UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ മണ്ഡലത്തിലേക്ക് ഗംഗാ നദിയിലൂടെ പ്രിയങ്കയുടെ ബോട്ട് യാത്ര

കിഴക്കൻ ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പു ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ളത് പ്രിയങ്ക ഗാന്ധിയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണയാത്ര. ബോട്ടിൽ ഗംഗാനദിയിലൂടെയാണ് ഈ യാത്ര നടക്കുക. പ്രയാഗ്‌രാജിനും മിർസാപൂർ ജില്ലയിക്കുമിടയിൽ 140 കിലോമീറ്റർ ദൂരമാണ് പ്രിയങ്കയുടെ ബോട്ട് യാത്ര. ഗംഗാതീരത്ത് താമസിക്കുന്നവരുമായി സംവദിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ശനിയാഴ്ച വൈകീട്ടോടെ ബോട്ട് യാത്രയ്ക്കുള്ള അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പു ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ളത് പ്രിയങ്ക ഗാന്ധിയിലാണ്.

ഇന്ന് ലഖ്നൗവിലെത്തുന്ന പ്രിയങ്ക വൈകുന്നേരത്തോടെ പ്രയാഗ്‌രാജിലെത്തും. ഗംഗാതീരത്ത് വസിക്കുന്നവരിലധികവും പിന്നാക്ക സമുദായക്കാരാണ് എന്നതും ഇവരിൽ കോൺഗ്രസ്സിന് വോട്ട് പ്രതീക്ഷയുണ്ടെന്നതുമാണ് ഈ യാത്രയുടെ പ്രാധാന്യം. വഴിയിൽ നിരവധി ക്ഷേത്രങ്ങളിലും ദർഗ്ഗകളിലും പ്രിയങ്ക സന്ദർശനം നടത്തും.

ഗംഗാനദി വൃത്തിയാക്കിയതു സംബന്ധിച്ച സർക്കാരിന്റെ വാദങ്ങളെ ചോദ്യം ചെയ്യാനും ഈ യാത്ര കൊണ്ട് പ്രിയങ്ക ഗാന്ധിക്ക് സാധിച്ചേക്കും. ഹോളി ആഘോഷം നടക്കുന്ന മാർച്ച് 20ന് തൊട്ടു മുമ്പായി വാരാണസിയിൽ യാത്ര എത്തിച്ചേരുമെന്നാണ് അറിയുന്നത്.

അതെസമയം പ്രിയങ്ക ഗാന്ധിയെ കിഴക്കൻ യുപിയുടെ ചുമതലയേൽപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ അവർ നടത്തുന്നില്ലെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്. ഒരു മാസം മുമ്പാണ് പ്രിയങ്കയെ ചുമതലയേൽപ്പിച്ചതെങ്കിലും ഇത് അവരുടെ രണ്ടാമത്തെ സന്ദർശനമാണ്. 80 ലോകസഭാ സീറ്റുകളുള്ള യുപിയിലെ പ്രകടനം ഏറെ നിർണായകമാണ് എല്ലാ പാര്‍ട്ടികൾക്കും. അഖിലേഷ് യാദവുമായും മായാവതിയുമായും ഒരു നീക്കുപോക്കിലെത്താൻ കോൺഗ്രസ് കാര്യമായ താൽപര്യം കാണിക്കുകയുണ്ടായില്ല. ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺഗ്രസ്സിന്റെ പ്രകടനം പ്രിയങ്കയുടെ വരുംകാലത്തെക്കൂടി സൂചിപ്പിക്കുന്ന ഒന്നായിരിക്കും.

2014ലെ തെരഞ്ഞെടുപ്പിൽ അമേത്തിയും റായ്ബറേലിയും ഒഴികെയുള്ള സീറ്റുകളിലൊന്നിൽ പോലും ജയിക്കാൻ കോൺഗ്രസ്സിന് സാധിച്ചിരുന്നില്ല. ഈയവസ്ഥയിൽ നിന്നുള്ള ഒരു മോചനമാണ് സംസ്ഥാനത്തെ കോൺഗ്രസ്സ് ആഗ്രഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍