UPDATES

കുംഭമേളയിൽ മുങ്ങിക്കുളിച്ച് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക സ്ഥാനാരോഹണം

കുംഭമേളയിലെ ഏറ്റവും പ്രധാനമായ ദിവസമാണ് മൗനി അമാവാസ്യ. ഈ ദിവസത്തിൽ ഉപവാസവും മൗനവ്രതവും ആചരിക്കുന്നത് പുണ്യമാണെന്ന് വിശ്വാസികൾ കരുതുന്നു.

പ്രിയങ്ക ഗാന്ധി വദ്ര കോൺഗ്രസ്സിന്റെ കിഴക്കൻ ഉത്തർപ്രദേശ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുക കുംഭമേളയിൽ മുങ്ങി നിവർന്നതിനു ശേഷമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 4നാണ് ഈ ചടങ്ങ് നടക്കുക. കുംഭമേളയിലെ മുങ്ങിനിവരൽ പുണ്യമാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. സംസ്ഥാനത്തിലെ രാഷ്ട്രീയത്തിൽ കുംഭമേളയിലെ മുങ്ങൽ എക്കാലത്തും സുപ്രധാന രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട്.

തികച്ചും നാടകീയമായാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സമാനമായ നാടകീയതകൾ സൃഷ്ടിക്കുന്ന ഒന്നായിരിക്കും സ്ഥാനമേറ്റെടുക്കൽ ചടങ്ങും എന്നുറപ്പാക്കുകയാണ് കോണ്‍ഗ്രസ്സ്. അന്നേദിവസം കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമൊത്ത് പ്രിയങ്ക ഒരു വാർത്താസമ്മേളനവും നടത്തും. ലഖ്നൗവിലായിരിക്കും ഇത്. വർഷങ്ങള്‍ നീണ്ട ഊഹാപോഹങ്ങൾക്ക് അവസാനം കുറിച്ചാണ് പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇത് പ്രവർത്തകരിൽ ഊർജ്ജം നിറച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ചുമതലകൾ ഇങ്ങനെ വിഭജിച്ചു നൽകുന്നതും ഇതാദ്യമായാണ്. രാഹുൽ ഗാന്ധിയാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശിന്റെ 80 സീറ്റ് ലോകസഭാ മണ്ഡലങ്ങളെ രണ്ടാക്കി പകുത്ത് തന്ത്രങ്ങൾ മെനയും.

മാഘമാസത്തിലെ മൗനി അമാവാസ്യ ദിനത്തിലാണ് പ്രിയങ്ക ത്രിവേണിയിൽ (ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമാണിത്) മുങ്ങിക്കയറുക. കുംഭമേളയിലെ ഏറ്റവും പ്രധാനമായ ദിവസമാണ് മൗനി അമാവാസ്യ. ഈ ദിവസത്തിൽ ഉപവാസവും മൗനവ്രതവും ആചരിക്കുന്നത് പുണ്യമാണെന്ന് വിശ്വാസികൾ കരുതുന്നു. പ്രയാഗ്‌രാജിലായിരിക്കും പ്രിയങ്കയുടെ മുങ്ങിക്കയറൽ ചടങ്ങ് നടക്കുക.

ഈ ദിവസത്തിൽത്തന്നെ ചടങ്ങ് നടക്കുമോയെന്നത് ഉറപ്പായിട്ടില്ല. മൗനി അമാവാസ്യ നാളിൽ നടന്നില്ലെങ്കിൽ അടുത്തതായി കണ്ടിട്ടുള്ള തിയ്യതി ഫെബ്രുവരി 10 ആണ്. വാസന്ത പഞ്ചമി നാളാണിത്. നേരത്തെ സോണിയ ഗാന്ധിയും കുംഭമേളയിലെത്തി ഈ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. 2001ലായിരുന്നു അത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന മേഖലയാണ് കിഴക്കൻ ഉത്തർപ്രദേശ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന മണ്ഡലവും ഇതുതന്നെയായിരുന്നു. പ്രിയങ്കയുടെ നിയോഗം മോദിയെയും യോഗിയെയും നേരിട്ട് എതിരിടുകയാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രിയങ്കയുമായി നേരിട്ടേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവരതിന് നിന്നുകൊടുക്കുകയുണ്ടായില്ല. ‘ആരാണ് സ്മൃതി ഇറാനി’ എന്ന രീതിയിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

കുംഭമേളയിലേക്ക് രാഹുൽ ഗാന്ധിയുമൊത്തായിരിക്കും പ്രിയങ്കയുടെ വരവ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമാനമായ രാഷ്ട്രീയപ്രവർത്തന രീതി രാഹുൽ നേരത്തെയും അവലംബിച്ചിട്ടുണ്ട്. 2015ൽ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ രാഹുൽ സന്ദർശനം നടത്തിയതാണ് അവയിലൊന്ന്. ഒരു വിശ്വാസി എന്ന നിലയിൽ രാഹുലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ മോദി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ കാരണങ്ങളിലൊന്നാണെന്നു വേണം അനുമാനിക്കാൻ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍