UPDATES

വിപണി/സാമ്പത്തികം

പൊതുമേഖല ബാങ്കുകള്‍ ആറ് മാസത്തില്‍ എഴുതിത്തള്ളിയത് 55,356 കോടിയുടെ വായ്പാകടം

എല്ലാ സാമ്പത്തിക പാദത്തിലും വര്‍ഷത്തിലും ഇത്തരത്തില്‍ ബാലന്‍സ് ഷീറ്റ് ക്ലീനാക്കുന്ന പരിപാടി സ്വാഭാവികമല്ലെന്ന് വിമര്‍ശകര്‍ പറയുന്നു. വായ്പാകടം എഴുതിത്തള്ളുന്നത് വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

2017-18 സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസം കൊണ്ട് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 55,356 കോടി രൂപയുടെ വായ്പാ കടം. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വായ്പാകടം പെരുകിയിരുന്ന സാഹചര്യത്തില്‍ ബാലന്‍സ് ഷീറ്റ് ക്ലീനാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35,985 കോടി രൂപയാണ് എഴുതിത്തള്ളിയത്. വായ്പാകടങ്ങള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്നുള്ള നിരവധി കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ കോര്‍പ്പറേറ്റുകളുടെ വായ്പാകടമാണ് എടുത്തുപറയേണ്ടത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3,60,000 കോടി രൂപയ്ക്ക് മുകളിലുള്ള കടം ബാങ്കുകള്‍ എഴുതിത്തള്ളി. 2017-18 സാമ്പത്തിക വര്‍ഷത്തെ മൊത്തം കടം എഴുതിത്തള്ളല്‍ ഒരു ലക്ഷം കോടി വരുമെന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 25,573 കോടി രൂപയും ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 29,783 കോടി രൂപയും എഴുതിത്തള്ളി. രണ്ടാം പാദത്തിലേത് ഏറ്റവും കൂടിയതാണെന്ന് ഐസിആര്‍എ പറയുന്നു. 2007-2008 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 8019 കോടി രൂപയുടെ കടമായിരുന്നു.

ബാലന്‍സ് ഷീറ്റ് ക്ലീനാക്കാന്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന സാധാരണ നടപടിക്രമമാണ് ബാഡ് ലോണ്‍ എന്നും അറിയപ്പെടുന്ന നിഷ്‌ക്രിയ ആസ്തികള്‍ എഴുതിത്തള്ളുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വാദം. ഇത്തരം ആസ്തികള്‍ ബാങ്കുകള്‍ക്ക് നഷ്ടമൊന്നും വരുത്തുന്നില്ലെന്നും ആസ്തികള്‍ പിടിച്ചെടുക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്നുമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുന്‍ ചെയര്‍മാനും എംഡിയുമായ എം നരേന്ദ്ര പറയുന്നത്. അതേസമയം വലിയ തോതിലുള്ള ഈ വായ്പാ കടം എഴുതിത്തള്ളല്‍ നടപടി ഒട്ടും സുതാര്യമല്ലെന്നും പൊതുപണം ദുര്‍വിനിയോഗം ചെയ്യപ്പെടുകയാണെന്നുമുള്ള വിമര്‍ശനം ശക്തമാണ്.

എല്ലാ സാമ്പത്തിക പാദത്തിലും വര്‍ഷത്തിലും ഇത്തരത്തില്‍ ബാലന്‍സ് ഷീറ്റ് ക്ലീനാക്കുന്ന പരിപാടി സ്വാഭാവികമല്ലെന്ന് വിമര്‍ശകര്‍ പറയുന്നു. അഞ്ചോ പത്തോ വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മനസിലാക്കാമെന്ന് ഒരു ആര്‍ബിഐ മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഴുതിത്തള്ളുന്നത് ചെറിയ തുകയായിരിക്കണം. സാങ്കേതികമായ എഴുതിത്തള്ളലുകള്‍ ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ് സിസ്റ്റത്തെ തകര്‍ക്കുകയും തെറ്റായ പ്രവണതകള്‍ക്ക് കാരണമാവുകയും ചെയ്യും. വായ്പാകടം എഴുതിത്തള്ളുന്നത് വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. വിജയ്‌ മല്യയെ പോലുള്ളവരുടെ വായ്പാ കടങ്ങള്‍ എഴുതിത്തള്ളിയാല്‍ ആസ്തി എങ്ങനെ തിരിച്ചുപിടിക്കും എന്ന ചോദ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍