UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ ഏറ്റവും ‘വിലയേറിയ’ അഭിഭാഷകന്‍, ഒറ്റയാന്‍, എന്നും വിവാദങ്ങള്‍; രാം ജത്മലാനി കടന്നു പോകുമ്പോള്‍

അറുപതുകളില്‍ അദ്ദേഹം ഏറ്റെടുത്ത കേസുകള്‍ മൂലം കള്ളക്കടത്തുകാരുടെ അഭിഭാഷകനെന്ന പേര് അദ്ദേഹത്തിന് വന്നിരുന്നു

ഇന്ത്യയിലെ ഏറ്റവും വിലയേറിയ അഭിഭാഷകനെന്നാണ് രാം ജത്മലാനി അറിയപ്പെട്ടിരുന്നത്. കേന്ദ്ര നിയമമന്ത്രിയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്നു ഇന്ന് 95-ആം വയസില്‍ അന്തരിച്ച രാം ജത്മലാനി. എന്നും വിവാദങ്ങള്‍ നിറഞ്ഞ അഭിഭാഷക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

1923ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡന്‍സിയിലുള്ള ശിഖാര്‍പുരിലാണ് രാം ജത്മലാനി ജനിച്ചത്. ഇന്ന് പാകിസ്ഥാനിലാണ് ഈ സ്ഥലം. തന്റെ പതിനേഴാം വയസില്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം ഇന്ത്യാ വിഭജനം വരെ ജന്മനാട്ടില്‍ തന്നെ പ്രാക്ടീസ് ചെയ്തു. 2017-ല്‍ താന്‍ അഭിഭാഷക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രിമിനല്‍ കേസുകള്‍ വാദിച്ച് പ്രാഗത്ഭ്യം തെളിയിക്കുന്നതിനിടയിലും പ്രമുഖര്‍ ഉള്‍പ്പെട്ട സിവില്‍ കേസുകളും അദ്ദേഹം വാദിച്ചു. രാജീവ് ഗാന്ധി കൊലയാളികള്‍ക്ക് വേണ്ടി ഹാജരായതും ഇന്ദിര ഗാന്ധി ഘാതകര്‍ക്ക് വേണ്ടി ഹാജരായ കേസും ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, നരസിംഹ റാവു കൈക്കൂലി കേസ്, എല്‍കെ അദ്വാനിക്ക് വേണ്ടി ജയിന്‍ ഹവാല കേസിലും ലാലു പ്രസാദ്‌ യാദവിന് വേണ്ടി കാലിത്തീറ്റ കുംഭകോണ കേസിലും ജയലളിതയ്ക്ക് വേണ്ടി അനധികൃത സ്വത്ത്‌ സമ്പാദന കേസിലും കനിമൊഴിക്ക് വേണ്ടി 2ജി സ്പെക്ട്രം കേസിലും ബിഎസ് യദിയൂരപ്പയ്ക്ക് വേണ്ടി അനധികൃത ഖനന കേസിലും ഹാജരായിട്ടുണ്ട്.

ബോംബെ അധോലോകത്തിലെ പ്രതാപിയായിരുന്ന ഹാജി മസ്താന് വേണ്ടി കള്ളക്കടത്ത് കേസിലും സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടിയും പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് വേണ്ടിയും പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് വേണ്ടിയും ജസീക്ക ലാല്‍ കൊലപാതക കേസിലെ പ്രതി കോണ്‍ഗ്രസ് നേതാവ് മനു ശര്‍മയ്ക്ക് വേണ്ടിയും  രാം ജത്മലാനി ഹാജരായിട്ടുണ്ട്.

അഭിഭാഷകനാകാന്‍ 21 വയസ്സിന് മുകളില്‍ പ്രായം വേണ്ട കാലത്താണ് രാം ജത്മലാനി 18-ാം വയസ്സില്‍ പ്രത്യേക കോടതി വിധിയുടെ പിന്‍ബലത്തോടെ അഭിഭാഷകനായി ചുമതലയേറ്റത്. പിന്നീട് അദ്ദേഹം ബോംബെ സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍എമ്മും നേടി. തന്റെ സുഹൃത്തും ഏഴ് വര്‍ഷം സീനിയറുമായ എകെ ബ്രോഹിക്കൊപ്പം കറാച്ചിയില്‍ നിയമ സ്ഥാപനം നടത്തിയിരുന്നു. വിഭജനത്തിന് ശേഷം 1948-ല്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രോഹിയുടെ ഉപദേശ പ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്തു. പോക്കറ്റില്‍ ഒരു പൈസയുടെ തുട്ട് മാത്രം കൊണ്ടാണ് അക്കാലത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിച്ചതെന്ന് രാം ജത്മലാനി പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാം ജത്മലാനിയുടെ ആദ്യ കേസ് അദ്ദേഹത്തിന്റെ തന്നെ കേസായിരുന്നു. അഭിഭാഷകനാകാനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വാദിച്ച, ബോംബെ മുഖ്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കെതിരായ കേസിലും അദ്ദേഹം വിജയം കണ്ടു. അഭയാര്‍ത്ഥികളെ ദേശായി മനുഷ്യത്വരഹിതമായി പരിഗണിക്കുന്നുവെന്നായിരുന്നു കേസ്. അറുപതുകളില്‍ അദ്ദേഹം ഏറ്റെടുത്ത കേസുകള്‍ മൂലം കള്ളക്കടത്തുകാരുടെ അഭിഭാഷകനെന്ന പേര് അദ്ദേഹത്തിന് വന്നിരുന്നു. എന്നാല്‍ അഭിഭാഷകനെന്ന നിലയില്‍ തന്റെ ജോലി ചെയ്യുന്നുവെന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ഉല്‍ഹാസ് നഗറില്‍ ശിവസേനയുടെയും ഭാരതീയ ജനസംഘത്തിന്റെയും പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന അദ്ദേഹത്തിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. ബോംബെ ഹൈക്കോടതി റദ്ദാക്കിയ ഈ വാറന്റില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായത് നാനി പല്‍ക്കിവാലയാണ്. മുന്നൂറ് അഭിഭാഷകരുടെ സംഘത്തിനാണ് അന്ന് പല്‍ക്കിവാല നേതൃത്വം കൊടുത്തത്. അതേസമയം ഈ സ്റ്റേ പിന്നീട് റദ്ദാക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രചരണത്തിനായി പിന്നീട് അദ്ദേഹം കാനഡയിലേക്ക് ഒളിച്ചു കടന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പത്ത് മാസത്തിന് ശേഷം തിരികെയെത്തിയ അദ്ദേഹം 1977-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ നിയമമന്ത്രി എച്ച്ആര്‍ ഗോഖലയ്‌ക്കെതിരെ ബോംബെ നോര്‍ത്ത് വെസ്റ്റില്‍ മത്സരിച്ച് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിത രീതിയോടുള്ള എതിര്‍പ്പ് മൂലം മൊറാര്‍ജി ദേശായി നിയമമന്ത്രിയാക്കാന്‍ അനുവദിച്ചില്ല. 1980ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം സീറ്റ് നിലനിര്‍ത്തി. എന്നാല്‍ 85ല്‍ കോണ്‍ഗ്രസിന്റെ സുനില്‍ ദത്തിനോട് പരാജയപ്പെട്ടു.

1988-ല്‍ രാജ്യസഭാംഗമായ അദ്ദേഹം 96-ലെ വാജ്‌പേയ് മന്ത്രിസഭയില്‍ നിയമമന്ത്രിയായി ചുമതലയേറ്റു. 1998ല്‍ നഗരവികസന വകുപ്പും 99ല്‍ വീണ്ടും നിയമ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയ്ന്‍ ആനന്ദിനോടും അറ്റോണി ജനറല്‍ സോളി സൊറാബ്ജിയോടുമുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാജ്‌പേയ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. 2004ല്‍ വാജ്‌പേയ്‌ക്കെതിരെ മത്സരിച്ച രാം ജത്മലാനി 2010ല്‍ ബിജെപി ടിക്കറ്റില്‍ വീണ്ടും രാജ്യസഭയിലെത്തിയതോടെ അവസരവാദിയെന്ന് വിളിക്കപ്പെട്ടു. തുറന്ന സംസാരങ്ങളിലൂടെയും രാം ജത്മലാനി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2011ല്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ പങ്കെടുത്ത ചടങ്ങില്‍ ചൈനീസ് അംബാസഡര്‍ മുന്നില്‍ വച്ച് ഇന്ത്യയും പാകിസ്ഥാനും സൂക്ഷിക്കേണ്ടത് ചൈനയെയാണെന്ന് അദ്ദേഹം പറഞ്ഞതും വിവാദമായിരുന്നു. 2012ല്‍ പാര്‍ട്ടിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ബിജെപി രാം ജത്മലാനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അംഗത്വത്തിന് യോഗ്യനല്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം ബിജെപിക്കെതിരെ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസ് നല്‍കുകയും ചെയ്തു.

സുപ്രിംകോടതിയിലെ ഏറ്റവും വിലയേറിയ വക്കീലായിരിക്കുമ്പോളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി കേസ് വാദിക്കാനും അദ്ദേഹം തയ്യാറായി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കെജ്രിവാളിനുവേണ്ടി സൗജന്യമായി കോടതിയില്‍ വാദിക്കുമെന്ന് രാം ജത്മലാനി പറഞ്ഞത്. മാനനഷ്ടക്കേസില്‍ അഭിഭാഷകനുള്ള ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചത്, താന്‍ പണക്കാരില്‍ നിന്നുമാത്രമേ ഫീസ് ഇടാക്കാറുള്ളൂവെന്നും കെജ്രിവാളിനെ ദരിദ്രനായ ക്ലൈന്റായി പരിഗണിക്കുമെന്നും അദ്ദേഹത്തിനുവേണ്ടി സൗജന്യമായി കോടതിയില്‍ ഹാജരാകുമെന്നുമാണ്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്നും ശബ്ദമുയര്‍ത്തിയിരുന്ന ആള്‍ കൂടിയായിരുന്നു ജത്മലാനി. എന്നാല്‍ അഴിമതിക്കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് വേണ്ടി ഹാജരാകാനും അദ്ദേഹം മടിച്ചില്ല. കറ കളഞ്ഞ പ്രൊഫഷനല്‍ എന്ന രീതിയിലാണ് അദ്ദേഹം അറിയപ്പെട്ടത്. ‘ഒരു വക്കീലിന്റെ അഭിപ്രായം അറിയാനല്ല പണം നല്‍കുന്നത്, മറിച്ച് തങ്ങളെ സമീപിക്കുന്നവരുടെ കേസുകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിയമവ്യവസ്ഥയ്ക്ക് മുമ്പില്‍ വയ്ക്കാനാണ് എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌. വിമര്‍ശനങ്ങളെ ഭയന്ന് അദ്ദേഹം ഒരിക്കലും ഒരു കേസില്‍ നിന്നും പിന്മാറിയില്ല. ബിജെപിയുമായി അടുത്ത് നില്‍ക്കുമ്പോഴും അഫ്സല്‍ ഗുരുവിന്റെ തൂക്കിക്കൊലയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും കേസില്‍ സുപ്രീം കോടതിയില്‍ ഹജരാവുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആദ്യം വാദിച്ചവരില്‍ ഒരാള്‍ ജത്മലാനിയായിരുന്നു. എന്നാല്‍ 2018-ല്‍ യദിയൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. മോദിയുമായി ആലോചിച്ചാണ് ഗവര്‍ണര്‍ ഈ തീരുമാനം എടുത്തത് എന്നും കുതിരക്കച്ചവടമാണ് നടക്കുന്നത്, മോദിയെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

അഭിഭാഷകനെന്ന നിലയില്‍ മാത്രമല്ല, നിയമ അധ്യാപകനെന്ന നിലയിലും അദ്ദേഹം പേരെടുത്തു. 1954 ബോംബെ ഗവണ്‍മെന്റ് ലോ കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ചുമതലയേറ്റു. പിന്നീട് മിഷിഗണിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കംപാരറ്റീവ് ലോ അധ്യാപകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Read Azhimukham: ജനങ്ങളുടെ കൈയില്‍ പണമില്ല; സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തോടെയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍