UPDATES

ട്രെന്‍ഡിങ്ങ്

“കശ്മീരിന്റെ ജനാധിപത്യ അവകാശങ്ങളെ തടയുന്നതിലും വലിയ ദേശവിരുദ്ധതയില്ല”: പ്രിയങ്ക ഗാന്ധി

അതിർത്തി കടന്നുള്ള ഭീകരത തടയാനാണ് കശ്മീരിൽ നാനൂറോളം നേതാക്കളെ തടങ്കലിലാക്കിയുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്.

കശ്മീരി ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും തടഞ്ഞുവെക്കുന്നതിലും വലിയ ദേശവിരുദ്ധതയില്ലെന്ന് പ്രിയങ്ക ഗാന്ധി. ഒരു കശ്മീരി സ്ത്രീ വിമാവത്തിൽ വെച്ച് രാഹുൽ ഗാന്ധിയോട് തങ്ങൾ കടന്നുപോകുന്ന ദുര്യോഗത്തെക്കുറിച്ച് പൊട്ടിക്കരഞ്ഞ് വിവരിക്കുന്ന ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചാണ് പ്രിയങ്ക ഇത് പറഞ്ഞത്. രാഹുലിന്റെയും പ്രതിപക്ഷ നേതാക്കളുടെയും സന്ദർശനത്തെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതെന്നും ദേശവിരുദ്ധതയെന്നും സൂചിപ്പിച്ച് ഗവർണർ സത്യപാൽ മാലിക്ക് പ്രസ്താവനയിറക്കിയിരുന്നു.

സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാരുൾപ്പെടെ നാനൂറോളം മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ തടങ്കലിലാണ്. ജനങ്ങൾക്ക് വൈദ്യസഹായം പോലും കിട്ടാത്ത സ്ഥിതി പലയിടത്തുമുണ്ടെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായൊരു പ്രശ്നമാണ് ഈ വീഡിയോയിൽ സ്ത്രീ രാഹുൽ ഗാന്ധിയെ വികാരവിക്ഷോഭത്തോടെ അറിയിക്കുന്നത്. അടുത്തു നിൽക്കുന്നവരും രാഹുൽ ഗാന്ധി തന്നെയും അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് സ്വയം അടക്കാന്‍ കഴിയുന്നില്ല.

അതിർത്തി കടന്നുള്ള ഭീകരത തടയാനാണ് കശ്മീരിൽ നാനൂറോളം നേതാക്കളെ തടങ്കലിലാക്കിയുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്.

കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ കഴിഞ്ഞദിവസമാണ് തിരിച്ചയച്ചത്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. “ജമ്മു കാശ്മീരിലെ ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കും” – ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ വാര്‍ത്ത വിതരണ വകുപ്പ് ട്വീറ്ററിലാണ് അധികൃതരുടെ നിലപാട് പ്രഖ്യാപിച്ചത്.

പ്രത്യേകപദവി നീക്കം ചെയ്തതിന് പിന്നാലെ ജനജീവിതം ദുസ്സഹമായെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്‌വരയില്‍ അടച്ചിട്ടിരിക്കുന്നതെങ്കിലും ദൗര്‍ലഭ്യം മൂലം പലയിടങ്ങളിലും ജീവന്‍രക്ഷാ മരുന്നകള്‍ ലഭ്യമല്ല. തന്റെ അമ്മയുടെ പ്രമേഹത്തിനുള്ള മരുന്നിന്റെ കുറിപ്പുമായി ചൊവ്വാഴ്ച മുതല്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങുന്ന സാജിദ് അലിയെക്കുറിച്ചുള്ള വാര്‍ത്ത ന്യൂസ് 18 കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ജമ്മു ആന്‍ഡ് കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തതോടെ താഴ്‌വരയിലെ ജീവിതങ്ങള്‍ തടവിലാക്കപ്പെട്ട നിലയിലാണ്. വിപണികളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങളുടെ പോലും ലഭ്യതക്കുറവുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍