UPDATES

ട്രെന്‍ഡിങ്ങ്

ഗോരഖ്പൂര്‍ ദുരന്തം: പൊതുജനാരാഗ്യകേന്ദ്രങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുളള ഗൂഡതന്ത്രമോ? 

ഒരു സംസ്ഥാനത്ത് സംഭവിച്ച ദുരന്തം എന്നതിനപ്പുറം രാജ്യത്തെ മുഴുവന്‍ പൊതുജനാരോഗ്യമേഖലയ്ക്കുമുള്ള ഒരു മുന്നറിയിപ്പായി കൂടി ഗൊരഖ്പൂരിനെ കാണേണ്ടിയിരിക്കുന്നു

ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മരണം തുടരുകയാണ്. ഇന്ന് ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഓഗസ്റ്റ് ഏഴിന് ശേഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം എഴുപതായി. ദുരന്തം ദേശീയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമ്പോഴും മരണങ്ങള്‍ തുടരുന്നത് വിവിധ സര്‍ക്കാരുകളുടെയും രാജ്യത്ത് നിലനില്‍ക്കുന്ന ആരോഗ്യപരിപാലന രീതികളുടെയും പരാജയമായി വിലയിരുത്തപ്പെടുന്നു.

തുടരുന്ന മരണങ്ങള്‍ക്കിടയിലും സ്വന്തം ഭാഗം ന്യായീകരിച്ച് രക്ഷപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഗൊരഖ്പൂര്‍ മണ്ഡലത്തെ കഴിഞ്ഞ ഇരുപത് വര്‍ഷം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പറഞ്ഞത് കുട്ടികളുടെ മരണം ഓക്‌സിജന്റെ ലഭ്യത കുറവ് മൂലമല്ലെന്നും മസ്തിഷ്‌കജ്വരം മൂലമാണെന്നുമാണ്. എന്നാല്‍ ഇത് പറയാനുള്ള എന്ത് യോഗ്യതയാണ് അദ്ദേഹത്തിനും സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിംഗിനുമുള്ളതെന്ന ചോദ്യം ഇന്നലെ തന്നെ ദേശീയ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ച് അന്വേഷണമൊന്നും നടത്താതെയാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനം നടത്തിയതെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന.

ദുരന്തത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണം നടത്തുമെന്ന് ഇന്ന് അദ്ദേഹം പറഞ്ഞു. ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആദിത്യനാഥ് ഇന്ന് ആശുപത്രി സന്ദര്‍ശിക്കുന്നുണ്ട്. ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് ഇന്ന് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഓക്‌സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച സിംഗ് താന്‍ രാജിവെക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഇന്നലെ ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അത്യന്തം നിഷേധാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കണക്കുകള്‍ നിരത്തി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ ദുഃഖത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.

ഇതിനിടെ മരിച്ച കുട്ടികളില്‍ മുപ്പത് പേരും ഓക്‌സിജന്റെ അഭാവം മൂലമാണ് മരണമടഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുകയാണ്. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഓക്‌സിജന്‍ വിതരണം ചെയ്യുന്നവര്‍ക്ക് കുടിശ്ശിക വന്നതാണ് ദുരന്തത്തിന് അടിസ്ഥാന കാരണം എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നിലനിന്നിരുന്നുവെന്ന് തന്നെയാണ് ഇന്നലെ സസ്പന്റ് ചെയ്യപ്പെട്ടതിന്റെ പേരില്‍ സ്ഥാനം രാജിവെച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. രാജീവ് മിശ്രയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അറുപത്തിയെട്ട് ലക്ഷം രൂപയാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്.

ആശുപത്രിയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ പറ്റി ജൂലൈ മൂന്നിനും ജൂലൈ 19നും ഓഗസ്റ്റ് ഒന്നിനും സംസ്ഥാന ആരോഗ്യവകുപ്പിന് കത്തുകള്‍ അയച്ചതായി അദ്ദേഹം പറയുന്നു. വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ നടന്ന ചര്‍ച്ചകളിലും ഈ വിഷയം ഉന്നയിച്ചിരുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ഈ ആവശ്യം അനുവദിക്കുന്നതില്‍ ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്നുതന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് കത്തുകള്‍ക്കൊടുവില്‍ ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിക്ക് സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇതുമൂലം ഓഗസ്റ്റ് 11ന് മാത്രമാണ് കമ്പനിയുടെ കുടിശ്ശിക തീര്‍ക്കാന്‍ സാധിച്ചതെന്നും ഡോ. മിശ്ര പറയുന്നു.


മരണകാരണങ്ങളെ കുറിച്ച് ആരോപണ പ്രത്യാരോപണങ്ങളും പരസ്പരമുള്ള പഴിചാരലുകളും പുരോഗമിക്കവെ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളെ പോലും അവഹേളിക്കുകയാണെന്ന് ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ വിട്ടുനല്‍കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ല എന്ന തൊടുന്യായമാണ് അവര്‍ നിരത്തുന്നത്. ഇത്രയും ഞെട്ടിക്കുന്ന ദുരന്തം നടന്നിട്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ചിലരൊക്കെ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ജീപ്പുകളിലുമായി തങ്ങളുടെ പ്രിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുചിലര്‍ക്ക് കാല്‍നട മാത്രമായിരുന്നു ശരണം.

ഏതായാലും ഏറെ വിവാദങ്ങള്‍ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഢ ഇന്ന് ബിആര്‍ഡി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ട്. നേരത്തെ കേന്ദ്ര ആരോഗ്യ സഹമന്ത്രിയെ അയയ്ക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനം മാറിയിരിക്കുന്നത്. എല്ലാ തലത്തിലും വലിയ അലംഭാവമാണ് ദുരന്തത്തിന് ശേഷവും നടന്നുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചെറിയ ദുരന്തങ്ങളെ കുറിച്ച് പോലും ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും സംസ്ഥാനവുമായി പ്രധാനമന്ത്രി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ ഇറക്കിയ ഒരു പ്രസ്താവന മാത്രമായിരുന്നു രാജ്യം കണ്ട വലിയ ശിശുഹത്യകളില്‍ ഒന്നിനെ കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രതികരണം. തനിക്ക് പ്രധാന്യമുള്ളതും ഇല്ലാത്തതുമായ വിഷയങ്ങളെ കുറിച്ച് താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വ്യക്തമായ സൂചന നല്‍കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ എന്ന് നേരത്തെ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. അതായത് ഈ ദുരന്തത്തെ അത്ര വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നാണ് ഇതുവഴി അദ്ദേഹം നല്‍കുന്ന സന്ദേശമെന്ന് വായിച്ചെടുക്കേണ്ടി വരും.

യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ എംപിയായിരുന്നപ്പോള്‍ ‘മാതൃക ആശുപത്രി’ ആയി പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ദുരന്തം നടന്ന ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജ്. അവിടെ ഉണ്ടായിരിക്കുന്ന സര്‍ക്കാരിന്റെ അക്ഷന്തവ്യമായ അലംഭാവം നമ്മുടെ പൊജനാരോഗ്യരംഗത്തെ കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ പട്ടിണിപ്പാവങ്ങളും അടിസ്ഥാന വര്‍ഗ്ഗങ്ങളും മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നതെന്നിരിക്കെ അവരുടെ ജീവന് എന്ത് വിലയാണ് വിവിധ സര്‍ക്കാര്‍ നല്‍കുന്നതെന്ന ചോദ്യം ഗൊരഖ്പൂര്‍ ദുരന്തം ഉയര്‍ത്തുന്നുണ്ട്. പൊതുജനാരോഗ്യ രംഗത്ത് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മുരുകന്റെ ദുരന്തം ഉള്‍പ്പെടെ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഇതോടൊപ്പം മറ്റൊരു നിരീക്ഷണവും ശ്രദ്ധേയമാണ്. ഇന്ത്യയിലെ മിക്ക പൊതുമേഖലകളും സ്വകാര്യവല്‍ക്കരിച്ചത് കെടുകാര്യസ്ഥതയുടെ പേരിലാണ്. ഇതില്‍ പലതും മനഃപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്ന അരോപണം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വകാര്യമേഖലയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നമ്മുടെ പല പൊതുമേഖകളുടെയും മോശം പ്രകടനത്തിന് കാരണമെന്ന വാദം പൊതുവില്‍ ശക്തമാണ്. ആരോഗ്യമേഖലയിലും ഇതേ തന്ത്രമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ‘വെടക്കാക്കി തനിക്കുക’ എന്ന തന്ത്രമാണ് രാജ്യത്തെമ്പാടും ഈ മേഖലയിലും പ്രയോഗിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

കിഴക്കന്‍ യുപിയിലും ബിഹാറിലെ ചില പ്രദേശങ്ങളിലും 1978 മുതല്‍ കണ്ടുവരുന്ന മസ്തിഷ്‌ക ജ്വരം അഥവാ ജപ്പാന്‍ ജ്വരം എന്ന് വിളിക്കുന്ന രോഗം നിയന്ത്രിക്കുന്നതില്‍ നമ്മുടെ പൊതുജനാരോഗ്യ മേഖല സ്വീകരിച്ച സമീപനം ഈ വാദത്തിന് ശക്തമായ അടിത്തറയായി മാറുന്നുണ്ട്. ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 50,000 കുഞ്ഞുങ്ങളാണ് ഈ മേഖലയില്‍ ജപ്പാന്‍ ജ്വരം മൂലം മരിച്ചത്. 2013ന് ശേഷം മാത്രം 3000 കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ദളിതരും മുസ്ലീങ്ങളും കൂടുതലായി അധിവസിക്കുന്ന ഈ മേഖലയില്‍ പടരുന്ന രോഗം നിയന്ത്രിക്കുന്നതിന് ഇതിനകം കേന്ദ്ര സര്‍ക്കാര്‍ മാത്രം 4000 കോടി രൂപ ചിലവിട്ടുവെന്നാണ് ഏകദേശ കണക്ക്.

എന്നാല്‍ വര്‍ഷാവര്‍ഷം മരണം വര്‍ദ്ധിക്കുന്നതല്ലാതെ നിയന്ത്രിക്കപ്പെടുന്നില്ല. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഗോരഖ്പൂരിലെ പൊതുമേഖല ആശുപത്രിയിലെ ദുരന്തം സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഒരു സംസ്ഥാനത്ത് സംഭവിച്ച ദുരന്തം എന്നതിനപ്പുറം രാജ്യത്തെ മുഴുവന്‍ പൊതുജനാരോഗ്യമേഖലയ്ക്കുമുള്ള ഒരു മുന്നറിയിപ്പായി കൂടി ഗൊരഖ്പൂരിനെ കാണേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍