UPDATES

ട്രെന്‍ഡിങ്ങ്

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചനയെന്ന പരാതിയിലെ അന്വേഷണം യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധിയൊന്നും സുപ്രീം കോടതി നിശ്ചയിച്ചിട്ടില്ല എന്ന് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയില്‍ ഗൂഢാലോചനയുണ്ട് എന്ന് ആരോപണത്തില്‍ റിട്ട.ജസ്റ്റിസ് എകെ പട്‌നായികിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തുന്ന അന്വേഷണം ലൈംഗികാതിക്രമ പരാതിയില്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി നടത്തുന്ന അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ തൂടങ്ങുകയുള്ളൂ. ജസ്റ്റിസ് എകെ പട്‌നായിക് ദ ഇന്ത്യന്‍ എക്‌സപ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് സിറ്റിംഗ് ജഡ്ജിമാരാണ് കമ്മിറ്റിയിലുള്ളത്. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍. എകെ പട്‌നായിക് കമ്മിറ്റിയുടെ അന്വേഷണം ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തെ ബാധിക്കരുത് എന്ന ആവശ്യം പരിഗണിച്ചാണ് നടപടി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധിയൊന്നും സുപ്രീം കോടതി നിശ്ചയിച്ചിട്ടില്ല എന്ന് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. 2014ല്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എകെ പട്‌നായികിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഗൂഢാലോചന പരാതി അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിയമിച്ചത് വ്യാഴാഴ്ചയാണ്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നതായും ആരോപണം ഉന്നയിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായും പറഞ്ഞ് അഭിഭാഷകനായ ഉത്സവ് ബെയ്ന്‍ രംഗത്തെത്തിയിരുന്നു.

റസിഡന്‍ഷ്യല്‍ ഓഫീസില്‍ വച്ച് ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് സുപ്രീം കോടതിയിലെ മുന്‍ ജൂനിയര്‍ അക്കൗണ്ടന്റ് ആയ 35കാരിയാണ് രംഗത്തെത്തിയത്. പൊലീസുകാരായ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃ സഹോദരനേയും സസ്‌പെന്‍ഡ് ചെയ്ത് കുടുംബത്തേയും ഉപദ്രവിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു. യുവതി ഇന്നലെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ സമിതിയുടെ ഘടന സംബന്ധിച്ച് യുവതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്ന ജസ്റ്റിസ് എന്‍വി രമണ സമിതിയില്‍ ഉള്‍പ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്ന് ജസ്റ്റിസ് എന്‍വി രമണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുകയും പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം തനിക്കെതിരായ പരാതി ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി വന്നതാണെന്നും സാമ്പത്തിക അഴിമതിയുടെ പേരില്‍ പരാതിക്കാരിയെ സുപ്രീം കോടതിയില്‍ പുറത്താക്കിയതാണ് എന്നുമാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. ഇത് സുപ്രീം കോടതിയേയും ജുഡീഷ്യറിയേയും അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ പരാതി ചീഫ് ജസ്റ്റിസ് തന്നെ ഉള്‍പ്പെട്ട ബഞ്ച് തന്നെ പരിഗണിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറി രഞ്ജന്‍ ഗൊഗോയ് അന്വേഷണം നേരിടണം എന്നാണ് ഇന്ദിര ജയ് സിംഗ് അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരുടെ നിലപാട്. അതേസമയം ചീഫ് ജസ്റ്റിസിന് പിന്തുണ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍