UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമ ആക്രമണം: ഡെറാഡൂണില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ വിഎച്ച്പിക്കാര്‍ മര്‍ദ്ദിച്ചു; വിവിധയിടങ്ങളില്‍ അക്രമം, ഭീഷണി

ആക്രമണത്തിന് ശേഷം രണ്ടാം ദിവസമായ ശനിയാഴ്ചയും ജമ്മുവില്‍ കര്‍ഫ്യൂ തുടരുകയാണ്. കാശ്മീരി ഭാഷ സംസാരിക്കുന്ന ജമ്മുവിലെ പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിന് പുറത്തുള്ള വിദ്യാര്‍ത്ഥികളും വ്യാപാരികളുമടക്കമുള്ളവര്‍ക്കെതിരെ വലിയ തോതില്‍ അക്രമം. പലയിടങ്ങളിലും വിഎച്ച്പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളാണ് അക്രമമഴിച്ചുവിട്ടത്. ഹരിയാനയിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ പോലുള്ള പ്രദേശങ്ങളിലും കാശ്മീരി വിദ്യാര്‍ത്ഥികളും വ്യാപാരികളും ഭീഷണികള്‍ നേരിടുകയാണെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെറാഡൂണിലെ കോളേജുകളില്‍ പഠിക്കുന്ന 12 കാശ്മീരി വിദ്യാര്‍ത്ഥികളെ ബജ്രംഗ് ദള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇക്കാര്യം ഇരു സംഘടനകളുടേയും നേതാക്കള്‍ നിഷേധിച്ചിട്ടില്ല. മറിച്ച് ന്യായീകരിക്കുകയാണ് ഉണ്ടായത്. ഒരു കാശ്മീരി മുസ്ലീമും ഇവിടെ പഠിക്കുകയോ താമസിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ബജ്രംഗ് ദള്‍ കണ്‍വീനര്‍ വികാസ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുല്‍വാമയിലെ പോലൊരു അക്രമം ഇനി ഉണ്ടാകാതിരിക്കാനായി കാശ്മീരി വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിട്ടത് എന്ന് വിഎച്ച്പിയുടെ ശ്യാം ശര്‍മ പറഞ്ഞു. നമസ്‌കാരത്തിന് ശേഷം മടങ്ങുമ്പോളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഉത്തരാഖണ്ഡിലെ വിവിധ കോളേജുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പല സ്ഥാപനങ്ങളോടും കാശ്മീരി വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കുന്നുണ്ട്. ശുഭാര്‍തി യൂണിവേഴ്‌സിറ്റിയിലെ കാശ്മീരി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ കല്ലേറ് നടത്തി. കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകള്‍ കാമ്പസിലേയ്ക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതായി ബിഎഫ്‌ഐടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് രജിസ്ട്രാര്‍ ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

പലയിടങ്ങളിലും കാശ്മീരി വിദ്യാര്‍ത്ഥികളോട് വീടൊഴിഞ്ഞു പോകാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. ഡെറാഡൂണില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥി തന്റെ ബന്ധുക്കളെ അറിയിച്ചത്, തന്നോടും മറ്റ് കാശ്മീരി വിദ്യര്‍ത്ഥികളോടും വീട് ഒഴിയണമെന്ന് ഉടമസ്ഥന്‍ ആവിശ്യപ്പെട്ടുവെന്നാണ്. കുപ് വാരയില്‍ നിന്നും ഷോപിയാനില്‍ നിന്നുമുള്ള കാശ്മീരി വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഹരിയാനയിലെ വിവിധയിടങ്ങളില്‍ അപമാനകരമായ കാര്യങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിരുന്നു.

ശ്രീനഗറിലെ പോലീസ് വക്താവ് വ്യക്തമാക്കിയത്, തങ്ങള്‍ ഡെറാഡൂണ്‍ പോലീസുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ്. അതുപ്രകാരം ‘കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയും അവര്‍ക്ക് വേണ്ട മറ്റുകാര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന് പുറത്തുള്ള കാശ്മീരി വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അത് പരിഹരിക്കാനായി പോലീസ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്’ എന്നാണ്.

ആക്രമണത്തിന് ശേഷം രണ്ടാം ദിവസമായ ശനിയാഴ്ചയും ജമ്മുവില്‍ കര്‍ഫ്യൂ തുടരുകയാണ്. കാശ്മീരി ഭാഷ സംസാരിക്കുന്ന ജമ്മുവിലെ പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ‘വെള്ളിയാഴ്ച പുലര്‍ച്ചെ ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ കല്ലേറുണ്ടായി. കര്‍ഫ്യൂ പരാജയമാണ്. കാശ്മീരികള്‍ താമസിക്കുന്ന ഇടങ്ങളില്‍ കല്ലേറ് നടത്തുന്ന ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസിന് കഴിഞ്ഞില്ല.’ എന്നാണ് ജാനിപൂര്‍ പ്രദേശത്ത് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാശ്മീരി സ്വദേശി പറയുന്നത്.

അക്രമികള്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്തേക്ക് കടന്നപ്പോള്‍ പോലീസ് ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ഗുലാം റസൂല്‍ മിര്‍ ആരോപിക്കുന്നത്. മതസൗഹാര്‍ദ്ദവും സാഹോദര്യവും നശിപ്പിക്കുന്ന നാണംകെട്ട കാര്യങ്ങളായിരുന്നു അവര്‍ നടത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.

40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിനെതിരായ പ്രതിഷേധപ്രകടനത്തില്‍ ഒരു പ്രത്യേക സമുദായത്തിലെ ആളുകളുടെ 50 ലധികം വാഹനങ്ങളാണ് വെള്ളിയാഴ്ച അഗ്‌നിക്കിരയാക്കിയത്. ജമ്മുവിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന് ആര്‍മിയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ആര്‍മിയുടെ വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.

ഗുജ്ജര്‍ നഗര്‍, ജാനിപൂര്‍, ഷഹീദി ചൗക്ക്, തലാബ് ഖട്ടിക്ക, സിദ്ര തുടങ്ങിയ സ്ഥങ്ങളിലും മറ്റ് പ്രശ്‌നബാധിത സ്ഥലങ്ങളിലും ആര്‍മിയുടെ പതിനെട്ട് നിര സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ഈ സ്ഥലങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തും. ഹെലികോപ്റ്ററുകളിലും ഡ്രോണുകളിലും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്നും ആര്‍മി വക്താവ് അറിയിച്ചു.

കശ്മിരീകള്‍ക്ക് ജമ്മുവിലും മറ്റ് സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ തനിക്ക് അത്യധികം വേദനയുണ്ടെന്നാണ് ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വാസ് ഉമര്‍ ഫാറൂഖ് പ്രതികരിച്ചത്. വിദ്യാര്‍ത്ഥികളെയും വ്യാപാരികളെയും ആക്രമിച്ചതില്‍ വിഘടനവാദി ഗ്രൂപ്പായ അമാല്‍ജം ജോയിന്റ് റെസിസ്റ്റന്‍സ് നേതൃത്വങ്ങളും അപലപിച്ചു. സമാധാനം പാലിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി തുടങ്ങിയവരും സിപിഎമ്മും ആവശ്യപ്പെട്ടു.

കാശ്മീര്‍ ട്രേയിഡേഴ്‌സ് ആന്‍ഡ് മാന്യുഫാക്‌ച്ചേഴ്‌സ് ഫോറം, കശ്മീര്‍ എക്കോണോമിക് അലയന്‍സ് തുടങ്ങിയ കശ്മീരിലെ ഒട്ടേറെ വ്യാപാര സംഘടനകള്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കടകള്‍ അടച്ച് സമരം ചെയ്യാനും ഇവര്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍