UPDATES

ട്രെന്‍ഡിങ്ങ്

തെരുവില്‍ “ഹലോ ചൈന, ബൈ ബൈ ഇന്ത്യ”; പൗരത്വ ബില്ലിലൂടെ മോദി സര്‍ക്കാര്‍ വിഘടനവാദം വളര്‍ത്തുന്നോ?

വിവാദമായ പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മിസോറാമില്‍ മിസോ സിര്‍ലായ് പോള്‍ (എംഇസഡ്പി), യങ് മിസോ അസോസിയേഷന്‍ (വൈഎംഎ) എന്നീ പ്രബല വിദ്യാര്‍ത്ഥി സംഘടനകള്‍ റിപ്പബ്ലിക് ദിന ആഘോഷം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ഐസ്‌വാളില്‍ 30,000ത്തിലധികം പേര്‍ പങ്കെടുത്തതായി അവകാശപ്പെടുന്ന പ്രതിഷേധ പരിപാടിയില്‍ പൗരത്വ ബില്ലിനെതിരെ പ്രമേയം ഇറക്കിയിരുന്നു. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റേയും കോലം കത്തിച്ചു. ഹലോ, ചൈന ബൈ ബൈ ഇന്ത്യ, തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. ഇതെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രകടനം. ചൈനയുമായി അതിര്‍ത്തിയൊന്നും പങ്കുവയ്ക്കാത്ത സംസ്ഥാനമാണ് മിസോറാം.

പൗരത്വ ഭേദഗതി ബില്‍ പാസാക്കരുത് എന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. മിസോറാമിലെ ജനങ്ങളെ സംബന്ധിച്ച് വളരെയധികം അപകടകരമായ ബില്ലാണിതെന്ന് എംഇസഡ്പി ജനറല്‍ സെക്രട്ടറി ലാല്‍ നുമാവിയ പോട്ടു ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മിസോറാം ജനതയുടെ ആവശ്യവും അഭ്യര്‍ത്ഥനകളും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ മിസോ യുവാക്കള്‍ക്ക് തോക്കെടുക്കുക മാത്രമാണ് വഴി. ഹലോ ചൈന മുദ്രാവാക്യത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നത് ഇന്ത്യ ഗവണ്‍മെന്റിന് കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്നാണ് എന്ന് വൈ എം എ നേതാവ് ലാല്‍ മച്ചുവാന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറുന്ന ചക്മ സമുദായക്കാര്‍ മിസോറാമില്‍ കൂട്ടത്തോടെ വന്ന് താമസിക്കും എന്നാണ് ഈ സംഘടനകളുടെ ആശങ്ക.

പൗരത്വ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് നേതാവുമായ സൊറാം താംഗ മുന്നറിയിപ്പ് നല്‍കി. അസമില്‍ ബിജെപി സഖ്യക്ഷിയായിരുന്ന അസം ഗണ പരിഷദ് പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടിരുന്നു. അവര്‍ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ്. ബിജെപി സംസ്ഥാന ഘടകത്തില്‍ തന്നെ പൗരത്വ ബില്ലിനെതിരെ വികാരമുയര്‍ന്നിട്ടുണ്ട്.

ബംഗ്‌ളാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് പൗരത്വ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ല. 2014 ഡിസംബര്‍ 31ന് മുമ്പ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കും. ജനുവരി എട്ടിനാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യര മന്ത്രിയേയും കണ്ട് ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നതായും മിസോറാം മുഖ്യമന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍