UPDATES

ട്രെന്‍ഡിങ്ങ്

സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം: റോമില ഥാപ്പറും പ്രഭാത് പട്നായികും അടക്കമുള്ളവര്‍ സുപ്രീംകോടതിയിലേക്ക്

ചരിത്രകാരി റോമില ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും അടക്കമുള്ള അഞ്ച് പേര്‍ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ഇന്നലെ മഹാരാഷ്ട്ര പൊലീസ് സാമൂഹ്യപ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ചരിത്രകാരി റോമില ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികും അടക്കമുള്ള അഞ്ച് പേര്‍ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഇന്ന് 3.45ന് ശേഷം ഇവരുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് പരിഗണിക്കും.

ഹൈദരാബാദില്‍ നിന്ന് വരാവര റാവു, മുംബൈയില്‍ നിന്ന് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, താനെയില്‍ നിന്ന് അരുണ്‍ ഫെരേര, റാഞ്ചിയില്‍ നിന്ന് സ്റ്റാന്‍ സ്വാമി എന്നിവരെയാണ ഇന്നലെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടേതടക്കം ഒമ്പത് ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഗോവയില്‍ പ്രമുഖ ദലിത് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ആനന്ദ് തെല്‍തുംദെ അടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. ഫരീദാബാദില്‍ സാമൂഹ്യപ്രവര്‍ത്തക സുധ ഭരദ്വാജിനെ വീട്ടുതടങ്കലിലാക്കി. ഭീമ കോറിഗാവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷദിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപിച്ച് നേരത്തെ പൂനെ പൊലീസ് കേസും എടുത്തിരുന്നു. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബയ്, റാഞ്ചി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തിലും ഗൂഢാലോചനയിലും ഇവര്‍ പങ്കാളികളാണെന്ന് പൊലീസ് ആരോപിക്കുന്നു. എല്‍ഗാര്‍ പരിഷദിലെ പ്രസംഗങ്ങളാണ് ഭീമ കോറിഗാവിലും മുംബൈയിലും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയത് എന്നാണ് പൊലീസിന്റെ ആരോപണം.

ഷോമ സെന്‍, റോണ വില്‍സണ്‍, സുധീര്‍ ധാവളെ, അന്താച്ചി ചല്‍വാള്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവത്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് സംഘടനകള്‍ക്ക് വേണ്ടി പണം സമാഹരിച്ചു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവര്‍ യുഎപിഎ ചുമത്തപ്പെട്ട് പൂനെയിലെ യാര്‍വാദ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവര്‍ക്കെതിരെ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടുതടങ്കലിലാക്കിയിരിക്കുന്ന ഗൗതം നവ്‌ലാഖ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ നിയമവിരുദ്ധമായി തടവില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് നവ്‌ലാഖ ഹൈക്കോടതിയെ സമീപിച്ചത്. പൂനെ പൊലീസിന് യാതൊരു പ്രാദേശിക സാക്ഷികളുമില്ലാതെ എങ്ങനെയാണ് ഡല്‍ഹി കോടതിയില്‍ നിന്ന് ട്രാസിറ്റ് റിമാന്‍ഡ് കിട്ടിയതെന്ന് ജസ്റ്റിസുമാരായ എസ് മുരളീധറും വിനയ് ഗോയലും ചോദിച്ചിരുന്നു. പൊലീസ് രേഖകളുടെ പരിഭാഷയും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ മൊഴി മാറ്റിയ പകര്‍പ്പുകള്‍ ഹാജരാക്കുമെന്ന് മഹാരാഷ്ട്ര പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം പൊലീസ് നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി പിന്നെയും സംശയങ്ങള്‍ പ്രകടിപ്പിച്ചു. അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ നവ്‌ലാഖയെ പൊലീസ് സാകേത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഓഗസ്റ്റ് 30ന് മുമ്പ് പൂനെ കോടതിയില്‍ നവ്‌ലാഖയെ ഹാജരാക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തയാളെ ഇത്ര പെട്ടെന്ന് കോടതിയില്‍ ഹാജരാക്കിയതിലും ട്രാന്‍സിറ്റ് റിമാന്‍ഡ് നേടിയതിലും ആശ്ചര്യം പ്രകടിപ്പിച്ച കോടതി, മറാത്തിയില്‍ തയ്യാറാക്കിയ എഫ്‌ഐആര്‍ എങ്ങനെയാണ് ജഡ്ജിയെ വായിച്ച് കേള്‍പ്പിച്ചതെന്നും ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ ദലിതര്‍ക്കെതിരെ അക്രമം നടത്താന്‍ മറാത്ത വിഭാഗക്കാരെ പ്രേരിപ്പിച്ചതായും ഭീമ കോറിഗാവ് സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചതായും വ്യക്തമായി വിവരമുണ്ടായിട്ടും പൊലീസ് ഭിഡെയെ അറസ്റ്റ് ചെയ്തില്ല. ഭീമ കോറിഗാവില്‍ ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഭാഗാമായിരുന്ന ദലിതുകള്‍ മറാത്ത സവര്‍ണര്‍ക്കെതിരെ നേടിയ യുദ്ധവിജയത്തിന്‍റെ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് സംഘപരിവാറുമായി ബന്ധപ്പെട്ട മറാത്ത സമുദായക്കാര്‍ ദലിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്.

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍