UPDATES

ട്രെന്‍ഡിങ്ങ്

“സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

ടീം മോദി ഒന്നിലെ സ്മൃതി ഇറാനി ആയിരിക്കില്ല മോദി 2വിലെ സ്മൃതി ഇറാനി.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യുപിയിലെത്തിയ പ്രിയങ്ക ഗാന്ധിയോട്, രാഹുല്‍ ഗാന്ധിയുടെ എതിരാളിയായ  സ്മൃതി ഇറാനിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. തികഞ്ഞ പരിഹാസത്തോടെ പ്രിയങ്കയുടെ മറുപടി, “Who?” (“അതാര്?”) എന്നായിരുന്നു. തന്റെ സഹാദരനെതിരെ കടന്നാക്രമണം നടത്തുന്ന സ്മൃതി ഇറാനി തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്ന് പറയാതെ പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. അതിന് സ്മൃതി ഇറാനിയുടെ ഉത്തരമാണ് മേയ് 23ന് പുറത്തുവന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫലം.

ഒരിക്കല്‍ വിമാനത്തില്‍ വച്ച് അടുത്ത സീറ്റില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ പരിചയപ്പെടാന്‍ ശ്രമിച്ച തന്നോട് പുച്ഛത്തോടെയാണ് പ്രിയങ്ക പെരുമാറിയത് എന്ന് ഒരു അഭിമുഖത്തില്‍ സ്മൃതി ഇറാനി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായി സ്മൃതി ഇറാനി നടത്തിവന്നിരുന്ന ആക്രമണം തന്നെയായിരിക്കാം സ്മൃതിയോട് ഇത്തരത്തില്‍ പെരുമാറാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചത്. എന്തായാലും 2014ല്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ ഭൂരിപക്ഷം നാല് ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി കുറച്ച സ്മൃതി ഇറാനി, 2019ല്‍ 55,000ല്‍ പരം വോട്ടിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച് ലോക്‌സഭയിലേയ്ക്ക് പോവുകയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്.

ഡല്‍ഹിയിലെ ഒരു സംഘപരിവാര്‍ കുടുംബത്തിലാണ് 1976 മാര്‍ച്ച് 23ന് സ്മൃതി ഇറാനിയുടെ ജനനം. ബംഗാളിയായ ശിബാനി ബക്ഷിയുടേയും മഹാരാഷ്ട്രയില്‍ താമസമാക്കിയിരുന്ന പഞ്ചാബിയായ അജയ് കുമാര്‍ മല്‍ഹോത്രയുടേയും മകളായി. സ്മൃതി മല്‍ഹോത്ര എന്നായിരുന്നു ആദ്യ പേര്. പിന്നീട് പാഴ്‌സിയായ സുബിന്‍ ഇറാനിയുമായുള്ള വിവാഹത്തോടെയാണ് പേര് മാറ്റിയത്. മുത്തച്ഛനും അമ്മയും ആര്‍എസ്എസ്, ജനസംഘ് പ്രവര്‍ത്തകരായിരുന്നു. കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ന്യൂഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളില്‍ നിന്ന് 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ സ്മൃതി ഇറാനി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ ചേര്‍ന്നു. എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയില്ല. ബി കോം ഒരു വര്‍ഷം പഠിച്ചതായി സ്മൃതി ഇറാനി പറയുന്നു. അതേസമയം 2014ലെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് ബിഎ ബിരുദമുണ്ട് എന്നായിരുന്നു സ്മൃതിയുടെ അവകാശവാദം. ഇത് വലിയ വിവാദമായി.

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൃത്യമായ ഉത്തരം ലഭിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ബിരുദമുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ഇരുവരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് ചോദ്യമുയര്‍ന്നു. മോദിക്കൊപ്പം സ്മൃതി ഇറാനിയും വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് നുണ പറഞ്ഞു എന്ന ആരോപണത്തില്‍ പരിഹാസ്യയായി. 2019ലെ തിരഞ്ഞെടുപ്പില്‍ സത്യവാങ്മൂലത്തില്‍ സ്മൃതി സത്യം പറഞ്ഞു. തന്റെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസ് ആണ് എന്ന കാര്യം. അമേഠിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, വ്യാജ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ALSO READ: ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനെ കുഴിച്ചുമൂടിയ ജഗന്റെ പ്രതികാരകഥ: യെദുഗുരി സന്തിന്തി രാജശേഖര റെഡ്ഡി കോണ്‍ഗ്രസ്

രാഷ്ട്രീയത്തില്‍ ഇത് സ്മൃതി ഇറാനിയുടെ മൂന്നാം വരവാണ്. ആര്‍എസ്എസ് കുടുംബ പശ്ചാത്തലമുണ്ടെങ്കിലും ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ നായിക എന്ന നിലയില്‍ 2003ലാണ് സ്മൃതി ഇറാനി ബിജെപി അംഗമാകുന്നത്. 1998ല്‍ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തെങ്കിലും ആദ്യ ഒമ്പത് സ്ഥാനങ്ങളില്‍ പോലും എത്താനായില്ല. 2000ല്‍ ആതിഷ്, ഹം ഹേ കല്‍ ആജ് ഓര്‍ കല്‍ എന്നീ സ്റ്റാര്‍ പ്ലസ് സീരിയലുകളിലൂടെയാണ് സ്മൃതിയുടെ മിനിസ്‌ക്രീന്‍ രംഗപ്രവേശം. അതേവര്‍ഷം തന്നെ തുടങ്ങിയ ഏക്താ കപൂറിന്റെ ക്യോംകി സാസ് ഭി കഭി ബാഹു ഥി എന്ന സ്റ്റാര്‍ പ്ലസ് സീരിയല്‍ സ്മൃതി ഇറാനിയെ താരമാക്കി. ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡ് തുടര്‍ച്ചയായ അഞ്ച് തവണ സ്മൃതി ഇറാനി നേടി. 2001ല്‍ സീ ടിവിയുടെ രാമായണത്തില്‍ സീതയായി. ഇതിനിടെ 2003ല്‍ ബിജെപി അംഗവും 2004ല്‍ മഹാരാഷ്ട്ര യുവജനവിഭാഗം സെക്രട്ടറിയുമായി. 2012-13 കാലം വരെ സീരിയല്‍, ടിവി റിയാലിറ്റി ഷോ എന്നിവയുമായി ബന്ധപ്പെട്ട് സജീവമായിരുന്നു സ്മൃതി ഇറാനി.

2004ല്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് എതിരെയായാരുന്നു സ്മൃതി ഇറാനിയുടെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടം. പരാജയപ്പെട്ടു. അതേസമയം വളര്‍ച്ച പെട്ടെന്നായിരുന്നു. 2014ല്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായി നരേന്ദ്ര മോദിയുടെ കാബിനറ്റില്‍ ഇടം പിടിച്ച സ്മൃതി ഇറാനി, 2004 കാലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളായിരുന്നു. 2004-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരന്‍ നരേന്ദ്ര മോദിയാണ് എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. മോദി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം തുടങ്ങി. എന്നാല്‍ നടപടി നേരിടേണ്ടി വരുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി സ്മൃതി സമരം പിന്‍വലിച്ചു.

2010ല്‍ സ്മൃതി ഇറാനിയെ ബിജെപി ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തിരഞ്ഞെടുത്തു. അതേവര്‍ഷം മഹിളാമോര്‍ച്ചയുടെ പ്രസിഡന്റായി. 2011ല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബിജെപി നിയോഗിച്ചത് ഊര്‍ജ്ജസ്വലയായ സ്മതി ഇറാനിയെ. 1,07,923 വോട്ടിന് പരാജയം. എന്നാല്‍ 2009ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന് നാല് ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രാജ്യസഭാംഗമായിരുന്നതിനാല്‍ കേന്ദ്ര മന്ത്രിയായി. പ്രധാനപ്പെട്ട വകുപ്പുകളിലൊന്നായ മാനവവിഭവശേഷി, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്മൃതി ഇറാനിക്ക് നല്‍കിയതിനെതിരെ അക്കാലത്ത് രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു.

നരേന്ദ്ര മോദി സര്‍ക്കാരില്‍ മോശം പ്രകടനം കൊണ്ടും സ്വജനപക്ഷപാതം കൊണ്ടും രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു സ്മൃതി ഇറാനി. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേയ്ക്ക് നയിച്ച രോഹിത് വെമുലയുടെ മരണവും ജെഎന്‍യു അടക്കമുള്ള രാജ്യത്തെ സര്‍വകലാശാലകളില്‍ കത്തിപ്പടര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ കൊണ്ടും സംഭവബഹുലമായിരുന്നു മാനവവിഭവ ശേഷി വകുപ്പിലെ സ്മൃതി ഇറാനിയുടെ കാലം. ദലിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ മരണവും ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും മോദി സര്‍ക്കാരിന് തലവേദനയായി. സ്മൃതി ഇറാനിയും മറ്റൊരു കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയും സര്‍വകലാശാല ഭരണകൂടത്തില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നടത്തിയ ഇടപെടലുകളാണ് രോഹിത് വെമുല ജീവനൊടുക്കുന്നതിലേയ്ക്ക് നയിച്ചത് എന്നായിരുന്നു ആരോപണം.

ലോക്‌സഭയില്‍ സ്മൃതി ഇറാനി നല്‍കിയ മറുപടി നാടകീയത കൊണ്ട് സമ്പന്നവും വസ്തുതകള്‍ കൊണ്ട് ശൂന്യവുമായിരുന്നു. ഏക്താ കപൂറിന്റെ സീരിയല്‍ നായിക പുനര്‍ജ്ജനിച്ച പോലെയായിരുന്നു സഭയിലെ സ്മൃതിയുടെ പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ മോദി-അമിത് ഷാ നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ സ്മൃതിയില്‍ നിന്ന് മാനവവിഭവ ശേഷി വകുപ്പ് മാറ്റി ടെക്‌സ്റ്റൈല്‍സ് വകുപ്പ് നല്‍കി. 2017ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ അധിക ചുമതല നല്‍കിയിരുന്നെങ്കിലും ഇതും പിന്നീട് നീക്കി.

അതേസമയം പരസ്യമായി പറഞ്ഞിരുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്തവണ അമേഠിയില്‍ പരാജയം മണത്തിരുന്നു എന്ന തന്നെ വേണം കരുതാന്‍. അത്തരമൊരു തിരിച്ചറിവിലായിരിക്കണം തീര്‍ച്ചയായും വയനാട് കണ്ടെത്തിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരം ഒളിച്ചോട്ടമാക്കി ബിജെപി അമേഠിയിലും ഉത്തരേന്ത്യയില്‍ അതിശക്തമായ പ്രചാരണം നടത്തി. തന്നെ പേടിച്ച് രാഹുല്‍ വയനാട്ടിലേയ്ക്ക് ഓടിപ്പോയി എന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചയായ മുസ്ലീം വിരുദ്ധ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി കയ്യടി വാങ്ങുകയും വ്യാപകമായ ധ്രുവീകരണം ഉത്തരേന്ത്യയിലുണ്ടാക്കുകയും ചെയ്തു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്ന് മുസ്ലീം ഭൂരിപക്ഷ മേഖലയിലേയ്ക്ക് രാഹുല്‍ ഗാന്ധി ഒളിച്ചോടി എന്ന് മോദി പല തിരഞ്ഞെടുപ്പ് വേദികളിലും പ്രസംഗിച്ചു.

അമേഠിയിലെ വികസനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2014 മുതല്‍ വ്യാപകമായി പ്രചാരണം നടത്തുകയും ജനങ്ങള്‍ക്ക് സൗജന്യങ്ങളും മറ്റും വിതരണം ചെയ്ത് വരുകയുമായിരുന്നു സ്മൃതി ഇറാനി. ഈ ഘട്ടത്തിലാണ് വയനാട്ടില്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. സ്മൃതി മണ്ഡലത്തില്‍ നടത്തിയ സാരിവിതരണമടക്കമുള്ള സൗജന്യവിതരണങ്ങള്‍ അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് എന്നതടക്കമുള്ള പ്രിയങ്കയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല. പ്രിയങ്ക അമേഠിയില്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ നടത്തിയത്. രാഹുലിനെ മാത്രമല്ല, സ്മൃതിയോ, അതാര് എന്ന് ചോദിച്ച പ്രിയങ്കയെ കൂടിയാണ് സ്മൃതി ഇറാനി തോല്‍പ്പിച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിനിധീകരിച്ച മണ്ഡലം നെഹ്രു കുടുംബത്തിന്റെ കുത്തകയായിരുന്നു. 1967 മുതലുള്ള മണ്ഡല ചരിത്രത്തില്‍ ഇത് ബിജെപിയുടെ രണ്ടാമത്തെ വിജയമാണ്. ഒരു തവണ ജനത പാര്‍ട്ടിയും ജയിച്ചിട്ടുണ്ട്. ബാക്കി എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ ജയിച്ചത് കോണ്‍ഗ്രസ് തന്നെ.

അമേഠിയില്‍ തോല്‍പ്പിച്ച് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രിനും വലിയ നാണക്കേടുണ്ടാക്കിയാണ് സ്മൃതി ഇറാനിയുടെ പ്രതികാരം. അതേസമയം വ്യക്തിപരമായ നേട്ടത്തിന്റേയും ഉയര്‍ച്ചയുടേയും വിലയിരുത്തല്‍ മാറ്റിവച്ച് ഭരണാധികാരി എന്ന നിലയില്‍ നോക്കുമ്പോള്‍ അത്ര നല്ല ട്രാക്ക് റെക്കോഡ് അല്ല സ്മൃതി ഇറാനിക്കുള്ളത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ നടത്തിപ്പുകാരിയാണ് സ്മൃതി ഇറാനി എന്ന് ആരോപിക്കപ്പെട്ടു.

ടെക്‌സ്റ്റൈല്‍സ് വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പും കൈകാര്യം ചെയ്യുമ്പോളും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിനെ സഹായിക്കുന്നതിനായി സ്മൃതി ഇറാനി നടത്തിയ ഇടപെടല്‍ ദൂരദര്‍ശനുമായുള്ള കരാര്‍ ലംഘനത്തിന് നല്‍കേണ്ടിയിരുന്ന 1.05 കോടി രൂപ ഒഴിവാക്കിയതായി ആരോപണമുയര്‍ന്നു. ദൂരദര്‍ശന്‍ കമ്മീഷന്‍ ചെയ്തിരുന്ന ടിവി ഷോകള്‍ നിര്‍ത്തിവച്ചതിലൂടെ ചാനലിന് 63.35 കോടി രൂപയുടെ വരുമാനം നഷ്ടമാക്കി. ടിആര്‍പി റേറ്റിംഗ് ഉയര്‍ത്താനുള്ള ദൂരദര്‍ശന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായിരുന്നു. ഏതായാലും തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച സ്മൃതി ഇറാനിക്ക് നരേന്ദ്ര മോദി പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെ കരുതി വച്ചിട്ടുണ്ടാകാനാണ് സാധ്യത. ടീം മോദി ഒന്നിലെ സ്മൃതി ഇറാനി ആയിരിക്കില്ല മോദി 2-വിലെ സ്മൃതി ഇറാനി.

ALSO READ: ‘എന്റെ സഹോദരന്‍ ഒറ്റയ്ക്കു പൊരുതിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?’ പ്രവര്‍ത്തക സമിതിയില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍