UPDATES

ട്രെന്‍ഡിങ്ങ്

പ്രിയങ്ക വന്നത് ഇങ്ങനെ; യുപിയില്‍ കോണ്‍ഗ്രസിന് മുന്നേറാനാകുമോ?

കോണ്‍ഗ്രസിനും എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു. അപ്പോളാണ് പ്രിയങ്കയെന്ന ട്രംപ് കാര്‍ഡ് ഇറക്കിയത്. ഇത് എത്രത്തോളം കോണ്‍ഗ്രസിന് ഗുണം ചെയ്യും എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അറിയാനുള്ളത്.

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമാകണം എന്ന് ആദ്യം നിര്‍ദ്ദേശിച്ചത് സഹോദരനും കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത പോരാട്ടം നടക്കുന്ന യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടും മുന്‍ മണ്ഡലവുമായ ഗോരഖ്പൂരും ഉള്‍പ്പെട്ട കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി. വലിയ വെല്ലുവിളിയാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്നത്. സോണിയ ഗാന്ധിക്ക് തുടക്കത്തില്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ താല്‍പര്യമില്ലായിരുന്നു എന്നും എന്നാല്‍ പിന്നീട് തീരുമാനം രാഹുലിന് വിടുകയായിരുന്നു എന്നും മനോരമ പറയുന്നു. നിലവില്‍ ന്യൂയോര്‍ക്കിലുള്ള പ്രിയങ്ക ഗാന്ധി ഫെബ്രുവരി ഒന്നിന് തിരിച്ചെത്തുമെന്നും ആദ്യ വാരം തന്നെ ചുമതലയേറ്റെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ് യുപിയില്‍ എത്തുംപിടിയുമില്ലാതെ നില്‍ക്കുകയായിരുന്നു. വെറും രണ്ട് സീറ്റ് മാത്രം (സോണിയയുടെ റായ്ബറേലിയും രാഹുലിന്റെ അമേഥിയും) കഴിഞ്ഞ തവണ നേടിയ യുപിയില്‍ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണമെന്ന ശക്തമായ തിരഞ്ഞെടുപ്പ് കാര്‍ഡ് ബിജെപി ഇറക്കിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു. അപ്പോളാണ് പ്രിയങ്കയെന്ന ട്രംപ് കാര്‍ഡ് ഇറക്കിയത്. ഇത് എത്രത്തോളം കോണ്‍ഗ്രസിന് ഗുണം ചെയ്യും എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അറിയാനുള്ളത്. നെഹ്രു കുടുംബ ആരാധകരുടെ “പ്രിയങ്കാ ലാവോ, കോണ്‍ഗ്രസ് ബച്ചാവോ” മുദ്രാവാക്യങ്ങള്‍ കുറേ വര്‍ഷമായി ഉള്ളതുകൊണ്ട്, ഇന്ദിര ഗാന്ധിയുടെ ശരീരഭാഷ അവര്‍ക്കുള്ളതായി പലരും കരുതുന്നത് കൊണ്ട് പരിചയപ്പെടുത്തലിന്റെ പ്രയാസങ്ങളില്ല.

എസ് പി – ബി എസ് പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നതെങ്കില്‍ അത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് ഇടയാക്കും. 80 സീറ്റുകളുള്ള യുപിയില്‍ ഇത് വലിയ ആഘാതമാകും. ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ കോണ്‍ഗ്രസിന് കണക്കിലെടുക്കേണ്ടതുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ കഴിയുക എന്നതാണ്. ബി എസ് പിയും എസ് പിയും കോണ്‍ഗ്രസും അടങ്ങുന്ന സഖ്യമുണ്ടെങ്കില്‍ ബിജെപി അഞ്ച് സീറ്റില്‍ ഒതുങ്ങും എന്നാണ് ഇന്ത്യ ടുഡെ അഭിപ്രായ സര്‍വേ പ്രവചിച്ചിരിക്കുന്നത്.

യുപിയിലെ സുല്‍ത്താന്‍പൂര്‍ എംപിയായ പിതൃസഹോദര പുത്രന്‍ വരുണ്‍ ഗാന്ധി ബിജെപിയില്‍ അസംതൃപ്തിയോടെയാണ് തുടരുന്നത്. വരുണ്‍ ആണെങ്കില്‍ കുറേ കാലമായി തന്റെ കുടുംബത്തെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചുമെല്ലാം സ്‌നേഹത്തോടെയും അഭിമാനത്തോടെയും സംസാരിക്കുന്നു. മുസ്ലീം വിരുദ്ധ വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധിയും ജയില്‍വാസവും പിടിച്ചുപറ്റിയ വരുണ്‍ സമീപ വര്‍ഷങ്ങളില്‍ ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും രാജ്യത്തെ കാര്‍ഷികപ്രശ്‌നങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗ്രാമീണജനതയെക്കുറിച്ചുമെല്ലാമാണ് നിരന്തരം എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെ ഏറ്റവും ഇളയ കൊച്ചുമകനെ കോണ്‍ഗ്രസ് പാളയത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ചുമതല കൂടി പാര്‍ട്ടി നേതൃത്വം പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രാഹുലും പ്രിയങ്കയുമായും വരുണിന് ഏറെക്കാലമായി നല്ല അടുപ്പമാണുള്ളത്. പ്രിയങ്കയാണ് വരുണുമായി കുടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ മോദി മന്ത്രിസഭയില്‍ അംഗമായ അമ്മ മേനക ഗാന്ധിയ്ക്ക് സോണിയ ഗാന്ധിയുമായി അത്ര സുഖകരമായ ബന്ധമില്ലാത്തതാണ് സഹോദര കുടുംബങ്ങളെ അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ താന്‍ നെഹ്രു – ഗാന്ധി കുടുംബത്തിന്റെ ഭാഗമാണ് എന്ന് വരുണ്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. മേനകയെ കോണ്‍ഗ്രസുമായി അടുപ്പിക്കാനുള്ള ശ്രമവും പ്രിയങ്ക നടത്തിയേക്കും.

അമേഥിയില്‍ ഇത്തവണ രാഹുലിന് സ്മൃതി ഇറാനി വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഇത്തവണ അമേഥിക്ക് പുറമെ മറ്റ് മഹാരാഷ്ട്രയിലെ നാന്ദഡിലും മധ്യപ്രദേശിലെ ചിന്ദ്വാരയിലും കൂടി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിരുന്ന കഴിഞ്ഞ തവണ പോലും ഒന്നര ലക്ഷത്തില്‍ പരം വോട്ടിനാണ് രാഹുല്‍ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. പക്വതയുള്ള നേതാവ് എന്ന നിലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വളരെ മികച്ച പ്രതിച്ഛായയാണ് നിലവില്‍ രാഹുലിനുള്ളത്. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനിക്ക് എത്രത്തോളം വെല്ലുവിളി ഉയര്‍ത്താന്‍ കഴിയും എന്ന ചോദ്യമുണ്ട്. മാത്രമല്ല മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള സാധ്യത വിരളമാണ്. റായ്ബറേലിയില്‍ പ്രിയങ്കയെ ഇന്ദിരയോടും ദുര്‍ഗാദേവിയോടും ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വന്നുകഴിഞ്ഞു. അസുഖബാധിതയായ സോണിയ ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവിടെ ആരായിരിക്കും മത്സരിക്കുക എന്ന ചോദ്യമുണ്ട്. രാഹുലോ പ്രിയങ്കയോ റായ്ബറേലിയില്‍ മത്സരിച്ചേക്കാം. രാഹുല്‍ അമേഥി വിട്ട് റായ്ബറേലിയിലേയ്ക്ക് മാറുകയാണെങ്കില്‍ പ്രിയങ്ക അമേഥിയില്‍ വന്നേക്കാം. അതേസമയം പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് രാഹുല്‍ പറയുന്നത്. സാധ്യത തള്ളിക്കളയുന്നുമില്ല. സംഘടനാചുമതലയുള്ള പ്രിയങ്ക ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കാനും സാധ്യതയുണ്ട്.

ഫുല്‍പൂരും ഗോരഖ്പൂരും എസ് പി – ബി എസ് പി സഖ്യം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂരില്‍ 1984ലാണ് കോണ്‍ഗ്രസ് അവസാനമായി ജയിച്ചത്. വിജയലക്ഷ്മി പണ്ഡിറ്റും വിപി സിംഗുമെല്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയിരുന്നു. എസ് പി – ബി എസ് പി സഖ്യത്തോട് പൊരുതി ഈ സീറ്റ് പിടിച്ചെടുക്കാനുള്ള ശേഷി നിലവില്‍ കോണ്‍ഗ്രസിനില്ല. ഇവിടെ മത്സരിച്ച് രാഹുലോ പ്രിയങ്കയോ റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല. പ്രിയങ്ക ഗാന്ധി വന്നതുകൊണ്ട് കോണ്‍ഗ്രസ് യുപിയില്‍ ഭൂരിഭാഗം സീറ്റുകളും നേടി അദ്ഭുതകരമായ തിരിച്ചുവരവ് നടത്തും എന്നൊന്നും പറയുന്നത് യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 21 സീറ്റ് നേടിയതാണ് സമീപകാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. നേതൃശേഷിയില്ലെന്ന വിമര്‍ശനം നിരന്തരം ഏറ്റുവാങ്ങിയ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആകുന്നതിനും മുമ്പ് താന്‍ രാഷ്ട്രീയതന്ത്രങ്ങളറിയാവുന്ന നേതാവാണ് എന്ന് ആദ്യമായി തെളിയിച്ചതും യുപിയിലെ ഈ നേട്ടത്തിലൂടെയായിരുന്നു. ഇതിനപ്പുറം കടക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.

പ്രിയങ്ക ഗാന്ധിയുടെ #CongressChallenge: മോദിയെയും യോഗിയെയും അവരുടെ കോട്ടയിൽ പൂട്ടുക

യുപിയിൽ ബിജെപി 5 സീറ്റിലൊതുങ്ങും, എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസ്സും ഒന്നിക്കുകയാണെങ്കിൽ: ഇന്ത്യാ ടുഡേ പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍