UPDATES

ട്രെന്‍ഡിങ്ങ്

‘രാഹുൽ ജനിച്ചു വളർന്നത് ഇന്ത്യാക്കാരുടെ കൺമുമ്പിൽ’: പൗരത്വ വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി കാര്യമാക്കാനില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചതിനോട് രൂക്ഷമായി പ്രതികരിച്ച് സഹോദരിയും കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. “ഇന്ത്യക്കു മുഴുവനുമറിയാം രാഹുൽ ഇന്ത്യാക്കാരനാണെന്ന്. ജനിച്ചതുമുതൽ ഇന്നുവരെ രാഹുലിനെ ഇവിടുത്തെ ജനങ്ങൾ കാണുന്നു. എന്ത് വിഡ്ഢിത്തമാണിത്?” -പ്രിയങ്ക മാധ്യമപ്രവർത്തകരോട് ചോദിച്ചു.

അതെസമയം ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി കാര്യമാക്കാനില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഒരു പാർലമെന്റംഗം ഏത് മന്ത്രാലയത്തിലേക്ക് എഴുതിയാലും ഇത്തരം നടപടികളുണ്ടാകും. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇന്ത്യൻ പൗരനെന്ന നിലയിൽ തന്നെയാണ് രാഹുലിന് പങ്കാളിത്തമുള്ളതെന്ന് തെളിയിക്കുന്ന രേഖകൾ ഇതിനിടെ കോൺഗ്രസ്സ് പുറത്തു വിട്ടു. കോൺഗ്രസ്സ് മീഡിയ കോർഡിനേറ്റർ രചിത് സേത് ആണ് രേഖകൾ ട്വീറ്റ് ചെയ്തത്. ഇതേ പ്രചാരണം ബിജെപി 2015ലും നടത്തിയിരുന്നതായി അദ്ദേഹം ആരോപിക്കുകയും ചെയ്തു.

ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയം രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയിലെ ഒരു കമ്പനിയുടെ ഡയറക്ടറാണ് രാഹുല്‍ ഗാന്ധി എന്നും താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് അദ്ദേഹം 2005-2006ലെ കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു.

അമേഠിയില്‍ രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധ്രുവ് ലാലും സമാനമായ പരാതിയുമായി രംഗത്ത് വന്നിരുന്നു. അതേസമയം അമേഠിയിലെ റിട്ടേണിംഗ് ഓഫീസര്‍ രാം മനോഹര്‍ മിശ്ര രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിക്കുകയായിരുന്നു. പൗരത്വവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ രാഹുലിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ട് എന്ന് ധ്രുവ് ലാല്‍ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍