UPDATES

പുല്‍വാമ ആക്രമണം ജയ്ഷ് ഇ മുഹമ്മദിന്റെ തിരിച്ചുവരവ്; ജയ്ഷിനെ സംരക്ഷിക്കുന്നത് പാകിസ്താനോ ചൈനയോ?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സുരക്ഷാസേനകള്‍ക്ക് നേരെയുണ്ടായ മിക്കവാറും എല്ലാ ആക്രമണങ്ങളിലും ജയ്ഷ് ഇ മുഹമ്മദ് ഉണ്ട്.

പുല്‍വാമ ഭീകരാക്രമണം സമീപകാലത്ത് കേഡര്‍മാരുടെ എണ്ണത്തില്‍ വലിയ ശോഷണമുണ്ടായി നിര്‍ജ്ജീവമായി തുടങ്ങിയ ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദിന്റെ തിരിച്ചുവരവായാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നേതൃനിര അരഡസനിലേയ്ക്ക് ചുരുങ്ങിയ ജെഇഎം കാശ്മീരില്‍ വലിയ തോതിലുള്ള റിക്രൂട്ടിംഗ് പ്രവര്‍ത്തനം നടത്തിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പറയുന്നു.

സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേയ്ക്ക് സ്‌ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയ ചാവേര്‍ ആദില്‍ ദാര്‍ ഒരു വര്‍ഷം മുമ്പ് മാത്രം സംഘടനയിലെത്തിയ ആളാണ്. ഇത്തരത്തിലുള്ള കാശ്മീരി യുവാക്കളെയാണ് ജെഇഎം ലക്ഷ്യമിട്ടിരുന്നത്. 2016ല്‍ ഹിസ്ബുള്‍ പ്രവര്‍ത്തകനായിരുന്ന ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചത് ജെഇഎം റിക്രൂട്ട്‌മെന്റിന് സഹായകമായ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ട്. റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളില്‍ ഭൂരിഭാഗവും സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലുകളില്‍ വളരെ പെട്ടെന്ന് തന്നെ, കൊല്ലപ്പെടുന്നു. ഒരു ഭീകരപ്രവര്‍ത്തകന്റെ ശരാശരി ആയുസ് 10-12 വര്‍ഷം എന്നത് പഴയ കണക്കായി മാറിയിരിക്കുകയാണ്.

ലഷ്‌കര്‍ ഇ തയിബയുടേയും ഹിസ്ബുള്‍ മുജാഹിദീന്റേയും നിഴലിലാണ് ജയ്ഷ് ഇ മുഹമ്മദ് ഇതുവരെ പ്രവര്‍ത്തിച്ചുപോന്നത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സുരക്ഷാസേനകള്‍ക്ക് നേരെയുണ്ടായ മിക്കവാറും എല്ലാ ആക്രമണങ്ങളിലും ജെഇഎം ഉണ്ട്. പ്രാദേശികതലത്തിലെ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നൂറിനടുത്ത് പേരെ സംഘടനയിലെത്തിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പാകിസ്താനെ കുറ്റം പറയുന്നതിന് പകരെ ജയ്ഷ് ഇ മുഹമ്മദിനെ സംരക്ഷിക്കുന്നതില്‍ ചൈനയ്ക്കുള്ള പങ്കിനെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നു. ജെഇഎം തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വര്‍ഷങ്ങളായി ചൈന തടസം സൃഷ്ടിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന നിലപാട് മാറ്റിയിട്ടില്ല.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ ആണെന്ന് സൂചന. മസൂദ് അസ്ഹറിന്റെ സഹോദരന്‍ അത്തര്‍ ഇബ്രാഹിമിന്റെ മകനായ മുഹമ്മദ് ഉമൈര്‍ ആണ് ഇതിന് പിന്നിലെന്ന് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമൈര്‍ നിലവില്‍ പുല്‍വാമ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണ്. അഫ്ഗാനിസ്താനിലാണ് പരിശീലനം നേടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ത്രാലില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സഹോദരന്‍ ഉസ്മാന്‍ ഹൈദര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഉമൈര്‍ പുല്‍വാമയിലെത്തിയത്. പാക് അധീന കാശ്മീരിലെ മുസാഫറാബാദിലാണ് ബോംബ് നിര്‍മ്മിച്ചത് എന്ന് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍