UPDATES

വാര്‍ത്തകള്‍

പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമോ? ഒരു സസ്‌പെന്‍സ് തരാമെന്ന് രാഹുല്‍ ഗാന്ധി

സസ്‌പെന്‍സ് ഒരു മോശം കാര്യമല്ലല്ലോ, ഞാന്‍ ഒന്നും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നാണ് രാഹുല്‍ പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരു സസ്‌പെന്‍സ് തരാം എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മറുപടി. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം ഞാന്‍ സസ്‌പെന്‍സിന് വിടുകയാണ്. സസ്‌പെന്‍സ് ഒരു മോശം കാര്യമല്ലല്ലോ, ഞാന്‍ ഒന്നും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല എന്നാണ് രാഹുല്‍ പറഞ്ഞത്.

നേരത്തെ റായ്ബറേലിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് വരാണസി ആയിക്കൂടാ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി മോദിക്കെതിരെ പ്രിയങ്ക വന്നേക്കാം എന്ന അഭ്യൂഹം ശക്തമായത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കും എന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.

ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് മോദിക്കെതിരെ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ദലിത് വോട്ട് ഭിന്നിപ്പിക്കാനില്ല എന്ന് പറഞ്ഞ് ആസാദ് പിന്മാറിയിരുന്നു. ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ചന്ദ്രശേഖര്‍ ആസാദ് ബിജെപി ഏജന്റ് ആണെന്ന് അടക്കം മായാവതി ആരോപിച്ചിരുന്നു. ബി എസ് പി – എസ് പി സഖ്യത്തില്‍ എസ് പിക്കാണ് (സമാജ്‌വാദി പാര്‍ട്ടി) നിലവില്‍ ഈ സീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍