ ബഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. ആധാര്‍ ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധിതമാക്കുന്നതിനെതിരെയുള്ള ജസ്റ്റിസ് കെഎസ് പുട്ടാസ്വമി/ഇന്ത്യസര്‍ക്കാര്‍ കേസായിരുന്നു അത്.

ഇതിനു മുമ്പും നിരവധി കേസുകള്‍ ഈ വിഷയത്തിലുണ്ടായി. 1962 ല്‍ കരഖ്‌സിംങ് /യുപി സര്‍ക്കാര്‍ എന്ന കേസും സുപ്രീം കോടതിയിലെത്തി. അന്നും സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി ബഞ്ചിലെ ന്യൂനപക്ഷം ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് 1975 ല്‍ ഗോവിന്ദ്/ മധ്യപ്രദേശ്‌ സര്‍ക്കാര്‍ കേസില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിക്കാനുളള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണ്ടായിരുന്നു അത്.

വ്യക്തിയുടെ സൗഹൃദം, കുടുംബം, വിവാഹം, മാതൃത്വം, സന്താനോത്പാദനം, കുട്ടികളെ വളര്‍ത്തല്‍ എന്നിവ സ്വകാര്യതയായി കണക്കാക്കി. ഇവയിലൊന്നും സര്‍ക്കാര്‍ ഇടപെടരുതെന്നതായിരുന്നു പ്രസ്തുത വിധി. സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാ വ്യഖ്യാനമായിരുന്നു അത്. തുടര്‍ന്ന് 1994ലെ ആര്‍ രാജഗോപാല്‍/കേന്ദ്രസര്‍ക്കാര്‍ കേസിലും സ്വകാര്യത മൗലികാവാകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടന വ്യക്തിസ്വാതന്ത്ര്യത്തിന് പരിരക്ഷ നല്‍കുന്നുവെന്ന് സുപ്രീം കോടതി അന്നു വ്യക്തമാക്കി. സ്വന്തം കുടുംബം, വിവാഹം, സന്താനോത്പാദനം, മാതൃത്വം, ശിശുപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ സ്വാകാര്യമാക്കി നിലനിര്‍ത്താന്‍ രാജ്യത്തെ പൗരന്/പൗരയ്ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഈ വിധിയില്‍ പ്രസ്താവിച്ചു. ഈ കാര്യങ്ങളൊന്നും ബന്ധപ്പെട്ട വ്യക്തികളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് അവകാശലംഘനമാണ്.

എന്നാല്‍ മുന്ന് സാഹചര്യങ്ങളില്‍ അത്തരം കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താനാവുമെന്നും ആ വിധിയില്‍ പറഞ്ഞു. ഒന്ന്, വ്യക്തികള്‍ വിവാദത്തിലകപ്പെട്ടാല്‍; രണ്ട്, പൊതുരേഖയായി സുക്ഷിക്കുന്നതിനു വേണ്ടി. (ബലാത്സംഗം, തട്ടിക്കൊണ്ടു പോവല്‍, കാണാതാവല്‍ എന്നിവ ഒഴികെ). 1996ല്‍ പിയുസിഎല്‍/ കേന്ദ്രസര്‍ക്കാര്‍ കേസില്‍ ആശയവിനിമയം സ്വകാര്യ അവകാശമായി വിധിക്കുകയുണ്ടായി. ആ വിധിയില്‍ സുപ്രീം കോടതി ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചു.

ഇങ്ങനെ നിരവധി വിധികളില്‍ സ്വകാര്യത സംബന്ധിച്ച വിധികളുണ്ടായിട്ടുണ്ട്. ഒടുവില്‍ ആധാര്‍ കേസിലും ജസറ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുളള 9 അംഗ ബഞ്ച് ഭരണഘടനയുടെ 21ാം അനുച്ഛേദം മൂന്നാം ഭാഗം വ്യാഖ്യാനിച്ച് സ്വകാര്യത മൗലികാവകാശമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍