UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാടകഗര്‍ഭധാരണം ഇനി വാണീജ്യാടിസ്ഥാനത്തില്‍ പറ്റില്ല; കര്‍ശന വ്യവസ്ഥകളുമായി ബില്‍

Avatar

അഴിമുഖം പ്രതിനിധി

പണത്തിനു വേണ്ടി നടത്തുന്ന വാടക ഗര്‍ഭധാരണം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നു. ഈ പേരില്‍ പാവപ്പെട്ടവര്‍ക്കു നേരെ നടക്കുന്ന ചൂഷണത്തിനു തടയിടുന്നതിന്റെ ഭാഗമായി അവിവാഹിതകളായ സ്ത്രീകള്‍ വാടക അമ്മമാരാകുന്നതും നിര്‍ത്തലാക്കും. ഇത് സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി.

പുതിയ ബില്ലിനെ കുറിച്ചു വിശദീകരിക്കവേ, വാടക ഗര്‍ഭത്തിലൂടെയുള്ള (surrogacy) കുഞ്ഞിനെ സ്വീകരിക്കാന്‍ ഇനി മുതല്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കേ സാധിക്കൂ എന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കായി ഈ പ്രക്രിയയിലേയ്ക്ക് തിരിയുന്ന ‘സെലിബ്രിറ്റി സംസ്‌കാര’ത്തെയും അവര്‍ വിമര്‍ശിച്ചു.

‘ഇന്നു വാടക ഗര്‍ഭത്തിലൂടെ കുട്ടിയുണ്ടാകുന്നത് ആവശ്യമെന്നതിലുപരി ഒരു ഫാഷനും ഹോബിയുമൊക്കെയായിരിക്കുകയാണ്. ഈ ബില്‍ അതനുവദിക്കില്ല,’ ബില്ലിനെ കുറിച്ചു പഠിക്കുന്ന മന്ത്രിമാരുടെ അനൗദ്യോഗിക സമിതിയെ നയിക്കുന്ന സുഷമ സ്വരാജ് പറഞ്ഞു.

പരോപകാരത്തിനായുള്ള വാടക ഗര്‍ഭധാരണങ്ങളേ ഇനി അനുവദിക്കൂ. ദമ്പതികള്‍ക്ക് ആശുപത്രി ചെലവുകള്‍ വഹിക്കാമെന്നല്ലാതെ ഗര്‍ഭപാത്രത്തിന്റെ ഉടമയ്ക്ക് പണം നല്‍കാനാവില്ല. ഇതുതന്നെ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും. വാണിജ്യാടിസ്ഥാനത്തില്‍ നടക്കുന്ന ഇടപാടുകളില്‍ അമ്മമാര്‍ക്ക് മുന്‍കൂറായി പണം നല്‍കാറാണ് പതിവ്; ഗര്‍ഭകാലത്തിനിടെ നിശ്ചിത തുക വേറെയും കൊടുക്കും.

സ്വവര്‍ഗ പങ്കാളികള്‍ക്കും ലിവ് – ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സിംഗിള്‍ പാരന്റിനും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവില്ല. ‘സ്വവര്‍ഗ പങ്കാളികളെ ഈ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കുന്നത് പരിഷ്‌കാരമാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം; എന്നാല്‍ അതു നമ്മുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല,’ എന്നും മന്ത്രി പറഞ്ഞു.

ലിവ് – ഇന്‍ ബന്ധങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥിതിക്ക് അവിവാഹിതരായ സ്ത്രീകളെ വാടക ഗര്‍ഭധാരണത്തിന് അനുവദിക്കില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ‘അടുത്ത ബന്ധുക്കളുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുമ്പോള്‍ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല’ – അവര്‍ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷക്കാലത്ത് ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം വന്‍തോതില്‍ നടക്കുന്നുണ്ട്. സ്വന്തം കുഞ്ഞു വേണമെന്നാശിക്കുന്ന വിദേശീയരായ ദമ്പതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ഇന്ത്യ, തായ്‌ലാന്‍ഡ് മുതലായ രാജ്യങ്ങളിലേക്ക് കൂട്ടമായി എത്തുന്നു.

ഓസ്‌ട്രേലിയ, യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, ന്യൂസിലാന്‍ഡ്, ജപ്പാന്‍ തുടങ്ങിയ പല വികസിത രാജ്യങ്ങളിലും പണത്തിനു വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഒരു രജിസ്‌ട്രേഷനുമില്ലാതെ 2,000-ത്തിലധികം സറോഗസി ക്ലിനിക്കുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. ‘സ്ത്രീകളെ ഈ പേരില്‍ ചൂഷണം ചെയ്യുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ ബില്‍ മൂലമുണ്ടാകും.’

പ്രസ്സ് കോണ്‍ഫറന്‍സിലുടനീളം മന്ത്രി സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ചു. 2013-ല്‍ തന്റെ മൂന്നാമത്തെ കുഞ്ഞിനെ വാടക ഗര്‍ഭധാരണത്തിലൂടെ സ്വന്തമാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച ഷാരൂഖ് ഖാനെയും അവര്‍ പേരെടുത്തു പറയാതെ കുറ്റപ്പെടുത്തി. ആമിര്‍ ഖാന്‍, തുഷാര്‍ കപൂര്‍ തുടങ്ങിയവരും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയവരാണ്.

സ്വന്തം കുഞ്ഞു വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന വിദേശീയരുള്‍പ്പെടുന്ന ദമ്പതികളും ഉക്രെയ്ന്‍, ജോര്‍ജിയ മുതലായ രാജ്യങ്ങളിലേയ്ക്ക് ബിസിനസ്സ് പോകുന്നു എന്നാശങ്കപ്പെടുന്ന വന്ധ്യതാ ചികിത്സകരായ വിദഗ്ദ്ധരും പ്രതീക്ഷിച്ച പോലെ തന്നെ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. കൊമേഴ്‌സ്യല്‍ രീതിയിലുള്ള വാടക ഗര്‍ഭധാരണം നിയമവിധേയമായിട്ടുള്ള രാജ്യങ്ങളാണ് ഉക്രെയ്‌നും ജോര്‍ജിയയും. എന്നാല്‍ ഇവിടെ ഈ മേഖലയില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരുന്നതായി സ്വതന്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ ഇതുവരെ വാടക ഗര്‍ഭധാരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങളില്ലായിരുന്നു. ബില്ലിന് പല രൂപങ്ങളും ഇതിനിടയില്‍ ഉണ്ടായി. അവസാനം സര്‍ക്കാര്‍ ഇതിനെ 2016-ലെ Assisted Reproductive Technologies (Regulation) ബില്ലില്‍ നിന്നു വേര്‍പെടുത്തി.

‘സറോഗസിയുടെ ദുരുപയോഗം തടയേണ്ടിയിരിക്കുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനും മറ്റ് ART പ്രക്രിയകള്‍ക്കും വേണ്ടിയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ 2005-ലെ ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് (for accreditation, supervision and regulation of ART clinics) നിയമപരമായ കെട്ടുപാടുകളില്ല; അതുകൊണ്ട് അന്യായമായി പലതും നടന്നു പോരുന്നു,’ സ്ത്രീകളുടെ ആരോഗ്യം, പൊതു ആരോഗ്യരംഗത്തെ നിയന്ത്രണങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സമ റിസോഴ്‌സസ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ എന്‍ബി സരോജിനി പറഞ്ഞു.

വാടകയ്ക്ക് ഗര്‍ഭപാത്രം
കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാതെ അഞ്ചു കോടിയോളം ദമ്പതികള്‍ ലോകത്തുണ്ട്. അവരില്‍ പലരും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാന്‍ ഇന്ത്യയിലോ തായ്‌ലാന്‍ഡിലോ എത്തുന്നു. കഴിഞ്ഞ ദശകത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഈ മാര്‍ഗ്ഗം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ഈ രണ്ടു രാജ്യങ്ങളിലാണ്.

ഇതുപോലെയുള്ള ആയിരക്കണക്കിന് ഭാര്യാഭര്‍ത്താക്കന്മാര്‍ പാവപ്പെട്ട ഏതെങ്കിലും സ്ത്രീക്ക് പണം നല്‍കി ഒന്‍പതു മാസത്തേക്കു ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ആരോഗ്യമുള്ള ഒരു കുഞ്ഞുമായി തിരികെ പോകുന്നു. ആഗോള, ദേശീയ, പ്രാദേശിക കണക്കുകളും പ്രവണതകളും അറിഞ്ഞാലേ വന്ധ്യതാ ചികില്‍സാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാകൂ.

2014-ല്‍ തായ്‌ലാന്‍ഡില്‍ സറോഗസിയിലൂടെ ഉണ്ടായ ഇരട്ടക്കുട്ടികളിലൊന്നിനെ ഡൗണ്‍സിന്‍ഡ്രോം ഉണ്ടെന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചപ്പോഴാണ് ഈ വ്യവസായത്തിന്റെ അങ്ങേയറ്റം മോശമായ വശങ്ങള്‍ പുറത്തു വരുന്നത്. ഇതേത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ പണത്തിന്‍മേല്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നത് അവിടെ നിരോധിക്കപ്പെട്ടു.

ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുള്ള മറ്റൊരു ഭാര്യയും ഭര്‍ത്താവും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുണ്ടായപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞിനെയാണാവശ്യം എന്നു പറഞ്ഞ് അതിലൊരു ആണ്‍കുട്ടിയെ ഡല്‍ഹിയില്‍ ഉപേക്ഷിച്ചു പോയ സംഭവം നടന്നപ്പോള്‍ തന്നെ ഇന്ത്യ ഈ നിരോധനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയതാണ്.

പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ഇപ്രകാരമുണ്ടാകുന്ന കുഞ്ഞിനെ ഉപേക്ഷിക്കുന്ന അച്ഛനമ്മമാര്‍ക്ക് 10 വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കൂടാതെ, ഗര്‍ഭം ധരിക്കുന്ന അമ്മയുടെയോ കുഞ്ഞിന്റെയോ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നുംതന്നെ ഡോക്ടര്‍ ചെയ്യാന്‍ പാടില്ല. ‘പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ കാര്യങ്ങളില്‍ സുതാര്യതയുണ്ടാകും. മാത്രമല്ല, കൃത്യമായി ചട്ടങ്ങള്‍ പാലിക്കാത്ത ക്ലിനിക്കുകളേയും നിയമലംഘനം നടത്തുന്ന അച്ഛനമ്മമാരെയും നിയന്ത്രിക്കാനാകും,’ നര്‍ച്ചര്‍ ക്ലിനിക്കിലെ fertiltiy & IVF വിദഗ്ദ്ധയായ ഡോ. അര്‍ച്ചന ധവാന്‍ ബജാജ് പറഞ്ഞു.

സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം
ചികിത്സാ ചെലവും ഇന്‍ഷ്വറന്‍സുമൊഴികെയുള്ള മറ്റു പണമിടപാടുകള്‍ ഇല്ലാതെ, ഏതെങ്കിലും സഹായ വാഗ്ദാനമോ ബലപ്രയോഗമോ ഇല്ലാതെ മറ്റുള്ളവര്‍ക്കായി ഗര്‍ഭധാരണം നടത്താന്‍ സ്ത്രീകളെ ഈ ബില്‍ അനുവദിക്കുന്നു. പണത്തിനു വേണ്ടിയുള്ള ഗര്‍ഭധാരണം അനുവദനീയമല്ല.

‘ഇത് ദുരുപയോഗം ചെയ്യപ്പെടാവുന്ന ഒരു പഴുതാണ്; അതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള നിരീക്ഷണം വേണ്ടി വരും. സഹായമെന്ന നിലയില്‍ അവതരിപ്പിച്ച് രഹസ്യമായി പണം നല്‍കുന്ന അവസ്ഥയുണ്ടാകാം,’ സരോജിനി പറഞ്ഞു.

ഒരു സ്ത്രീ ജീവിതകാലത്ത് ഒരു പ്രാവശ്യം മാത്രമേ ഇപ്രകാരം ഗര്‍ഭം ധരിക്കാന്‍ പാടുകയുള്ളൂ എന്ന്‍ ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘അത് വളരെ നല്ലൊരു കാര്യമാണ്. ഇത്തരത്തില്‍ ഗര്‍ഭധാരണം നടത്തുന്ന മിക്ക സ്ത്രീകള്‍ക്കും സ്വന്തമായി കുട്ടികളുണ്ടാകും. തുടര്‍ച്ചയായുള്ള ഗര്‍ഭം അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു,’ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് മാത്രം സറോഗസി ലഭ്യമാക്കുന്ന ഡല്‍ഹിയിലെ ഗൗഡിയം IVF സെന്ററിലെ ഡോ. മണിക ഖന്ന അഭിപ്രായപ്പെട്ടു.

ബില്ലില്‍ അതൃപ്തിയുള്ളവരില്‍ ഒരാളാണ് അമൃത സിംഗ്. രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ 2012ല്‍, തന്റെ ആദ്യത്തെ കുട്ടിയുണ്ടായി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് വേണ്ടി ഒരു പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. ഈ വര്‍ഷം വീണ്ടും അങ്ങനെ ചെയ്യണമെന്ന് കരുതിയിരിക്കുകയായിരുന്നു. 2014-ലാണ് അവര്‍ക്ക് രണ്ടാമത്തെ കുഞ്ഞു ജനിച്ചത്.

‘അന്നെനിക്ക് 70,000 രൂപയാണ് കിട്ടിയത്. അതുപയോഗിച്ച് ഞങ്ങള്‍ ഒരു പുതിയ ടെലിവിഷന്‍ വാങ്ങി, ഏതാണ്ട് പുത്തനായ ഒരു സ്‌കൂട്ടറും. എന്നിട്ടും പൈസ ബാക്കിയുണ്ടായിരുന്നു. എന്റെ രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സു കഴിഞ്ഞു. അവന്റെ ചേട്ടനെ പോലെ അവനെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാക്കാന്‍ ഞങ്ങള്‍ക്ക് പണം വേണം,’ 27-കാരിയായ ആ അമ്മ വിഷമത്തോടെ പറഞ്ഞു.

ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന അവരുടെ ഭര്‍ത്താവ് രമേഷ് സിംഗിന് (34) മാസം 10,000 രൂപയാണ് വരുമാനം.

‘അദ്ദേഹം ഒരു വര്‍ഷം കൊണ്ടുണ്ടാക്കുന്നതിനേക്കാള്‍ പൈസ ഞാന്‍ ഒന്‍പതു മാസം കൊണ്ട് നേടി. ഭര്‍ത്താവിനോടു പൈസ ചോദിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കു സാധിച്ചു,’ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരൈനയില്‍ താമസിക്കുന്ന അമൃത പറഞ്ഞു.

‘വിദേശികളുടെ വരവ് നിന്നതു കൊണ്ട് ഇനിയത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ ദീദി പറയുന്നു.’

ഇന്ത്യക്കാര്‍ക്ക് മാത്രം
വിവാഹിതരായ ശേഷം ചുരുങ്ങിയത് അഞ്ചു വര്‍ഷം കഴിഞ്ഞ, വന്ധ്യതയുള്ള ഇന്ത്യന്‍ ദമ്പതികള്‍ക്കു മാത്രമേ പുതിയ ബില്‍ പ്രകാരം മറ്റൊരാളുടെ ഗര്‍ഭപാത്രം കുഞ്ഞുണ്ടാകാന്‍ വേണ്ടി ഉപയോഗപ്പെടുത്താനാകൂ. ഒരു കുട്ടിയുള്ളവര്‍ക്ക് വീണ്ടും ഇപ്രകാരം കുഞ്ഞിനു വേണ്ടി ശ്രമിക്കാനാകില്ല.

‘ഞങ്ങള്‍ക്ക് നിരാശയുണ്ട്. സ്വന്തം കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനു തയ്യാറാകുന്ന സ്ത്രീയുടെ കാര്യങ്ങളെല്ലാം നോക്കാന്‍ തയ്യാറുമായിരുന്നു. നിയന്ത്രണങ്ങള്‍ നല്ലതാണ്. ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ തടയാന്‍ നിയമങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നിയമം അനുസരിക്കുന്നവരേയും ഇത് ബാധിക്കുന്നതു കഷ്ടമാണ്,’ തന്റെ മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥന പറയുന്നു.

അമേരിക്കന്‍ ടിവി സിറ്റ്‌കോമായ ഫ്രണ്ട്‌സ് വീണ്ടും കണ്ടപ്പോഴാണ് 32-കാരിയായ പ്രാര്‍ത്ഥനയ്ക്കും ഭര്‍ത്താവിനും ഈ ആശയം തോന്നിയത്. ഫ്രണ്ട്‌സില്‍ മോണിക്കയ്ക്കും ചാന്‍ഡ്‌ലറിനും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നത്.

ധാരാളം വിദേശീയരായ ആവശ്യക്കാര്‍ എത്തിയിരുന്ന ക്ലിനിക്കുകള്‍ ഇന്ത്യക്കാരല്ലാത്തവരെ ഇവിടെ സറോഗസിയില്‍ നിന്നു വിലക്കുന്നതില്‍ അതൃപ്തരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍